Home » » വിപണിയറിഞ്ഞ്‌ കര്‍ഷകരെ സഹായിക്കുന്നതില്‍ കൃഷി വകുപ്പ്‌ പരാജയം അടക്കയുടെ റെക്കോര്‍ഡ്‌ വില കര്‍ഷകനെ തുണച്ചില്ല.

വിപണിയറിഞ്ഞ്‌ കര്‍ഷകരെ സഹായിക്കുന്നതില്‍ കൃഷി വകുപ്പ്‌ പരാജയം അടക്കയുടെ റെക്കോര്‍ഡ്‌ വില കര്‍ഷകനെ തുണച്ചില്ല.

Written By Unknown on Saturday 15 November 2014 | 01:30

മലപ്പുറം : തലതിരിഞ്ഞ കാര്‍ഷിക നയത്തിന്റെ അവസാന ഇരകളാകുകയാണ്‌ അടക്ക കര്‍ഷകര്‍. അടക്ക വില ചരിത്രപരമായ ഉന്നതിയില്‍ എത്തിയപ്പോള്‍ അതിന്റെ യാതൊരു നേട്ടവും സ്വന്തമാക്കാന്‍ സംസ്ഥാനത്ത്‌ ആകെയെന്ന പോലെ ജില്ലയിലെ കര്‍ഷകര്‍ക്കുമായില്ല.
ഈ അടുത്ത കാലംവരെ 50 മുതല്‍ 70 വരെയായിരുന്ന അടക്കയുടെ വില ഇപ്പോള്‍ 400 രൂപയും കടക്കുകയാണ്‌. കൊട്ടടക്കക്കും പഴുക്കക്കും കരിങ്ങക്കുമെല്ലാം വിപണിയില്‍ ആവശ്യം ഏറെയാണ്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആവശ്യം വര്‍ദ്ധിച്ചതിനനുസരിച്ച്‌ ഉത്‌പ്പാദനമില്ലാത്തതാണ്‌ വില വര്‍ദ്ധനവിന്‌ കാരണം. രണ്ട്‌ പതിറ്റാണ്ട്‌ മുന്‍പു വരെ നാടിന്റെ സമ്പത്ത്‌ വ്യവസ്ഥ നിയന്ത്രിക്കുന്ന പ്രധാനികളായിരുന്നു അടക്ക കര്‍ഷകര്‍. തോട്ടങ്ങള്‍ പാട്ടത്തിനെടുത്തും ഏക്കര്‍ കണക്കിന്‌ സ്ഥലത്ത്‌ കമുക്‌ കൃഷി ചെയ്‌തും അടക്ക ഉത്‌പാദിപ്പിച്ച്‌ അതുണക്കി കയറ്റി അയക്കുന്നത്‌ പതിവുകാഴ്‌ചയായിരുന്നു. ആ പ്രൗഢി നിലനിര്‍ത്താന്‍ വേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും ഭരണകൂടത്തില്‍ നിന്നും ഇല്ലാതായത്‌ കമുകിന്‍ തോട്ടങ്ങള്‍ വന്‍തോതില്‍ അപ്രത്യക്ഷമാക്കി.
അടക്കയുടെ വിപണന സാധ്യത മനസ്സിലാക്കി കൃഷി വ്യാപിപ്പിക്കാന്‍ വിജയകരമായ ഒരു പദ്ധതി പോലും കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാഷ്‌ട്രങ്ങള്‍ കുറഞ്ഞ വിലക്ക്‌ അടക്ക ഇറക്കുമതി ചെയ്‌തു തുടങ്ങിയതോടെ വിലയിടിവ്‌ വലിയ തോതിലായി. വിളവ്‌ വിറ്റാല്‍ കിട്ടുന്ന തുക കൃഷിക്ക്‌ ചെലവായതിന്റെ പകുതി പോലും എത്തില്ല എന്ന സ്ഥിതി വന്നതോടെ നിരവധി കര്‍ഷകരാണ്‌ കടക്കെണിയില്‍ അകപ്പെട്ടത്‌.

