Home » » അനിശ്‌ചിതത്വങ്ങള്‍ക്കുനടുവില്‍ സംസ്‌ഥാനത്തെ സ്‌കൂളുകള്‍

അനിശ്‌ചിതത്വങ്ങള്‍ക്കുനടുവില്‍ സംസ്‌ഥാനത്തെ സ്‌കൂളുകള്‍

Written By Unknown on Sunday 31 May 2015 | 18:56

തിരുവനന്തപുരം; തെറ്റിപ്പോയ കണക്കുകളുടെ ദുരിതം അനുഭവിക്കാന്‍ വിദ്യാര്‍ഥികള്‍ ഇന്നു സ്‌കൂളുകളിലേക്ക്‌. അനിശ്‌ചിതത്വങ്ങള്‍ക്കുനടുവില്‍ സംസ്‌ഥാനത്തെ സ്‌കൂളുകള്‍ തുറക്കവേ അധ്യാപകരും രക്ഷിതാക്കളും ആശങ്കയില്‍.അധ്യാപകര്‍ക്ക്‌ ആവശ്യമായ മാര്‍ഗനിര്‍ദേശവും വിദ്യാര്‍ഥികള്‍ക്കു പാഠപുസ്‌തകങ്ങളും ഉറപ്പാക്കാതെയാണു സ്‌കൂളുകള്‍ തുറക്കുന്നത്‌. കഴിഞ്ഞ മാസം കുട്ടികള്‍ക്കു ലഭിക്കേണ്ട 86 ലക്ഷം പാഠപുസ്‌തകങ്ങളുടെ അച്ചടി ഇനിയും തുടങ്ങിയിട്ടില്ല. ഇതിനിടെ വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ഗോപാലകൃഷ്‌ണഭട്ടും തമ്മിലുള്ള ഭിന്നത വര്‍ധിച്ചതും തിരിച്ചടിയായി.
എസ്‌.എസ്‌.എല്‍.സി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിമായുള്ള ഭിന്നതയുടെ പേരില്‍ സ്‌ഥാനമൊഴിയാന്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ഗോപാലകൃഷ്‌ണഭട്ട്‌ തീരുമാനിച്ചിരിക്കുന്നത്‌. അഡീഷണല്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍മാരായിരുന്ന രാജന്‍, മുരളി എന്നിവര്‍ കഴിഞ്ഞ ദിവസം വിരമിച്ചു. ഇതോടെ ഡി.പി.ഐ ഓഫീസിന്റെ പ്രവര്‍ത്തനം താളംതെറ്റി. സ്‌കൂള്‍ തുറക്കുമ്പോഴും ആറു ജില്ലകളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരില്ല. ഇത്‌ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കും.
രണ്ടു വാല്യങ്ങളിലായാണു പാഠപുസ്‌തക അച്ചടി നടക്കേണ്ടത്‌. ഇതില്‍ 2.33 കോടി പുസ്‌തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ്‌ ഒന്നാം വാല്യത്തില്‍ അച്ചടിച്ചു കുട്ടികള്‍ക്കു നല്‍കേണ്ടതാണ്‌. എന്നാല്‍ ഇതില്‍ 86 ലക്ഷം പുസ്‌തകങ്ങളുടെ അച്ചടി തുടങ്ങിയിട്ട്‌ പോലുമില്ല.2,4,6,8,10 ക്ലാസുകളിലെ പുസ്‌തകങ്ങള്‍ ഈ വര്‍ഷം പൂര്‍ണമായും മാറുകയാണ്‌. ഇത്‌ അച്ചടിച്ച്‌ സ്‌കൂളുകളില്‍ എത്തിക്കാന്‍ കുറഞ്ഞത്‌ ഒന്നര മാസമെടുക്കും. അതുവരെ എങ്ങനെ മുന്നോട്ടുപോകുമെന്നു വിദ്യാഭ്യാസ വകുപ്പിനു നിശ്‌ചയമില്ല. 1.72 കോടി പാഠപുസ്‌തകങ്ങള്‍ അച്ചടിക്കുന്നതിനായി കാക്കനാട്ടെ കെ.ബി.പി.