Home » » പിണറായി വിജയന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി പന്ന്യന്‍ രവീന്ദ്രന്‍.

പിണറായി വിജയന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി പന്ന്യന്‍ രവീന്ദ്രന്‍.

Written By Unknown on Sunday 16 November 2014 | 22:43

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി സി.പി.ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കോണ്‍ഗ്രസ് ബന്ധമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി.പി.എം സ്വീകരിച്ച നിലപാട് കൂടി ചൂണ്ടിക്കാട്ടിയാണ് പിണറായിക്ക് പന്ന്യന്‍ മറുപടി നല്‍കിയത്. വിവാദത്തിലേക്ക് മുന്‍മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരെ വലിച്ചിഴച്ച പിണറായിയുടെ പ്രസ്താവന ശരിയായില്ലെന്നും പന്ന്യന്‍ പറഞ്ഞു. ഇടതുമുന്നണി സമരങ്ങള്‍ അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളാണെന്ന വാദത്തില്‍ ഉറച്ചുനിന്ന പന്ന്യന്‍ ജനങ്ങളുടെ സംശയം മാറ്റാന്‍ ശക്തമായി സമരരംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുമുന്നണി യോഗത്തിനു തൊട്ടുമുന്‍പായിരുന്നു പന്ന്യന്റെ മറുപടി.
ഇന്നലെ നടത്തിയ വാര്‍ത്താമ്മേളനത്തിനിടെ സി.പി.ഐയ്ക്ക് എതിരെ പലപ്പോഴും രോഷാകുലനായാണ് പിണറായി വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ പിണറായിയെ പരമാവധി മാന്യമായ ഭാഷയില്‍ സംബോധന ചെയ്തുകൊണ്ടായിരുന്നു പന്ന്യന്റെ ഇന്നത്തെ മറുപടി പ്രസ്താവന. കമ്മ്യുണിസ്റ്റുകാര്‍ രോഷാകുലരാകാന്‍ പാടില്ല. സി.പി.ഐയ്ക്ക് കോണ്‍ഗ്രസ് ഹാങ്ഓവറാണെന്ന് മാന്യസുഹൃത്ത് പറയുന്നത് പഴയകാല സംഭവങ്ങളുടെ പേരിലാണ്. എന്നാല്‍ കോണ്‍ഗ്രസ് ബന്ധം പറഞ്ഞ് ആരും വിരട്ടാന്‍ നോകേണ്ട. അടുത്തകാലത്ത് കോണ്‍ഗ്രസിനെ നിലനിര്‍ത്തിയ ചിലരുണ്ട്. 2004ലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തങ്ങള്‍ പിന്തുണപ്പോള്‍ ആരാണ് നിലനിര്‍ത്തിയത്. എം.പിമാരെ വിലകൊടുത്തുവാങ്ങിയെന്ന് ആരോപണം നേരിട്ട സര്‍ക്കാരിനെ നിലനിര്‍ത്തിയത് സി.പി.എമ്മിലെ ഒരു കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ്. സര്‍ക്കാരിനെ നിലനിര്‍ത്തുന്നതില്‍ മുന്നില്‍ നിന്നത് സോമനാഥ ചാറ്റര്‍ജിയായിരുന്നുവെന്ന് പന്ന്യന്‍ ചൂണ്ടിക്കാട്ടി.
ജ്യോതിബസുവിനെ പ്രധാനമന്ത്രിയാകണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പൊളിറ്റ്ബ്യുറോയില്‍ ഒരു വോട്ടിന്റെ ഭുരിപക്ഷത്തിലല്ലേ മാറിപ്പോയത്. അതിന്റെ അര്‍ത്ഥമെന്താണ്. പി.ബിയില്‍ പകുതിയിലേറെ പേര്‍ കോണ്‍ഗ്രസ് അനുകൂലികളാണെന്നല്ലേ. ഇപ്പോഴത്തെ രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പ് എങ്ങനെയായിരുന്നുവെന്നും കൂടി പരിശോധിക്കണം.
തെറ്റുപറ്റിയാല്‍ തിരുത്തുന്നതാണ് കമ്മ്യുണിസ്റ്റ് ശൈലി. അതാണ് തങ്ങള്‍ പപാലിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയാല്‍ അത് ഭൂഷണമാണെന്ന് കരുതുന്നവരാണ് അവര്‍. സീറ്റു വിവാദം ഉയര്‍ന്നപ്പോള്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സി.പി.എമ്മിലെ സീറ്റുവിവാദം അന്വേഷിച്ചില്ല. ഞങ്ങള്‍ സീറ്റ് വിവാദം അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. അതാണോ തെറ്റ്.
