ജിജി തോംസണ്‍ കള്ളനും വഞ്ചകനുo;ടി.എച്ച്‌. മുസ്‌തഫ.

Written By Unknown on Tuesday 2 June 2015 | 21:44

കൊച്ചി: പാമൊലിന്‍ കരാറുണ്ടാക്കിയതു ജിജി തോംസണാണെന്നു മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്‌. മുസ്‌തഫ.
ഇതിനായി രണ്ടുതവണ മലേഷ്യയില്‍ പോയി ജിജി തോംസണ്‍ ചര്‍ച്ച നടത്തിയിരുന്നെന്നും സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി ജിജി തോംസണ്‌ അടുത്തബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും കെ.എസ്‌.യുവില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. താന്‍ പ്രതിയും ഉമ്മന്‍ ചാണ്ടി സാക്ഷിയുമായതിനു കാരണം ഗ്രൂപ്പിസമാണെന്നും വകുപ്പുമന്ത്രിയായിരുന്ന തന്റെ അനുവാദമില്ലാതെയാണു കരാറുണ്ടാക്കിയതെന്നും അന്നത്തെ ഭക്ഷ്യമന്ത്രിയായ മുസ്‌തഫ പറഞ്ഞു. ജിജി തോംസണ്‍ കള്ളനും വഞ്ചകനുമാണെന്നും അദ്ദേഹം ആരോപിച്ചു.

ജിജി തോംസണ്‍ പച്ചക്കള്ളം പറഞ്ഞു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ വെല്ലുവിളിക്കുന്നു; വി.എസ്‌.

തിരുവനന്തപുരം: സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന പാമൊലിന്‍ കേസിലെ പ്രതിയും, ഹര്‍ജിക്കാരനുമായ ജിജി തോംസണ്‍ പരസ്യപ്രസ്‌താവനകളിലൂടെ പച്ചക്കള്ളം പറഞ്ഞു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണെന്നു പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. പാമൊലിന്‍ ഇറക്കുമതി ഒഴിവാക്കുന്നതിനുവേണ്ടി താന്‍ പരിശ്രമിച്ചുവെന്നും ഇതു താന്‍ ഫയലില്‍ എഴുതിയിട്ടുണ്ടെന്നുമാണ്‌ ജിജി തോംസണിന്റെ പുതിയ അവകാശവാദം. ഈ അവകാശവാദങ്ങള്‍ അദ്ദേഹം വിടുതല്‍ ഹര്‍ജിയുമായി ചെന്ന ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ ഉന്നയിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല; അഥവാ ഉന്നയിച്ചതാണെങ്കില്‍ തന്നെ അവ അവജ്‌ഞയോടെ കോടതികള്‍ തള്ളിക്കളഞ്ഞതുമാണ്‌.
പാമൊലിന്‍ കേസില്‍നിന്നു തന്നെ വിടുതല്‍ ചെയ്യണമെന്ന ജിജി തോംസണിന്റെ ഹര്‍ജി 2014 ജൂണ്‍ എട്ടിനാണ്‌ െഹെക്കോടതി തള്ളിയത്‌. ആ വിധിയില്‍ പാമൊലിന്‍ കേസില്‍ ജിജി തോംസണു പങ്കുണ്ടെന്നു
ഹൈക്കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌. പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ കാബിനറ്റ്‌ തീരുമാനം വന്നതശേഷമാണ്‌ താന്‍ അറിയുന്നതെന്ന്‌ കഴിഞ്ഞ ദിവസം ജിജി തോംസണ്‍ തട്ടിമൂളിച്ചു. 1991 ഡിസംബര്‍ അഞ്ചിനാണ്‌ പാമൊലിന്‍ ഇറക്കുമതിക്കുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്‌. അതിന്‌ ആറു ദിവസം മുമ്പ്‌ അതായത്‌, നവംബര്‍ 30-ന്‌ മലേഷ്യന്‍ കമ്പനിയുമായി ജിജി തോംസണ്‍ എഗ്രിമെന്റ്‌ ഒപ്പിട്ടതിന്റെ പകര്‍പ്പ്‌ തന്റെ െകെവശമുണ്ടെന്ന്‌ വി.എസ്‌. പറഞ്ഞു.

ന്യൂനപക്ഷാവകാശമെന്നത് മേൽക്കോയ്മ നേടാനുള്ളതല്ല,ഹൈക്കോടതി.

കൊച്ചി: ന്യൂനപക്ഷാവകാശമെന്നത് മേൽക്കോയ്മ നേടാനുള്ളതല്ല, സാമൂഹ്യ സമത്വം ഉറപ്പാക്കാനുള്ളതാണെന്ന് ഹൈക്കോടതി. ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ മാനേജ്മെന്റുകൾക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യമില്ല. വിദ്യാഭ്യാസ ദൗത്യം നിറവേറ്റുകയെന്നതാണ് ഈ പദവിയിലൂടെ ലക്ഷ്യമിടുന്നത്. ഈ അവകാശം ഭൂരിപക്ഷ വിഭാഗങ്ങളേക്കാൾ ആനുകൂല്യങ്ങൾ കൈവരിക്കാനോ മേൽക്കോയ്മ നേടാനോ ഉള്ളതല്ല.

