Home » » ആറന്മുള വിമാനത്താവള പദ്ധതി;പണം കൈപ്പറ്റിയവരുടെ ലിസ്റ്റ് പുറത്തുവിടും.കെ.ജി.എസ്

ആറന്മുള വിമാനത്താവള പദ്ധതി;പണം കൈപ്പറ്റിയവരുടെ ലിസ്റ്റ് പുറത്തുവിടും.കെ.ജി.എസ്

Written By Unknown on Friday 29 May 2015 | 04:49

പത്തനംതിട്ട: ആറന്മുള  വിമാനത്താവള പദ്ധതിക്ക് പിന്തുണ നൽകുയും പലപ്പോഴായി   തങ്ങളിൽ നിന്ന് സംഭാവനകൾ കൈപ്പറ്റുകയും ചെയ്തവരുടെ പട്ടിക കെ.ജി.എസ് പുറത്തുവിടാൻ ഒരുങ്ങുന്നു. തുടക്കത്തിൽ പദ്ധതിക്കായി ഉറച്ചു നിൽക്കുകയും ഇടയ്ക്കു വച്ച് നിലപാട് മാറ്റി ചതിക്കുകയും ചെയ്തവരുടെ പേരുവിവരങ്ങളാണ് പട്ടികയിലുള്ളതെന്നറിയുന്നു. വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കളാണ് പട്ടികയിലുള്ളത്. 

ആറന്മുള പദ്ധതിക്കുള്ള അനുമതികൾ കേന്ദ്ര വ്യോമ , പ്രതിരോധ, പരിസ്ഥിതി മന്ത്രാലയങ്ങൾ റദ്ദാക്കിയതോടെ കടുത്ത നിരാശയിലാണ് സംരംഭകരായ കെ. ജി. എസ് ഗ്രൂപ്പ്. പദ്ധതിക്ക് അനുമതി നൽകണമെന്ന് കെ. ജി. എസ് എം. ഡി ജിജി ജോർജ് പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ അഭ്യർത്ഥിച്ചുണ്ടെങ്കിലും അനുകൂല നടപടിയുണ്ടാകില്ലെന്നാണ് സൂചന. ഇതോടെ കോടികൾ മുടക്കിയ ആറൻമുള പദ്ധതിയിൽ നിന്ന് പിൻമാറേണ്ടിവരും. പദ്ധതി ഉപേക്ഷിക്കേണ്ടി വന്നാൽ തങ്ങൾക്കൊപ്പം നിന്നവരെ നന്ദിയോടെ ഓർക്കുന്നതിനൊപ്പം പണം വാങ്ങിയ ശേഷം നിലപാട് മാറ്റി സമര സമിതിക്കൊപ്പം പോയ നേതാക്കളുടെ പേരുകൾ പുറത്തുവിടുമെന്നാണ് അവർ പറയുന്നത്. പദ്ധതിക്ക് ഇതുവരെ ചെലവായ തുകയുടെ കണക്ക്  പ്രസിദ്ധീകരിക്കുന്നതിനൊപ്പമാണ് സംഭാവന വാങ്ങിയവരുടെ പേരുൾപ്പെടുത്തുന്നത്.

ആറന്മുള പദ്ധതിക്ക് തുടക്കത്തിൽ അനുകൂല നിലപാട് സ്വീകരിച്ച ചില നേതാക്കൾ സമരം ശക്തിപ്പെട്ട സമയത്ത് നിലപാട് മാറ്റി മറുകണ്ടം ചാടിയിരുന്നു. പാർട്ടി ഫണ്ട് എന്ന പേരിലാണ് ഇവർ കെ. ജി.എസിൽ നിന്ന് ആദ്യം പണം പറ്റിയത്. ഇതു കൂടാതെ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച നേതാക്കൾക്ക് കെ. ജി. എസ് പ്രത്യേക ഉപഹാരമായി സാമ്പത്തിക സഹായം ചെയ്തിരുന്നതായും ആരോപണമുയർന്നിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ, പ്രാദേശിക തലത്തിൽ പ്രവർത്തിച്ച നേതാക്കളാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നറിയുന്നു.  പണം കൈപ്പറ്റിയവരെ  സമരത്തിന്റെ മുൻ നിരയിൽ നിന്ന് പാർട്ടി നേതൃത്വങ്ങൾ  ഇതിനകം അകറ്റി നിർത്തിയിരുന്നു. അതേസമയം, സംഭാവന വാങ്ങിയ ചില നേതാക്കൾ ഇപ്പോഴും പദ്ധതിക്ക് അനുകൂലമായി പരസ്യ നിലപാട് സ്വീകരിക്കുന്നുമുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.