രോഗങ്ങളും കമുകിന്‍ തോട്ടങ്ങള്‍ക്ക്‌ നിലനില്‍പ്പ്‌ ഭീഷണി സൃഷ്‌ടിച്ചു. മഹാളി, മഞ്ഞളിപ്പ്‌ രോഗങ്ങള്‍ കര്‍ഷകരെ തളര്‍ത്തി. കുറഞ്ഞ വിലക്ക്‌ രാസ-ജൈവ രോഗ പ്രതിരോധ മിശ്രിതങ്ങള്‍ ഉണ്ടെങ്കിലും അത്‌ കമുകില്‍ തളിക്കുന്നതിനുള്ള ചെലവ്‌ അടക്കയുടെ തുച്ഛവിലക്കു മുന്നില്‍ കര്‍ഷകര്‍ക്കു താങ്ങാനാകാത്തതായിരുന്നു. യഥാസമയം വളം ചെയ്യാതെയും ജലസേചന മാര്‍ഗ്ഗമില്ലാതെയും വേനലില്‍ കമുകുകള്‍ കരിഞ്ഞുണങ്ങിയതോടെ മലയാളത്തിന്റെ ഉത്‌പാദന രംഗത്തെ നട്ടെല്ലായ അടക്ക കൃഷിയുടെ തകര്‍ച്ച സമ്പൂര്‍ണ്ണമായി.
അവശ്യഘട്ടങ്ങളിലൊന്നും സര്‍ക്കാര്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കാത്തതാണ്‌ അടക്ക കൃഷി തീര്‍ത്തും തകര്‍ത്തതെന്ന്‌ കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. രോഗബാധയുടെ സമയത്ത്‌ പ്രതിരോധം കാര്യക്ഷമമാക്കുന്നതിലും ഉത്‌പാദന വര്‍ധനവിന്‌ വളവും ജലസേചന സംവിധാനങ്ങളും ലഭ്യമാക്കുന്നതിലും കൃഷിവകുപ്പ്‌ പരാജയപ്പെട്ടു. വിളക്ക്‌ മികച്ച വില ലഭ്യമാക്കി കര്‍ഷകരെ രക്ഷിക്കാനും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ല. നഷ്‌ടക്കണക്ക്‌ പെരുകിയപ്പോള്‍ ഭൂരിഭാഗം കര്‍ഷകരും കമുക്‌ വെട്ടിമാറ്റി മണ്ണില്‍ പകരക്കാരനായി റബ്ബര്‍ നട്ടു. മറ്റൊരു വിഭാഗം കിട്ടിയ വിലക്ക്‌ തോട്ടം ഭൂമാഫിയകള്‍ക്ക്‌ വിറ്റ്‌ രംഗമൊഴിഞ്ഞു.
കമുകിനെ കൈവിട്ട്‌ റബ്ബറിനെ ശരണം പ്രാപിച്ചവരടക്കം അടക്കയുടെ പൊന്‍വില കേട്ട്‌ ഇപ്പോള്‍ അന്ധാളിക്കുകയാണ്‌. ഉത്‌പാദനം മുരടിച്ച അവശേഷിക്കുന്ന തോട്ടമുടമകള്‍ക്കും കര്‍ഷകര്‍ക്കും വിലക്കയറ്റത്തിന്റെ നേട്ടം കയ്യെത്തിപ്പിടിക്കാനാകുന്നില്ല.

സംസ്ഥാനത്തെ പ്രധാന അടക്ക മൊത്തചന്തകളായ ചങ്ങരംകുളം, ചാലിശ്ശേരി, കൊണ്ടോട്ടിക്കടുത്തെ കിഴിശ്ശേരി എന്നിവിടങ്ങളില്‍ ഇപ്പോള്‍ എത്തുന്നത്‌ പ്രതിദിനം നൂറുമുതല്‍ നൂറ്റു നാല്‌പത്‌ വരെ ചാക്ക്‌ കൊട്ടടക്ക മാത്രമാണ്‌. ഉത്തരേന്ത്യയിലെ പാന്‍ നിര്‍മ്മാണ കേന്ദ്രങ്ങളിലേക്കും പെയിന്റ്‌ നിര്‍മ്മാണ കേന്ദ്രങ്ങളിലേക്കും പെയിന്റ്‌ നിര്‍മ്മിക്കാനുമാണ്‌ ഇവിടെ നിന്നും അടക്ക പ്രധാനമായും കയറ്റി അയക്കുന്നത്‌. ഈ വിപണി ഫലപ്രദമായി വിനിയോഗിക്കാന്‍ നിലവിലെ ഉത്‌പാദനം കൊണ്ട്‌ കഴിയില്ലെന്ന്‌ കച്ചവടക്കാരും പറയുന്നു. അടക്കയുടെ മികച്ച വിപണന സാധ്യത നിലനിര്‍ത്താന്‍ ഫലപ്രദമായ ഇടപെടല്‍ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത്‌ വസ്‌തുതയാണ്‌. ഇതുതന്നെയാണ്‌ പോയകാലത്തെ കേരളത്തിന്റെ കാര്‍ഷിക സാമ്പത്തിക വളര്‍ച്ചക്ക്‌ മുഖ്യപങ്ക്‌ വഹിച്ച കമുക്‌ തോട്ടങ്ങള്‍ ഇല്ലാതാകാന്‍ കാരണമായതെന്നാണ്‌ കര്‍ഷകരുടെ വിലയിരുത്തല്‍. നെല്ലിലും തെങ്ങിലും സംഭവിച്ച വീഴ്‌ചയുടെ ആവര്‍ത്തനം ഒടുവില്‍ കമുകിലും സംഭവിച്ചു. വിപണന സാധ്യത തിരിച്ചറിഞ്ഞ്‌ കാര്‍ഷിക പരിപോഷണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും കര്‍ഷരെക്കൂടി മുഖവിലക്കെടുത്ത്‌ അത്‌ പ്രാവര്‍ത്തികമാക്കുകയും ചെയ്യാന്‍ കൃഷിവകുപ്പ്‌ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ അവശേഷിക്കുന്ന കാര്‍ഷിക സമ്പത്തെങ്കിലും നിലനിര്‍ത്താനാകൂ എന്ന വസ്‌തുതക്കിപ്പോള്‍ അംഗീകാരമേറുകയാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.