ഹെഡ്മിസ്ട്രസ് നിയമനത്തിൽ സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ നിയമിച്ചുവെന്ന് ആരോപിച്ച്  മലപ്പുറം സുല്ലാ മുസ്സലാം ഓറിയന്റൽ ഹൈസ്കൂളിലെ അദ്ധ്യാപിക കെ. ജമീല നൽകിയ ഹർജിയിൽ ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖിന്റേതാണ് ഉത്തരവ്.  അദ്ധ്യാപകർ പച്ചക്കോട്ട് ധരിച്ച് സ്കൂളിൽ എത്തണമെന്ന മാനേജ്മെന്റ് നിർദ്ദേശം പാലിക്കാത്തതിനാൽ ജമീലയെ സ്കൂൾ മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്തത്  വിവാദമായിരുന്നു.    2013 ഏപ്രിൽ ഒന്നിന് ഇവർ ഹെഡ്മിസ്ട്രസായി എന്നു കണക്കാക്കി പെൻഷൻ ആനുകൂല്യങ്ങൾ നൽകാനും ഉത്തരവിൽ പറയുന്നു. ഒരു നിയമനത്തിന്റെ പേരിൽ വിദ്യാഭ്യാസ ലക്ഷ്യങ്ങൾക്ക് കോട്ടം വരരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ കാൽ ശതമാനം കുറവ്

Written By Unknown on Monday 1 June 2015 | 23:46

മുംബയ്: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ  കാൽ ശതമാനം കുറവ് വരുത്തി റിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയാൻ സാദ്ധ്യതയേറി. കാൽ ശതമാനം വീതമാണ് നിരക്കുകളിൽ കുറവ് വരുത്തിയിരിക്കുന്നത്. 

റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ കടമെടുക്കുമ്പോൾ നൽകേണ്ട പലിശയായ റിപ്പോ 7.5 ശതമാനത്തിൽ നിന്ന് 7.25 ആയും വാണിജ്യ ബാങ്കിൽ നിന്ന് റിസർവ് ബാങ്ക് കടമെടുക്കു
മ്പോൾ നൽകുന്ന പലിശയായ റിവേഴ്സ് റിപ്പോ 6.50ൽ നിന്ന് 6.25 ശതമാനമായുമാണ് കുറച്ചത്. അതേസമയം, ബാങ്കുകൾറിസർവ് ബാങ്കിൽ നിർബന്ധമായി സൂക്ഷിക്കേണ്ട തുകയായ കരുതൽ ധനാനുപാതം നാല് ശതമാനമായി തന്നെ നിലനിർത്തി.  

രാജ്യത്തെ ധനക്കമ്മി കഴിഞ്ഞ സാമ്പത്തിക വർഷം നാല് ശതമാനമായി കുറയുകയും മൊത്ത ആഭ്യന്തര ഉൽപാദനം 7.3 ശതമാനത്തിലേക്ക് ഉയരുകയും ചെയ്‌ത സാഹചര്യത്തിലാണ് പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായത്.  കരുതൽ ധന അനുപാതം അരശതമാനം കുറച്ചിരുന്നെങ്കിൽ വിപണിയിലെ പണലഭ്യതയിൽ 40,000 കോടി രൂപയുടെ വർദ്ധനയുണ്ടായേനെ.

ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഡി.എം.ആർ.സിയെ ഒഴിവാക്കാൻ സർക്കാർ അണിയറ നീക്കം.

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന്   ഡി.എം.ആർ.സിയെ ഒഴിവാക്കാൻ സർക്കാർ അണിയറ നീക്കം വീണ്ടും സജീവമായി. ലൈറ്റ് മെട്രോയുടെ കൺസൾട്ടൻസി കരാർ ഡി.എം.ആർ.സിക്ക് നൽകാതെ ആഗോള ടെൻഡർ വിളിക്കാൻ ചീഫ് സെക്രട്ടറി ജിജി തോംസൺ സർക്കാരിന് ശുപാർശ നൽകി.  36 മാസമെന്ന റെക്കാഡ് സമയത്തിനുള്ളിൽ കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ഓടിക്കാമെന്ന് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നൽകിയ ഉറപ്പ് മറികടന്നാണ് ശുപാർശ.  ഡി.എം.ആർ.സി ആവശ്യപ്പെടുന്ന പത്ത് ശതമാനം കൺസൾട്ടൻസി ഫീസ് കൂടുതലാണെന്ന കാരണം പറഞ്ഞാണ് വിദേശ കമ്പനികളിൽ നിന്നടക്കം കരാർ ക്ഷണിക്കാൻ  ശ്രമം. സമവായമുണ്ടാക്കാൻ സർവകക്ഷിയോഗം വിളിക്കാമെന്നും ചീഫ് സെക്രട്ടറി ശുപാർശചെയ്തു. അതേസമയം, ലൈറ്റ് മെട്രോയ്ക്കായി ആറ് ശതമാനം കൺസൾട്ടൻസി ഫീസ് മാത്രമാണ് ആവശ്യപ്പെട്ടതെന്നും രാജ്യത്തെവിടെയുമുള്ള സാധാരണ നിരക്കാണിതെന്നും ഡി.എം.ആർ.സി വ്യക്തമാക്കി.