എസിനെയാണു ചുമതലപ്പെടുത്തിയിരുന്നത്‌. ഇതില്‍ 40 ലക്ഷം പുസ്‌തകങ്ങളുടെ അച്ചടി ഇനി തുടങ്ങാനുണ്ട്‌. പുസ്‌തക അച്ചടി തീരില്ലെന്നു വ്യക്‌തമായതോടെ 60 ലക്ഷം പുസ്‌തകങ്ങളുടെ അച്ചടി സര്‍ക്കാര്‍ പ്രസുകളെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ആറു ലക്ഷം പുസ്‌തകങ്ങള്‍ മാത്രമാണു സര്‍ക്കാര്‍ പ്രസില്‍ അച്ചടിക്കാന്‍ ഇതുവരെ കഴിഞ്ഞത്‌. ബാക്കിയുള്ള 86 ലക്ഷം പുസ്‌തകങ്ങള്‍ അച്ചടിച്ച്‌ സ്‌കൂളുകളില്‍ എപ്പോഴെത്തിക്കാന്‍ കഴിയുമെന്ന ചോദ്യത്തിനുള്ള മറുപടി അധികൃതര്‍ക്കില്ല. ഈ വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളിലും എട്ട്‌ പീരീയഡ്‌ടൈംടേബിളാക്കാന്‍ തീരുമാനിച്ചിരുന്നു. കലാ-കായിക ഇനങ്ങള്‍ക്കായാണ്‌ ഈ അധിക പീരീയഡ്‌. ഇതിനു പരീക്ഷ നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ സംസ്‌ഥാനത്തെ 12,800 സ്‌കൂളുകളില്‍ 3,600 സ്‌കൂളുകളില്‍ മാത്രമാണ്‌ ഇവയ്‌ക്കായി അധ്യാപകരുള്ളത്‌. 9,600 സ്‌കൂളുകളിലും കലാ-കായിക ഇനത്തിന്‌ അധ്യാപകരെ നിയമിച്ചിട്ടില്ല. ഈ അധിക പീരീയഡുകളുടെ ചുമതല ആര്‍ക്കാണെന്നു വ്യക്‌തമല്ല. പരീക്ഷയുള്ളതിനാല്‍ ഇതു കുട്ടികളെ ആശങ്കയിലാക്കും.
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ കഴിഞ്ഞ വര്‍ഷം പാഠപുസ്‌തകങ്ങള്‍ മാറിയിരുന്നു. അതിന്റെ അധ്യാപക സഹായി ഒരു വര്‍ഷം കഴിഞ്ഞിട്ടും നല്‍കിയിട്ടില്ല. ഇത്തവണ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയിലും പാഠപുസ്‌തങ്ങള്‍ മാറുകയാണ്‌. അതിന്റെ അധ്യാപക പുസ്‌തകവും ലഭ്യമല്ല. എയ്‌ഡഡ്‌ സ്‌കൂളുകളില്‍ യൂണിഫോം നല്‍കുന്ന കാര്യം ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. യൂണിഫോമിന്‌ അനുമതി നല്‍കിയാലും കുട്ടികളുടെകൈകളില്‍ ഇതെത്തിച്ചേരാന്‍ മാസങ്ങളെടുക്കും.
കഴിഞ്ഞ വര്‍ഷം എയ്‌ഡഡ്‌ സ്‌കൂള്‍ വിദ്യാര്‍ഥികളെ സൗജന്യയൂണിഫോമില്‍ നിന്ന്‌ ഒഴിവാക്കിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന പശ്‌ചാത്തലത്തിലാണ്‌ ഈ വര്‍ഷം എയ്‌ഡഡ്‌ സ്‌കൂള്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌. പി.ടി.എ മുഖേന യൂണിഫോം വാങ്ങാനാണ്‌ അനുമതി. കഴിഞ്ഞ വര്‍ഷം നല്‍കിയ അതേ തുക തന്നെയാണു യൂണിഫോമിനായി നല്‍കുക.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.