Home » » അഴിമതിക്കെതിരേ പുതിയ രാഷ്‌ട്രീയ കക്ഷി കേരളത്തിൽ.

അഴിമതിക്കെതിരേ പുതിയ രാഷ്‌ട്രീയ കക്ഷി കേരളത്തിൽ.

Written By Unknown on Friday 29 May 2015 | 19:03

തിരുവനന്തപുരം: അഴിമതിക്കെതിരേ സംസ്‌ഥാനത്ത്‌ പുതിയ രാഷ്‌ട്രീയ കക്ഷി പിറവിയെടുക്കുന്നു. മുന്‍ ചീഫ്‌ സെക്രട്ടറി പി.സി.സിറിയക്കിന്റെയും മുന്‍ അക്കൗണ്ടന്റ്‌ ജനറല്‍ ജെയിംസ്‌ കെ. ജോസഫിന്റെയും നേതൃത്വത്തിലാണു പുതിയ രാഷ്‌ട്രീയപാര്‍ട്ടി. അഴിമതിയെ ചെറുക്കാന്‍ അധികാരം കൂടിയേ കഴിയൂവെന്ന തിരിച്ചറിവാണ്‌ പുതിയ രാഷ്‌ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിന്റെ പിന്നിലെന്ന്‌ പി.സി. സിറിയക്ക്‌ വ്യക്‌തമാക്കി.
  
പാര്‍ട്ടിയുടെ ആദ്യ ആലോചന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്തെ ഇരുമുന്നണികളും അഴിമതിക്ക്‌ കുടപിടിക്കുന്നവരാണ്‌. ഒരു വിഭാഗം അഴിമതിക്കായി പണം വാങ്ങുമ്പോള്‍ മറുവിഭാഗമാകട്ടെ ഇതിനെതിരേ ശബ്‌ദിക്കാതിരിക്കാന്‍ പണം വാങ്ങുന്നു. എറെ പ്രതീക്ഷ നല്‍കി അധികാരത്തിലെത്തിയ ബി.ജെ.പിക്ക്‌ ഈ പ്രതീക്ഷ പൂവണിയിക്കാന്‍ പറ്റിയില്ല. ആം ആദ്‌മിക്കാകട്ടെ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്റെ സംസ്‌കാരമാണ്‌. അപ്പോള്‍ അഴിമതി ഇല്ലാതാക്കാന്‍ അധികാരമില്ലാതെ പറ്റില്ലെന്നായി. അതുകൊണ്ടാണ്‌ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു.തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കു സ്‌ഥാനാര്‍ഥികളുണ്ടാകും. എല്ലായിടത്തും സമാനമനസ്‌കരുടെ യോഗം വിളിച്ച്‌ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
 
ഒരു പൊളിറ്റിക്കല്‍ ഇവന്റ്‌ മാനേജ്‌മെന്റിനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ജയിംസ്‌ കെ.ജോസഫ്‌ പറഞ്ഞു. സത്യത്തിന്റെ നുറുങ്ങുവട്ടം തെളിയിക്കാനായാല്‍ അത്രയും നല്ലതെന്ന തിരിച്ചറിവുള്ള ആര്‍ക്കും സംഘടനയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.