1619 കോടിയെന്ന കുറഞ്ഞ സംസ്ഥാന  വിഹിതത്തിൽ പദ്ധതി പൂർത്തിയാക്കാമെന്ന ഡി.എം.ആർ.സിയുടെ ഉറപ്പ് തള്ളുന്നത് റോം ആസ്ഥാനമായ സ്വകാര്യ ഇറ്റാലിയൻ കമ്പനിക്ക്  വേണ്ടിയാണ്.      ഡി.എം.ആർ.സിയുടെ പദ്ധതി റിപ്പോർട്ട്  (ഡി.പി.ആർ) അവഗണിച്ച് ലൈറ്റ് മെട്രോ സ്വകാര്യപങ്കാളിത്തമുള്ള ഹൈബ്രിഡ് പി.പി.പി മോഡലിൽ നടപ്പാക്കാനായിരുന്നു നേരത്തേ ധനവകുപ്പിന്റെ ശുപാ‌ർശ. ഡി.പി.ആർ മന്ത്രിസഭ അംഗീകരിച്ചാലുടൻ 40 വർഷത്തെ കാലാവധിയിൽ അര ശതമാനം പലിശയ്ക്ക് കിട്ടുന്ന ജപ്പാൻ ഇന്റർനാഷണൽ കോർപറേഷന്റെ (ജിക്ക) വായ്പ ലഭ്യമാക്കാൻ ശ്രീധരൻ പ്രാഥമിക ചർച്ച തുടങ്ങിയിരുന്നു. വായ്‌പ നൽകാൻ ജിക്ക സന്നദ്ധമാണെന്ന് ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. അതിനിടയിലാണ് ഡി.എം.ആർ.സിയെയും ശ്രീധരനെയും  ഒഴിവാക്കാനുള്ള പുതിയ നീക്കം.

ഗെയില്‍ പദ്ധതി തടയുന്നവരെ ഒരുവര്‍ഷംവരെ തടവിലിടും;ജിജി തോംസണ്‍.

മലപ്പുറം;ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി തടയുന്നവരെ ഒരുവര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്യുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. എന്ത് തടസ്സമുണ്ടായാലും അത് മറികടന്ന് പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്‍െറ തീരുമാനം. ബിനാനിപുരത്ത് ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈപ്പിനില്‍നിന്നും മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത. ഇതിന് വിവിധയിടങ്ങളില്‍ എത്തിച്ച പൈപ്പിന് 1200 കോടി രൂപയോളം ചെലവായിട്ടുണ്ട്. 17 കി.മീ മാത്രമേ നിര്‍മാണം പൂര്‍ത്തിയായിട്ടുള്ളൂ. ഇത്രയും തുക നിക്ഷേപിച്ചശേഷം പദ്ധതി പാതിവഴിയില്‍മുടക്കാനാവില്ല-അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച്‌ എസ്‌.എന്‍.ഡി.പിയും എസ്‌.എന്‍ ട്രസ്‌റ്റും.

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച്‌ എസ്‌.എന്‍.ഡി.പിയും എസ്‌.എന്‍ ട്രസ്‌റ്റും രംഗത്ത്‌. ട്രസ്‌റ്റിന്റെയും എസ്‌.എന്‍.ഡി.പിയുടെയും കീഴിലുള്ള എല്ലാ വിദ്യഭ്യാസ സ്‌ഥാപനങ്ങളും അടച്ചിടും. അരുവിക്കരയില്‍ വിദ്യാഭ്യാസ ബന്ദിനും, സെക്രട്ടറിയേറ്റ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നതിനും തീരുമാനമായി. എസ്‌.എന്‍.ഡി.പി. ഡയറക്‌ടര്‍ ബോര്‍ഡിന്റേതാണ്‌ തീരുമാനം.

അനിശ്‌ചിതത്വങ്ങള്‍ക്കുനടുവില്‍ സംസ്‌ഥാനത്തെ സ്‌കൂളുകള്‍

Written By Unknown on Sunday 31 May 2015 | 18:56

തിരുവനന്തപുരം; തെറ്റിപ്പോയ കണക്കുകളുടെ ദുരിതം അനുഭവിക്കാന്‍ വിദ്യാര്‍ഥികള്‍ ഇന്നു സ്‌കൂളുകളിലേക്ക്‌. അനിശ്‌ചിതത്വങ്ങള്‍ക്കുനടുവില്‍ സംസ്‌ഥാനത്തെ സ്‌കൂളുകള്‍ തുറക്കവേ അധ്യാപകരും രക്ഷിതാക്കളും ആശങ്കയില്‍.അധ്യാപകര്‍ക്ക്‌ ആവശ്യമായ മാര്‍ഗനിര്‍ദേശവും വിദ്യാര്‍ഥികള്‍ക്കു പാഠപുസ്‌തകങ്ങളും ഉറപ്പാക്കാതെയാണു സ്‌കൂളുകള്‍ തുറക്കുന്നത്‌. കഴിഞ്ഞ മാസം കുട്ടികള്‍ക്കു ലഭിക്കേണ്ട 86 ലക്ഷം പാഠപുസ്‌തകങ്ങളുടെ അച്ചടി ഇനിയും തുടങ്ങിയിട്ടില്ല. ഇതിനിടെ വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ഗോപാലകൃഷ്‌ണഭട്ടും തമ്മിലുള്ള ഭിന്നത വര്‍ധിച്ചതും തിരിച്ചടിയായി.
എസ്‌.എസ്‌.എല്‍.സി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിമായുള്ള ഭിന്നതയുടെ പേരില്‍ സ്‌ഥാനമൊഴിയാന്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ഗോപാലകൃഷ്‌ണഭട്ട്‌ തീരുമാനിച്ചിരിക്കുന്നത്‌. അഡീഷണല്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍മാരായിരുന്ന രാജന്‍, മുരളി എന്നിവര്‍ കഴിഞ്ഞ ദിവസം വിരമിച്ചു. ഇതോടെ ഡി.പി.ഐ ഓഫീസിന്റെ പ്രവര്‍ത്തനം താളംതെറ്റി. സ്‌കൂള്‍ തുറക്കുമ്പോഴും ആറു ജില്ലകളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരില്ല. ഇത്‌ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കും.
രണ്ടു വാല്യങ്ങളിലായാണു പാഠപുസ്‌തക അച്ചടി നടക്കേണ്ടത്‌. ഇതില്‍ 2.33 കോടി പുസ്‌തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ്‌ ഒന്നാം വാല്യത്തില്‍ അച്ചടിച്ചു കുട്ടികള്‍ക്കു നല്‍കേണ്ടതാണ്‌. എന്നാല്‍ ഇതില്‍ 86 ലക്ഷം പുസ്‌തകങ്ങളുടെ അച്ചടി തുടങ്ങിയിട്ട്‌ പോലുമില്ല.2,4,6,8,10 ക്ലാസുകളിലെ പുസ്‌തകങ്ങള്‍ ഈ വര്‍ഷം പൂര്‍ണമായും മാറുകയാണ്‌. ഇത്‌ അച്ചടിച്ച്‌ സ്‌കൂളുകളില്‍ എത്തിക്കാന്‍ കുറഞ്ഞത്‌ ഒന്നര മാസമെടുക്കും. അതുവരെ എങ്ങനെ മുന്നോട്ടുപോകുമെന്നു വിദ്യാഭ്യാസ വകുപ്പിനു നിശ്‌ചയമില്ല. 1.72 കോടി പാഠപുസ്‌തകങ്ങള്‍ അച്ചടിക്കുന്നതിനായി കാക്കനാട്ടെ കെ.ബി.പി.എസിനെയാണു ചുമതലപ്പെടുത്തിയിരുന്നത്‌. ഇതില്‍ 40 ലക്ഷം പുസ്‌തകങ്ങളുടെ അച്ചടി ഇനി തുടങ്ങാനുണ്ട്‌. പുസ്‌തക അച്ചടി തീരില്ലെന്നു വ്യക്‌തമായതോടെ 60 ലക്ഷം പുസ്‌തകങ്ങളുടെ അച്ചടി സര്‍ക്കാര്‍ പ്രസുകളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ആറു ലക്ഷം പുസ്‌തകങ്ങള്‍ മാത്രമാണു സര്‍ക്കാര്‍ പ്രസില്‍ അച്ചടിക്കാന്‍ ഇതുവരെ കഴിഞ്ഞത്‌. ബാക്കിയുള്ള 86 ലക്ഷം പുസ്‌തകങ്ങള്‍ അച്ചടിച്ച്‌ സ്‌കൂളുകളില്‍ എപ്പോഴെത്തിക്കാന്‍ കഴിയുമെന്ന ചോദ്യത്തിനുള്ള മറുപടി അധികൃതര്‍ക്കില്ല. ഈ വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളിലും എട്ട്‌ പീരീയഡ്‌ടൈംടേബിളാക്കാന്‍ തീരുമാനിച്ചിരുന്നു. കലാ-കായിക ഇനങ്ങള്‍ക്കായാണ്‌ ഈ അധിക പീരീയഡ്‌. ഇതിനു പരീക്ഷ നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ സംസ്‌ഥാനത്തെ 12,800 സ്‌കൂളുകളില്‍ 3,600 സ്‌കൂളുകളില്‍ മാത്രമാണ്‌ ഇവയ്‌ക്കായി അധ്യാപകരുള്ളത്‌. 9,600 സ്‌കൂളുകളിലും കലാ-കായിക ഇനത്തിന്‌ അധ്യാപകരെ നിയമിച്ചിട്ടില്ല. ഈ അധിക പീരീയഡുകളുടെ ചുമതല ആര്‍ക്കാണെന്നു വ്യക്‌തമല്ല. പരീക്ഷയുള്ളതിനാല്‍ ഇതു കുട്ടികളെ ആശങ്കയിലാക്കും.
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ കഴിഞ്ഞ വര്‍ഷം പാഠപുസ്‌തകങ്ങള്‍ മാറിയിരുന്നു. അതിന്റെ അധ്യാപക സഹായി ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്‍കിയിട്ടില്ല. ഇത്തവണ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയിലും പാഠപുസ്‌തങ്ങള്‍ മാറുകയാണ്‌. അതിന്റെ അധ്യാപക പുസ്‌തകവും ലഭ്യമല്ല. എയ്‌ഡഡ്‌ സ്‌കൂളുകളില്‍ യൂണിഫോം നല്‍കുന്ന കാര്യം ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. യൂണിഫോമിന്‌ അനുമതി നല്‍കിയാലും കുട്ടികളുടെകൈകളില്‍ ഇതെത്തിച്ചേരാന്‍ മാസങ്ങളെടുക്കും.
കഴിഞ്ഞ വര്‍ഷം എയ്‌ഡഡ്‌ സ്‌കൂള്‍ വിദ്യാര്‍ഥികളെ സൗജന്യയൂണിഫോമില്‍ നിന്ന്‌ ഒഴിവാക്കിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന പശ്‌ചാത്തലത്തിലാണ്‌ ഈ വര്‍ഷം എയ്‌ഡഡ്‌ സ്‌കൂള്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌. പി.ടി.എ മുഖേന യൂണിഫോം വാങ്ങാനാണ്‌ അനുമതി. കഴിഞ്ഞ വര്‍ഷം നല്‍കിയ അതേ തുക തന്നെയാണു യൂണിഫോമിനായി നല്‍കുക.

119 സ്കൂളുകൾ നഷ്ടത്തിൽ പ്രവർത്തിക്കുമ്പോൾ 32 അൺ എയ്ഡഡ് സ്കൂളുകൾക്ക് കൂടി സർക്കാർ അനുമതി.

കാസർകോട്:റവന്യു വിദ്യാഭ്യാസ ജില്ലയിൽ 32 അൺ എയ്ഡഡ് സ്കൂളുകൾക്ക് കൂടി സർക്കാർ അനുമതി നൽകിയത് പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണമെന്ന പ്രഖ്യാപനത്തിൽ വെള്ളം ചേർത്തെന്ന് ആരോപണം.നിലവിൽ 119 സ്കൂളുകൾ നഷ്ടത്തിൽ പ്രവർത്തിക്കുമ്പോഴാണ്  ഇത്രയും അൺ എയിഡഡ് സ്കൂളുകൾക്ക് കൂടി അനുമതി നൽകിയത്.
2009ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പേരു പറഞ്ഞാണ് പത്തുവർഷത്തിലേറെയായി നന്നായി പ്രവർത്തിക്കുന്നുവെന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ അൺ എയിഡഡ് സ്കൂളുകൾക്ക് അനുമതി നൽകിയത്. സംസ്ഥാന പാഠ്യപദ്ധതി പിൻതുടരുന്നവയാണ് അനുമതി ലഭിച്ചവയെന്നും അധികൃതർ പറയുന്നു. കഴിഞ്ഞ മേയ് 14നാണ് ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
വർഷം കഴിയുന്തോറും ജില്ലയിൽ നഷ്ടത്തിലാകുന്ന സർക്കാർ,​എയിഡഡ് വിദ്യാലയങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണാനുകൂല അധ്യാപക സംഘടനകളടക്കം എതിർപ്പ് രേഖപ്പെടുത്തിയിട്ടും അൺ എയിഡഡ് മേഖലയോട് കൂറുകാട്ടിയതിൽ വ്യാപക അഴിമതിയുണ്ടെന്ന് ഇതിനകം ആരോപണം ഉയർന്നുകഴിഞ്ഞു. സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ അവകാശനിയമത്തിന്റെ മറവിൽ കുട്ടികളിൽ നിന്ന് ഫീസിനത്തിൽ വൻതുക പിരിച്ചെടുക്കുന്ന അൺ എയ്ഡഡ് സ്ഥാപനങ്ങളെ തുണയ്ക്കുന്നത് നിയമത്തിന്റെ ദുർവ്യാഖ്യാനമാണെന്നാണ് അധ്യാപക സംഘടനകളുടെ പക്ഷം.

ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരും തന്നെ അപമാനിച്ചു;കാനായി കുഞ്ഞിരാമന്‍.

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംസ്ഥാന സര്‍ക്കാരും തന്നെ അപമാനിച്ചതായി ശില്‍പി കാനായി കുഞ്ഞിരാമന്‍. കോട്ടയം പബ്ലിക്‌ ലൈബ്രറിക്കുവേണ്ടി നിര്‍മിച്ച അക്ഷര ശില്‍പം തിരക്കുണ്ടെന്നു പറഞ്ഞു മുഖ്യമന്ത്രി കാണാതെ പോയി. മുറ്റത്തുണ്ടായിരുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ശില്‍പം കാണുവാന്‍ തയാറായില്ല. ഇതാണോ മന്ത്രിമാരുടെ കലാബോധമെന്നും കാനായി ചോദിച്ചു. ശില്‍പം നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കിയ രണ്‌ടു ലക്ഷം രൂപ തിരികെ നല്‍കിയെന്നു പറഞ്ഞ കാനായി,. ശില്‍പിയെ നാലാംതരം പൗരന്‍മാരായിട്ടാണോ കാണുന്നതെന്നും ചോദിച്ചു.

അരുവിക്കരയിൽ ഒ.രാജഗോപാൽ ബി.ജെ.പി സ്ഥാനാർത്ഥി.

Written By Unknown on Saturday 30 May 2015 | 22:40

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഒ.രാജഗോപാൽ ബി.ജെ.പി സ്ഥാനാർത്ഥിയാവും. തിരുവനന്തപുരത്ത് ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ആയത്. ഇതോടെ അരുവിക്കരയിൽ ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി. അന്തരിച്ച സ്പീക്കർ ജി.കാർത്തികേയന്റെ മകൻ കെ.എസ്.ശബരിനാഥ് യു.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.വിജയകുമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമാണ്. 

സി.ശിവൻകുട്ടിയുടെ പേരാണ് ബി.ജെ.പി തിരുവനന്തപുരം ജില്ലാക്കമ്മിറ്റി മുന്നോട്ട് വച്ചത്. എന്നാൽ, ശക്തമായ സ്ഥാനാർത്ഥിയെ വേണമെന്ന് ആവശ്യം ഉയർന്നതിനെ തുടർന്ന് ഒ.രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. 

മുന്‍ ചീഫ്‌ സെക്രട്ടറി ഭരത്‌ഭൂഷണ്‍ തേജോവധത്തിനു ശ്രമിച്ചു ;കെ.എസ്‌. ബാലസുബ്രഹ്‌മണ്യം.

തിരുവനന്തപുരം: വിദേശയാത്ര വിവാദമാക്കി മുന്‍ ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്‌ഭൂഷണ്‍ തേജോവധത്തിനു ശ്രമിച്ചതായി സ്‌ഥാനമൊഴിയുന്ന ഡി.ജി.പി: കെ.എസ്‌. ബാലസുബ്രഹ്‌മണ്യം. തന്നോടു പക തോന്നാനുള്ള കാരണം എന്താണെന്ന്‌ ഇതുവരെ മനസിലായിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. നിശ്‌ചിത അവധിക്കുശേഷം അവധി നീട്ടിയ ദിവസങ്ങളിലെ ശമ്പളം തിരിച്ചുപിടിക്കാനുള്ള ചീഫ്‌ സെക്രട്ടറിയുടെ തീരുമാനം ഉത്തരവാദിത്വമുള്ള ഒരു ഉദ്യോഗസ്‌ഥനു ചേര്‍ന്നതായിരുന്നില്ല.
പോലീസിലെ ഉന്നത ഉദ്യോഗസ്‌ഥനായ തനിക്ക്‌ സാധാരണക്കാരനു ലഭിക്കുന്ന നീതിപോലും ലഭിച്ചില്ല. ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഭരത്‌ഭൂഷണ്‍. മാവോയിസ്‌റ്റുകളെ വെടിവച്ചുകൊല്ലുക എന്ന സമീപനം ദോഷം ചെയ്യും. ഇക്കാര്യത്തില്‍ പോലീസിന്റെ തീവ്രനിലപാട്‌ വിജയിക്കില്ല. മാവോയിസ്‌റ്റുകള്‍ ഭരണഘടനയെ മാനിക്കുന്നില്ലെങ്കിലും മാനസിക പരിവര്‍ത്തനത്തിലൂടെ അവരെ നല്ല വഴിക്കു കൊണ്ടുവരാനാകും.
വിവാദമായ നിഷാം കേസില്‍ ഇടപെട്ടിട്ടില്ല. തന്നെ വ്യക്‌തിഹത്യ ചെയ്യാന്‍ ശ്രമിച്ച പി.സി. ജോര്‍ജിനെയും തൃശൂര്‍ മുന്‍ കമ്മിഷണര്‍ ജേക്കബ്‌ ജോബിനെയും പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുവദിക്കണമെന്നുള്ള അപേക്ഷയിന്മേല്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ദുഃഖമുണ്ട്‌. പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്‌ഥര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരേ പുതിയ രാഷ്‌ട്രീയ കക്ഷി കേരളത്തിൽ.

Written By Unknown on Friday 29 May 2015 | 19:03

തിരുവനന്തപുരം: അഴിമതിക്കെതിരേ സംസ്‌ഥാനത്ത്‌ പുതിയ രാഷ്‌ട്രീയ കക്ഷി പിറവിയെടുക്കുന്നു. മുന്‍ ചീഫ്‌ സെക്രട്ടറി പി.സി.സിറിയക്കിന്റെയും മുന്‍ അക്കൗണ്ടന്റ്‌ ജനറല്‍ ജെയിംസ്‌ കെ. ജോസഫിന്റെയും നേതൃത്വത്തിലാണു പുതിയ രാഷ്‌ട്രീയപാര്‍ട്ടി. അഴിമതിയെ ചെറുക്കാന്‍ അധികാരം കൂടിയേ കഴിയൂവെന്ന തിരിച്ചറിവാണ്‌ പുതിയ രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിന്റെ പിന്നിലെന്ന്‌ പി.സി. സിറിയക്ക്‌ വ്യക്‌തമാക്കി.
  
പാര്‍ട്ടിയുടെ ആദ്യ ആലോചന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തെ ഇരുമുന്നണികളും അഴിമതിക്ക്‌ കുടപിടിക്കുന്നവരാണ്‌. ഒരു വിഭാഗം അഴിമതിക്കായി പണം വാങ്ങുമ്പോള്‍ മറുവിഭാഗമാകട്ടെ ഇതിനെതിരേ ശബ്‌ദിക്കാതിരിക്കാന്‍ പണം വാങ്ങുന്നു. എറെ പ്രതീക്ഷ നല്‍കി അധികാരത്തിലെത്തിയ ബി.ജെ.പിക്ക്‌ ഈ പ്രതീക്ഷ പൂവണിയിക്കാന്‍ പറ്റിയില്ല. ആം ആദ്‌മിക്കാകട്ടെ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്റെ സംസ്‌കാരമാണ്‌. അപ്പോള്‍ അഴിമതി ഇല്ലാതാക്കാന്‍ അധികാരമില്ലാതെ പറ്റില്ലെന്നായി. അതുകൊണ്ടാണ്‌ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു.തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കു സ്‌ഥാനാര്‍ഥികളുണ്ടാകും. എല്ലായിടത്തും സമാനമനസ്‌കരുടെ യോഗം വിളിച്ച്‌ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
 
ഒരു പൊളിറ്റിക്കല്‍ ഇവന്റ്‌ മാനേജ്‌മെന്റിനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ജയിംസ്‌ കെ.ജോസഫ്‌ പറഞ്ഞു. സത്യത്തിന്റെ നുറുങ്ങുവട്ടം തെളിയിക്കാനായാല്‍ അത്രയും നല്ലതെന്ന തിരിച്ചറിവുള്ള ആര്‍ക്കും സംഘടനയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള വിമാനത്താവള പദ്ധതി;പണം കൈപ്പറ്റിയവരുടെ ലിസ്റ്റ് പുറത്തുവിടും.കെ.ജി.എസ്

പത്തനംതിട്ട: ആറന്മുള  വിമാനത്താവള പദ്ധതിക്ക് പിന്തുണ നൽകുയും പലപ്പോഴായി   തങ്ങളിൽ നിന്ന് സംഭാവനകൾ കൈപ്പറ്റുകയും ചെയ്തവരുടെ പട്ടിക കെ.ജി.എസ് പുറത്തുവിടാൻ ഒരുങ്ങുന്നു. തുടക്കത്തിൽ പദ്ധതിക്കായി ഉറച്ചു നിൽക്കുകയും ഇടയ്ക്കു വച്ച് നിലപാട് മാറ്റി ചതിക്കുകയും ചെയ്തവരുടെ പേരുവിവരങ്ങളാണ് പട്ടികയിലുള്ളതെന്നറിയുന്നു. വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കളാണ് പട്ടികയിലുള്ളത്. 

ആറന്മുള പദ്ധതിക്കുള്ള അനുമതികൾ കേന്ദ്ര വ്യോമ , പ്രതിരോധ, പരിസ്ഥിതി മന്ത്രാലയങ്ങൾ റദ്ദാക്കിയതോടെ കടുത്ത നിരാശയിലാണ് സംരംഭകരായ കെ. ജി. എസ് ഗ്രൂപ്പ്. പദ്ധതിക്ക് അനുമതി നൽകണമെന്ന് കെ. ജി. എസ് എം. ഡി ജിജി ജോർജ് പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ അഭ്യർത്ഥിച്ചുണ്ടെങ്കിലും അനുകൂല നടപടിയുണ്ടാകില്ലെന്നാണ് സൂചന. ഇതോടെ കോടികൾ മുടക്കിയ ആറൻമുള പദ്ധതിയിൽ നിന്ന് പിൻമാറേണ്ടിവരും. പദ്ധതി ഉപേക്ഷിക്കേണ്ടി വന്നാൽ തങ്ങൾക്കൊപ്പം നിന്നവരെ നന്ദിയോടെ ഓർക്കുന്നതിനൊപ്പം പണം വാങ്ങിയ ശേഷം നിലപാട് മാറ്റി സമര സമിതിക്കൊപ്പം പോയ നേതാക്കളുടെ പേരുകൾ പുറത്തുവിടുമെന്നാണ് അവർ പറയുന്നത്. പദ്ധതിക്ക് ഇതുവരെ ചെലവായ തുകയുടെ കണക്ക്  പ്രസിദ്ധീകരിക്കുന്നതിനൊപ്പമാണ് സംഭാവന വാങ്ങിയവരുടെ പേരുൾപ്പെടുത്തുന്നത്.

ആറന്മുള പദ്ധതിക്ക് തുടക്കത്തിൽ അനുകൂല നിലപാട് സ്വീകരിച്ച ചില നേതാക്കൾ സമരം ശക്തിപ്പെട്ട സമയത്ത് നിലപാട് മാറ്റി മറുകണ്ടം ചാടിയിരുന്നു. പാർട്ടി ഫണ്ട് എന്ന പേരിലാണ് ഇവർ കെ. ജി.എസിൽ നിന്ന് ആദ്യം പണം പറ്റിയത്. ഇതു കൂടാതെ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച നേതാക്കൾക്ക് കെ. ജി. എസ് പ്രത്യേക ഉപഹാരമായി സാമ്പത്തിക സഹായം ചെയ്തിരുന്നതായും ആരോപണമുയർന്നിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ, പ്രാദേശിക തലത്തിൽ പ്രവർത്തിച്ച നേതാക്കളാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നറിയുന്നു.  പണം കൈപ്പറ്റിയവരെ  സമരത്തിന്റെ മുൻ നിരയിൽ നിന്ന് പാർട്ടി നേതൃത്വങ്ങൾ  ഇതിനകം അകറ്റി നിർത്തിയിരുന്നു. അതേസമയം, സംഭാവന വാങ്ങിയ ചില നേതാക്കൾ ഇപ്പോഴും പദ്ധതിക്ക് അനുകൂലമായി പരസ്യ നിലപാട് സ്വീകരിക്കുന്നുമുണ്ട്.

വായ്പാ കുടിശിഖയുടെ പേരിൽ ഗുണ്ടകളെ ഉപയോഗിച്ച് പണം പിരിക്കാൻ അനുവദിക്കില്ല.

ആലുവ: വായ്പാ കുടിശിഖയുടെ പേരിൽ ഗുണ്ടകളെ ഉപയോഗിച്ച് പണം പിരിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എടത്തല സർവീസ് സഹകരണ ബാങ്ക് തേവയ്ക്കലിൽ ആരംഭിക്കുന്ന അഞ്ചാമത് ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ന്യു ജനറേഷൻ ബാങ്കുകൾ പലതും വൻതോതിൽ വായ്പകൾ നൽകി ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണപ്പെടുത്തി തിരിച്ചുപിടിക്കുകയാണ്. ഇതിനെ നേരിട്ടത് ഓപ്പറേഷൻ കുബേരയിലൂടെയാണെന്നും ഇതിന് സഹകരണ ബാങ്കുകൾ ഏറെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ബാങ്കുകളിൽ നിന്നും വായ്പയെടുത്താൽ തിരിച്ചടക്കേണ്ടെന്ന നിലപാടല്ല സർക്കാരിന്റേത്. എന്നാൽ നിർദ്ധനർ തിരിച്ചടവിൽ കുടിശിഖ വരുത്തിയാൽ സാവകാശം നൽകണം. അല്ലാതെ ഗുണ്ടാമോഡലിൽ കുടിശിഖ പിരിക്കുന്നത് അനുവദിക്കില്ല. വിജയമല്ല്യയെന്ന ഒരു പ്രമുഖന് എസ്.ബി.ഐയിൽ മാത്രം 7000 കോടി രൂപയാണ് വായ്പാ കുടിശിഖയുള്ളത്. ഇത്തരത്തിലുള്ളവരുടെ വലിയ കുടിശിഖ തിരിച്ച് പിടിക്കാനാണ് ബാങ്കുകൾ മുന്തിയ പരിഗണന നൽകേണ്ടതെന്നും മന്ത്രി പറഞ്ഞു.
 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.