1978ലെ പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം നടപ്പാക്കാന്‍ മുഖ്യമന്ത്രിപദം രാജിവച്ചയാളാണ് പി.കെ.വി. അദ്ദേഹത്തിന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചത് ദുഃഖമുണ്ടാക്കി. സി.പി.ഐ മുഖ്യമന്ത്രിമാര്‍ നല്‍കിയ സംഭാവനകള്‍ മറക്കരുത്. കൃഷിഭൂമി കര്‍ഷകന് നല്‍കിയത് 1970ലെ അച്യുതമേനോന്‍ സര്‍ക്കാരാണ്. വനഭൂമി ദേശവത്കരിച്ചതും അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്.
ഇടതുമുന്നണി സമരങ്ങള്‍ അഡ്ജസ്റ്റുമെന്റ് സമരങ്ങളാണെന്ന് ജനം സംശയിച്ചാല്‍ തെറ്റുപറയാനാവുമോ. സ്വയം വിമര്‍ശനത്തിലൂടെ തെറ്റുതിരുത്താന്‍ തയ്യാറാകണം. മാണിക്കെതിരായ ആരോപണം കഴിഞ്ഞ മാസം 31നാണുണ്ടായത്. രണ്ടിന് എല്‍.ഡി.എഫ് യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാലുവരെ തീരുമാനമുണ്ടായില്ല. പിന്നീട് 10ന് വിളിക്കാമെന്ന് അറിയിച്ചു. അതിനിടെയാണ് എം.വി.ആറിന്റെ വിയോഗം എന്നാല്‍ ഇന്ന് 17നാണ് പിന്നീട് യോഗം വിളിക്കുന്നത്. സോളാര്‍ സമരത്തിനൊടുവില്‍ എന്തു നടന്നുവെന്ന് പരിശോധിക്കണം.
'ചിലര്‍' എന്ന പ്രയോഗം യോജിക്കുന്നത് അവിടെതന്നെയാണ്. മാണിക്കെതിരെ മൂന്നു തരണത്തിലള്ള അന്വേഷണ ആവശ്യമാണ് ഉയര്‍ന്നുവന്നത്. ഇവിടെ ഒരു ആവശ്യം മാത്രമേയുള്ളൂ. അവിടെയാണ് പല അഭിപ്രായം.
'കേസേരയ്ക്ക് യോജിക്കാത്തവന്‍' എന്നതാണ് മറ്റൊരു വിമര്‍ശനം. ഇനി മുതല്‍ എങ്ങനെ ഈ കസേയില്‍ ഇരിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം തേടും.
തെരുവു പ്രസംഗം നടത്തുന്നുവെന്നാണ് മറ്റൊരു ആക്ഷേപം. താന്‍ തെരുവില്‍ പ്രസംഗം വളര്‍ന്നുവന്ന തൊഴിലാളിയാണ്. എ.കെ.ജിയും, ഇ.എം.എസും, എം.എന്നുമെല്ലാം തെരുവില്‍ പ്രസംഗിച്ചവരാണ്. തെരുവില്‍ എന്തു പ്രസംഗിച്ചിച്ചുവെന്നതാണ് പ്രധാനം. മാന്യമായ ഭാഷയാണ് കമ്മ്യുമിസ്റ്റു പാര്‍ട്ടികള്‍ ഉപയോഗിക്കേണ്ടത്.
ഇരു പാര്‍ട്ടികളും തമ്മില്‍ തര്‍ക്കത്തിന്റെ വഴിയില്ല. തര്‍ക്കിച്ചു മുന്നോട്ടുപോകാനാവില്ല. രാഷ്ട്രീയവും നയപരവുമായ വിഷയങ്ങളില്‍ തര്‍ക്കമാകാം. ഇന്നലെ സി.പി.എമ്മിന്റെ സെക്രട്ടറി നടത്തിയ വിമര്‍ശനം കണ്ടു. അതില്‍ തനിക്കെതിരെ കടുത്തവാക്കുകള്‍ ഉപയോഗിക്കാത്തതില്‍ നന്ദിയുണ്ട്.
മാണിക്കെതിരെ മൃദുസമീപം സ്വീകരിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. ആരാണ് മാണിയോട് മൃദുസമീപം സ്വീകരിക്കുന്ന്. ചാനല്‍ ചര്‍ച്ചകള്‍ കേള്‍ക്കുന്ന എല്ലാവര്‍ക്കൂം അതു മനസ്സിലാകും. തന്നെ വിമര്‍ശിച്ച് പാര്‍ട്ടി പത്രാധിപര്‍ തന്നെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തി. മാണിയെ കുറിച്ച് പറയാന്‍ പന്ന്യനെന്തുകാര്യമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. പഴയ മാണിയല്ല ഇപ്പോളത്തെ മാണിയെന്നും പന്ന്യന്‍ പറഞ്ഞു.
ഇടതുപക്ഷ മുന്നണി കൂടുതല്‍ ശക്തമായി മുന്നേട്ടുപോകാനുള്ള ചര്‍ച്ചകള്‍ നടത്തി തങ്ങള്‍ മുന്നോട്ടുപോകും. ഇടതുകക്ഷികളുടെ യോജിച്ചുള്ള നീക്കമാണ് രാജ്യത്തിന്റെ വേണ്ടതെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനം ഭരിക്കുന്നത് കോഴ സര്‍ക്കാരാണെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാണിക്കെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും പന്ന്യന്‍ പറഞ്ഞു. 57നു ശേഷം കേരളം കണ്ട ഏറ്റവും പരസ്യമായ വെളിപ്പെടുത്തലാണിതെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.