Home » » വിഷഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം...

വിഷഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം...

Written By Unknown on Saturday, 18 January 2014 | 02:52

  
കാഞ്ഞങ്ങാട്ടുനിന്നും കാസര്‍ഗോട്ടേക്ക്‌ പോകുന്ന വഴിയിലാണ്‌ പെരിയഗ്രാമം. ദേശീയ പാതയ്‌കേകിരുവശവും ഇരുണ്ട്‌ പന്തലിച്ച്‌ കശുമാവിന്‍തോപ്പുകള്‍. കുറച്ചുമാറി പുതുതായി വെച്ചുപിടിപ്പിക്കുന്ന തൈമാവുകള്‍. അതിനിടയില്‍, കാറ്റാടിമരങ്ങള്‍ അതിരിടുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റ്‌ ബംഗ്ലാവ്‌. കശുമാവിന്‍തോപ്പുകള്‍ക്കിടയിലൂടെ കൊച്ചുനീര്‍ച്ചാലുകള്‍. അത്‌ അടിവാരങ്ങളിലെ ജലസ്രോതസ്സുകളിലേക്കൊഴുകുന്നു.
എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ കുളിച്ചാണിവിടം മരണത്താഴ്‌വരയയായത്‌. മാറാവ്യാധികള്‍ക്കിരയായി അകാലത്തില്‍ പൊലുഞ്ഞവര്‍, അംഗവൈകല്യത്തോടെ പിറന്നുവീണവര്‍, മാരകരോഗങ്ങളാല്‍ പിടയുന്നവര്‍..... ഈ പെരിയയെപ്പോലെ, എന്‍ഡോസള്‍ഫാന്‍ തകര്‍ത്തെറിഞ്ഞ കാസര്‍ഗോഡന്‍ ഗ്രാമങ്ങള്‍ ഇനിയുമൊട്ടേറെ.
പെരിയയിലെ കൃഷിഭവനില്‍ ഉദ്യോഗസ്ഥയായി ലീലാകുമാരിയമ്മ എത്തിയതിനുശേഷമാണ്‌, കീടനാശിനി എന്ന പേരില്‍ സര്‍ക്കാര്‍ വിതരണം ചെയ്‌തിരുന്നത്‌ കൊടുംവിഷമാണെന്നും, ഗ്രാമത്തിലെ മണ്ണിലും കാറ്റിലും വിഷം നിറച്ച്‌ ദുരിതം വിതറുന്നത്‌ എന്‍ഡോസള്‍ഫാന്‍ ആണെന്നും പുറംലോകം തിരിച്ചറിഞ്ഞത്‌.
`അണ്ണാനും, കാക്കയും, മരപ്പട്ടിയുമെല്ലാം ചത്ത്‌ മരവിച്ച്‌ റോഡരികില്‍ കിടക്കുന്നുണ്ടാകും. `മരുന്ന'ടിച്ചുകഴിഞ്ഞാല്‍ എസ്റ്റേറ്റില്‍ ഒരു കിളിയൊച്ചപോലും കേള്‍ക്കില്ല. എല്ലാം പ്രാണനും കൊണ്ടോടും. അല്ലാത്തവ ചത്തുവീഴും. കിണറ്റിലും തോട്ടിലുമെല്ലാം മീനും തവളയും ചത്തുപൊന്തും. ഒരു മുന്നറിയിപ്പുപോലുമില്ലാതെയാണ്‌ ഹെലികോപ്‌റ്റര്‍ വിഷവുമായി വട്ടംചുറ്റുക. ഒരു മഴ പോലെയത്‌ വീശിയടിക്കും. ദിവസങ്ങളോളമാ ദുര്‍ഗ്ഗന്ധം നിറഞ്ഞുനില്‍ക്കും.
ആരോഗ്യമുള്ളവര്‍പോലും ശ്വസിക്കാന്‍ പാടുപെടും. സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ നേരിട്ടുചെയ്യുന്നതിനാല്‍ ഒന്ന്‌ പ്രതികരിക്കാന്‍പോലുമാകാത്ത അവസ്ഥ. പെരിയയിലെ കൃഷിഭവനില്‍ ഞാന്‍ വരുമ്പോള്‍ ഇതായിരുന്നു ഇവിടുത്തെ സ്ഥിതി.
എന്‍ഡോസള്‍ഫാന്‍ രക്തത്തില്‍ കലര്‍ന്നാല്‍ അതിന്റെ വേരുകള്‍ ജീവകോശങ്ങളില്‍ മുഴുവന്‍ നിറയും. ഗര്‍ഭപാത്രത്തില്‍വെച്ചേ രോഗികളാകുന്നവര്‍. കയ്യും കാലും വളഞ്ഞ്‌ പിരിഞ്ഞുപോയവര്‍, ബുദ്ധിമാന്ദ്യത്തിനിരയായവര്‍, ആന്തരാവയവങ്ങള്‍ പുറത്ത്‌ തള്ളിയവര്‍, നരകമെന്നത്‌ ഭൂമിയില്‍ തന്നെയാണെന്ന്‌ തെളിയിക്കുന്നതായിരുന്നു ഓരോ കാഴിചകളും. മനുഷ്യന്റെ ആരോഗ്യത്തിലും ജീവനിലും വലുത്‌ പണം തന്നെയാണെന്ന്‌ കരുതുന്നവര്‍ക്ക്‌ അതൊന്നുമൊരു വിഷയമേയായില്ല.
കൃഷിഭവനിലിരുന്ന്‌ ഞങ്ങളെപ്പോലുള്ളവര്‍ കര്‍ഷകര്‍ക്ക്‌ കൊടുക്കേണ്ടിയിരുന്നതും ഇതുപോലുള്ള മാരകവിഷങ്ങള്‍തന്നെയായിരുന്നു. ഇതേക്കുറിച്ച്‌ കര്‍ഷകര്‍ക്ക്‌ പറഞ്ഞുകൊടുക്കാന്‍ ഞാന്‍ ഏറെ ശ്രമിച്ചു. അതിന്‌ ചെറിയ ഫലമൊക്കെയുണ്ടായിരുന്നു. പക്ഷേ, അധികൃതര്‍ക്ക്‌ അതൊന്നും പിടിച്ചില്ല. അവര്‍ക്ക്‌ ഡി.ഡി.റ്റിയും ഫുറഡാണും മാലത്തയോണുമൊക്കെ വിറ്റേ മതിയാവൂ. യു.എസ്‌. പരിസ്ഥിതി മന്ത്രാലയംപോലും മാരകവിഷമെന്ന്‌ വിധിയെഴുതിയ എന്‍ഡോസള്‍ഫാന്‍ നിര്‍ബാധമിവിടെ തളിച്ചേ മതിയാവൂ... അങ്ങനെയാണ്‌ നീതിപീഠത്തിന്റെ കനിവേ തേടി ഞങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത്‌.' 
പെരിയയിലെ വീട്ടിലിരുന്ന്‌ `കേരള ശബ്‌ദ'ത്തോട്‌ സംസാരിക്കുകയായിരുന്നു ലീലാകുമാരിയമ്മ.
പോരാട്ടവഴികള്‍
`1994-ല്‍ പെരിയയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസിലും, കോട്ടയത്തെ ഹെഡ്‌ ഓഫീസിലും ഞാന്‍ പരാതികൊടുത്തു. ജില്ലാകളക്‌ടറേയും കൃഷിമന്ത്രിയേയും മുഖ്യമന്ത്രിയേയും നേരിട്ട്‌ കണ്ട്‌ പരാതി പറഞ്ഞു. ഒരു ഫലവുമുണ്ടായില്ല. പിന്നീടാണ്‌ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ ഹോസ്‌ദുര്‍ഗ്‌ മുന്‍സിഫ്‌ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തത്‌. 1998 ലായിരുന്നു അത്‌. എന്‍ഡോസള്‍ഫാനെതിരെ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന കേസായിരുന്നു അത്‌. അതോടെ പെരിയയിലെ ദുരിതം ചര്‍ച്ചാ വിഷയമായി. സ്വന്തം വകുപ്പിനെതിരെ നിയമയുദ്ധം നടത്തുന്നുവെന്നും വ്യാഖ്യാനമുണ്ടായി. കോടതി അതീവ ഗൗരവത്തോടെ ഈ വിഷയത്തില്‍ ഇടപെട്ടതോടെ എനിക്കെതിരെ എതിര്‍പ്പുകളും ഭീഷണികളും ഉയര്‍ന്നു. രാഷ്‌ട്രീയസ്വാധീനത്താല്‍ കര്‍ഷകരേയും തൊഴിലാളികളേയും എനിക്കെതിരെ തിരിച്ചുവിടാന്‍ ശ്രമം നടന്നു. അവരുടെ തൊഴിലില്ലാതാക്കാനാണ്‌ കേസ്‌ കൊടുത്തതെന്ന്‌ പ്രചരിപ്പിച്ചാണ്‌ ആ സാധുക്കളെ അന്ന്‌ പ്രമാണിമാര്‍ പറ്റിച്ചത്‌.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും ഡയറക്‌ടര്‍ബോര്‍ഡ്‌ അംഗങ്ങളില്‍ ചിലരും വീട്ടില്‍വന്ന്‌ കേസ്‌ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം നല്ല വാക്കുകളില്‍, പിന്നീട്‌ ഭീഷണിയുടെ സ്വരത്തില്‍. അവര്‍ എനിക്കെതിരെയും പരാതിയില്‍ ഒപ്പിട്ടവരുടെ പേരിലും കള്ളക്കേസ്‌ കൊടുപ്പിച്ചു. ഹെലികോപ്‌ടറില്‍ നിറയ്‌ക്കാന്‍ വെച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ മറിച്ചുകളഞ്ഞെന്നും, ഒക്കെ തല്ലിത്തകര്‍ത്തെന്നുമായിരുന്നു പരാതി, ചില പോലീസുകാരെ സ്വാധീനിച്ചായിരുന്നു ഈ കളി. പക്ഷേ, യാഥാര്‍ത്ഥ്യം അറിയാവുന്ന നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന്‌ പോലീസ്‌ സ്റ്റേഷനിലെത്തി ഉന്നതോദ്യോഗസ്ഥരോട്‌ സംസാരിച്ചാണ്‌ ആ കള്ളക്കേസ്‌ പിന്‍വലിച്ചത്‌.
ഹോസ്‌ദുര്‍ഗ്‌ കോടതിയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനെതിരെ ഞാന്‍ കൊടുത്ത കേസില്‍, എന്‍ഡോസള്‍ഫാന്‍ ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച്‌ തളിക്കാന്‍ പാടില്ലായെന്ന്‌ അനുകൂലവിധിയുണ്ടായി. 2000 ഒക്‌ടോബര്‍ 18 നായിരുന്നു അത്‌.
2003 ല്‍ കേരള ഹൈക്കോടതി എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ നിരോധിച്ചുകൊണ്ട്‌ ഉത്തരവിട്ടു. 2004 ല്‍ സംസ്ഥാന സര്‍ക്കാരും എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിച്ചുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു. 2005 ആകുമ്പോഴേയ്‌ക്ക്‌ എന്‍ഡോസള്‍ഫാന്റെ കേരളത്തിലെ വില്‍പ്പന കേന്ദ്രസര്‍ക്കാരും നിരോധിച്ചു. ഈ നിയമപോരാട്ടത്തെ പല ലോകരാഷ്‌ട്രങ്ങളും അതീവതാല്‍പ്പര്യത്തോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. കേരളത്തിലെ സാഹചര്യം പഠിച്ച കംബോഡിയ പോലുള്ള രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗം നിരോധിച്ചിട്ടും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ ഈ വിഷത്തിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
നിയമപോരാട്ടം ഒരു വഴിക്ക്‌ നടന്നപ്പോള്‍, അതിന്‌ സമാന്തരമായ പ്രവര്‍ത്തനങ്ങള്‍ കാസര്‍ഗോട്‌ നടക്കുന്നുണ്ടായിരുന്നു. ജനപക്ഷത്ത്‌ നില്‍ക്കുന്ന മാധ്യമങ്ങളും സാമൂഹ്യ സംഘടനകളും രംഗത്തുവന്നു. പെര്‍ളയിലെ ഡോ.വൈ.എസ്‌. മോഹന്‍ കുമാറും, ശ്രീപദ്രെയുമൊക്കെ എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങള്‍ ലോകത്തെമ്പാടുമെത്തിക്കാന്‍ ഏറെ അദ്ധ്വാനിച്ചു. എം.എ റഹ്മാന്‍മാഷെപ്പോലുള്ളവര്‍ കഷ്‌ടപ്പെട്ട്‌ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദയനീയത പുറംലോകത്തെത്തിച്ചു. ഒപ്പം പത്ര പ്രവര്‍ത്തകരും നാടിന്റെ നന്മയ്‌ക്കുവേണ്ടി നിലകൊണ്ടു. അങ്ങനെയാണ്‌ കാസര്‍ഗോട്ടിന്റെ ദൈന്യതകള്‍ കേരളത്തിന്റെ നൊമ്പരമായി മാറിയത്‌. സഹജീവി സ്‌നേഹത്തിന്റെ കൊച്ചുകൂട്ടായ്‌മകള്‍ ഭാരതമാകെ രൂപംകൊണ്ടത്‌.
ജീവിതം വിഷച്ചാക്കുകള്‍ക്കിടയില്‍
വ്യക്തിപരമായി ഒട്ടേറെ വേദനകള്‍ എനിക്ക്‌ നേരിടേണ്ടിവന്നു. എന്നോടൊപ്പം താമസിക്കുന്നതിനിടയില്‍ ജ്യേഷ്‌ഠന്‍ രാമകൃഷ്‌ണന്‌ രോഗം ബാധിച്ചു. രക്തത്തില്‍ എന്‍ഡോസള്‍ഫാന്‍ കലര്‍ന്നിട്ടുണ്ടെന്ന്‌ പിന്നീട്‌ മനസ്സിലായി. ചികിത്സകളേറെ നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ രാമകൃഷ്‌ണേട്ടന്‍ മരണത്തിന്‌ കീഴടങ്ങി. കൃഷിവകുപ്പില്‍നിന്ന്‌ എന്നെ പുകച്ച്‌ ചാടിക്കാനും ഏറെ നീക്കങ്ങളുണ്ടായി. മാനസിക പീഡനങ്ങളും ഭീഷണിയും ഏറെ സഹിക്കേണ്ടിവന്നു. വീട്ടില്‍നിന്നും അകലേയ്‌ക്ക്‌ സ്ഥലം മാറ്റാന്‍ നീക്കമുണ്ടായി. അതൊന്നും ഫലപ്രദമാകാതെവന്നപ്പോള്‍ കീടനാശിനി സ്റ്റോറിലേക്ക്‌ എന്നെ സ്ഥലംമാറ്റി കുടുസ്സുമുറിയില്‍ വിഷച്ചാക്കുകള്‍ക്കിടയിലായിരുന്നു എനിക്ക്‌ കസേര. രൂക്ഷമായ ദുര്‍ഗന്ധം മൂലം കുറച്ചുനേരംപോലും അവിടെയിരിക്കാന്‍ കഴിയില്ലായിരുന്നു. ഈ വിവരങ്ങള്‍ പുറംലോകത്തെത്തിയപ്പോള്‍ ഉന്നതാധികാരികള്‍ക്ക്‌ ഇടപെടാതിരിക്കാനായില്ല. ഡോക്യുമെന്ററിക്കായി റഹ്മാന്‍മാഷ്‌ പെരിയയിലെ തോട്ടത്തില്‍ വന്നപ്പോള്‍ ഞങ്ങളുടെ കാല്‌ വെട്ടുമെന്നുവരെ ഭീഷണിപ്പെടുത്തിയവരുണ്ട്‌. അങ്ങനെ എന്തൊക്കെ അനുഭവങ്ങള്‍...
എന്‍ഡോസള്‍ഫാനെതിരെ കോടതി ഉത്തരവുണ്ടായിട്ടും ജനങ്ങളുടെ അജ്ഞത മുതലെടുത്ത്‌ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍കാര്‍ വിഷമടിച്ചു. കുളപ്പമ്പില്‍ വിഷംനിറച്ച്‌ തൊഴിലാളികളെ കൊണ്ട്‌ പമ്പ്‌ ചെയ്യിച്ചു. കരിയില അടിച്ചുകൂട്ടി പുകച്ചാല്‍ ഇല്ലാതാകുന്ന `തേയിലക്കൊതുകി'നെ തുരത്താനായിരുന്നു ആ സാഹസം. അങ്ങനെ രോഗികളായവരും മരിച്ചവരുമൊക്കെ എത്രയോ പേരുണ്ട്‌. ഇതില്‍നിന്നൊക്കെ കോര്‍പ്പറേഷന്‌ കൈകഴുകി മാറാനാവില്ല.
കോടതി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ചെയ്‌ത ക്രൂരത ആര്‍ക്കും സഹിക്കാനാവില്ല. നഞ്ഞംപറമ്പിലെ തോട്ടത്തില്‍ ആഴത്തില്‍ കുഴിയെടുത്ത്‌ ക്വിന്റല്‍ കണക്കിന്‌ എന്‍ഡോസള്‍ഫാന്‍ ബാരലുകള്‍ കുഴിച്ചിടുകയായിരുന്നു. മലിനീകരണനിയന്ത്രണബോര്‍ഡ്‌ അധികൃതരറിയാതെ, ശാസ്‌ത്രീയമായി നിര്‍ജ്ജീവമാക്കാതെ അതലിഞ്ഞ്‌ ഈ നാടിനെ വിഷത്തില്‍ മുക്കുന്നു. മണ്ണിലും വെള്ളത്തിലും മാറാരോഗങ്ങള്‍ വിതയ്‌ക്കുന്നു. ഈ നാടിനെ വിഷമുക്തമാക്കി, ജീവജാലങ്ങള്‍ക്ക്‌ സ്വാസ്ഥ്യമേകേണ്ടുന്ന അധികാരികള്‍ നേരിട്ടുഭരിക്കുന്ന ഒരു കോര്‍പ്പറേഷനാണ്‌ ഈ വിധത്തില്‍ ദുഷ്‌പ്രവര്‍ത്തി ചെയ്‌തത്‌. സാധാരണ ജനങ്ങളെ തൃണതുല്യം അവഗണിച്ചത്‌. ഇന്നല്ലെങ്കില്‍ നാളെ ഇതിനൊക്കെ ഇവര്‍ കണക്ക്‌ പറയേണ്ടിവരും.
മരണവുമായി മുഖാമുഖം
2001 ഒക്‌ടോബര്‍ 18. അന്നാണെനിക്ക്‌ അപകടമുണ്ടായത്‌. കൃത്യമായി പറഞ്ഞാല്‍ കോടതി വിധി വന്ന്‌ ഒരു വര്‍ഷം തികയുന്നദിവസം ചാലിങ്കാല്‍ പഞ്ചായത്ത്‌ ഓഫീസിനടുത്തുനിന്ന്‌ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക്‌ വരികയായിരുന്നു. പെട്ടെന്നാണ്‌ ഒരു ചരക്കുലോറി ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചത്‌. പിന്നെയൊന്നുമറിയില്ല. ഒരു കാല്‌ പൂര്‍ണ്ണമായും നുറുങ്ങിപ്പോയിരുന്നു. തലയും ചെവിയും തകര്‍ന്നു. മാസങ്ങള്‍ കഴിഞ്ഞാണ്‌ ബോധം തിരികെ കിട്ടിയതുതന്നെ. വീടിനടുത്തുള്ള കബീര്‍ അപകടസ്ഥലത്തുണ്ടായിരുന്നു. അവന്‍ ഓടിവന്ന്‌ ആശുപത്രിയിലെത്തിച്ചു. രക്തം തന്നു. അതുകൊണ്ട്‌ ഞാനിന്നിങ്ങനെയിരിക്കുന്നു.
ശരീരമാകെ തകര്‍ന്നിരിക്കുന്നു. മുഴുവന്‍ കമ്പിയും സ്‌ക്രൂവും തന്നെയാണ്‌. 15 ലക്ഷത്തിലധികം രൂപ ചികിത്സയ്‌ക്കുവേണ്ടിയായി. സാമ്പത്തികമായി ആകെ തകര്‍ന്നു. 2003 ല്‍ പെന്‍ഷന്‍ ആകുന്നതിന്‌ 3 മാസംമുമ്പാണ്‌ ഓഫീസില്‍ പോയത്‌. ഓഫീസിലെത്തിച്ച്‌, കസേരയില്‍ എടുത്തിരുത്തുകയായിരുന്നു. മനുഷ്യപ്പറ്റുള്ള ചില മേലുദ്യോഗസ്ഥര്‍ ഉണ്ടായിരുന്നത്‌ സഹായകമായി. ഇന്നും അതീവ വേദനയാണ്‌. കാലിന്റെ ചിരട്ട തകര്‍ന്നുപോയതിനാല്‍ നടക്കാന്‍ ഊന്നുവടിവേണം, അല്ലെങ്കില്‍ ആരെങ്കിലും പിടിക്കണം.
ഈ അപകടമെങ്ങനെയുണ്ടായി എന്നെനിക്കറിയില്ല. കോടതിവിധിയുടെ ഒന്നാം വാര്‍ഷികത്തിനുതന്നെ അപകടമുണ്ടായതില്‍ ദുരൂഹതയുണ്ടെന്നത്‌ ശരിതന്നെ. പക്ഷേ, തെളിവുകളൊന്നുമില്ലല്ലോ.
പെരിയ-ദേശീയ ശ്രദ്ധയില്‍
2005 ലാണ്‌ `അസോസിയേഷന്‍ ഓഫ്‌ പീസ്‌-വുമണ്‍ എക്രോസ്‌ ദ ഗ്ലോബ്‌' എന്ന സംഘടന എന്നെക്കുറിച്ച്‌ നോബല്‍ കമ്മിറ്റിയെ അറിയിച്ചത്‌. അങ്ങനെയാണ്‌ ലോകത്ത്‌ സമാധാനത്തിനായി പ്രവര്‍ത്തിച്ച ആയിരം സ്‌ത്രീകളിലൊരാളായി നോബല്‍കമ്മിറ്റി എന്നെയും പരിഗണിച്ചത്‌. ഒട്ടേറെ വിഷമതകള്‍ സഹിച്ച്‌, അന്ന്‌ ഞങ്ങള്‍ വിളിച്ചുപറഞ്ഞത്‌ ഏറ്റെടുക്കാന്‍ അധികാരികള്‍ക്ക്‌ ഇന്ന്‌ കഴിഞ്ഞിട്ടുണ്ട്‌. കമ്മീഷനില്‍മാത്രം കണ്ണുംനട്ടിരിക്കുന്ന ലാഭക്കൊതിയന്‍മാര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഇന്ന്‌ ശക്തമായ കൂട്ടായ്‌മ ഉയര്‍ന്നിട്ടുണ്ട്‌. അതില്‍ ഏറെ സന്തോഷമുണ്ട്‌. പക്ഷേ, എല്ലാംതിരിച്ചറിഞ്ഞ്‌ പ്രതികരിക്കേണ്ടുന്ന ഭരണാധികാരികള്‍ മാത്രം ