Home » » ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഡി.എം.ആർ.സിയെ ഒഴിവാക്കാൻ സർക്കാർ അണിയറ നീക്കം.

ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഡി.എം.ആർ.സിയെ ഒഴിവാക്കാൻ സർക്കാർ അണിയറ നീക്കം.

Written By Unknown on Monday 1 June 2015 | 18:16

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന്   ഡി.എം.ആർ.സിയെ ഒഴിവാക്കാൻ സർക്കാർ അണിയറ നീക്കം വീണ്ടും സജീവമായി. ലൈറ്റ് മെട്രോയുടെ കൺസൾട്ടൻസി കരാർ ഡി.എം.ആർ.സിക്ക് നൽകാതെ ആഗോള ടെൻഡർ വിളിക്കാൻ ചീഫ് സെക്രട്ടറി ജിജി തോംസൺ സർക്കാരിന് ശുപാർശ നൽകി.  36 മാസമെന്ന റെക്കാഡ് സമയത്തിനുള്ളിൽ കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ഓടിക്കാമെന്ന് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നൽകിയ ഉറപ്പ് മറികടന്നാണ് ശുപാർശ.  ഡി.എം.ആർ.സി ആവശ്യപ്പെടുന്ന പത്ത് ശതമാനം കൺസൾട്ടൻസി ഫീസ് കൂടുതലാണെന്ന കാരണം പറഞ്ഞാണ് വിദേശ കമ്പനികളിൽ നിന്നടക്കം കരാർ ക്ഷണിക്കാൻ  ശ്രമം. സമവായമുണ്ടാക്കാൻ സർവകക്ഷിയോഗം വിളിക്കാമെന്നും ചീഫ് സെക്രട്ടറി ശുപാർശചെയ്തു. അതേസമയം, ലൈറ്റ് മെട്രോയ്ക്കായി ആറ് ശതമാനം കൺസൾട്ടൻസി ഫീസ് മാത്രമാണ് ആവശ്യപ്പെട്ടതെന്നും രാജ്യത്തെവിടെയുമുള്ള സാധാരണ നിരക്കാണിതെന്നും ഡി.എം.ആർ.സി വ്യക്തമാക്കി.

1619 കോടിയെന്ന കുറഞ്ഞ സംസ്ഥാന  വിഹിതത്തിൽ പദ്ധതി പൂർത്തിയാക്കാമെന്ന ഡി.എം.ആർ.സിയുടെ ഉറപ്പ് തള്ളുന്നത് റോം ആസ്ഥാനമായ സ്വകാര്യ ഇറ്റാലിയൻ കമ്പനിക്ക്  വേണ്ടിയാണ്.      ഡി.എം.ആർ.സിയുടെ പദ്ധതി റിപ്പോർട്ട്  (ഡി.പി.ആർ) അവഗണിച്ച് ലൈറ്റ് മെട്രോ സ്വകാര്യപങ്കാളിത്തമുള്ള ഹൈബ്രിഡ് പി.പി.പി മോഡലിൽ നടപ്പാക്കാനായിരുന്നു നേരത്തേ ധനവകുപ്പിന്റെ ശുപാ‌ർശ. ഡി.പി.ആർ മന്ത്രിസഭ അംഗീകരിച്ചാലുടൻ 40 വർഷത്തെ കാലാവധിയിൽ അര ശതമാനം പലിശയ്ക്ക് കിട്ടുന്ന ജപ്പാൻ ഇന്റർനാഷണൽ കോർപറേഷന്റെ (ജിക്ക) വായ്പ ലഭ്യമാക്കാൻ ശ്രീധരൻ പ്രാഥമിക ചർച്ച തുടങ്ങിയിരുന്നു. വായ്‌പ നൽകാൻ ജിക്ക സന്നദ്ധമാണെന്ന് ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. അതിനിടയിലാണ് ഡി.എം.ആർ.സിയെയും ശ്രീധരനെയും  ഒഴിവാക്കാനുള്ള പുതിയ നീക്കം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.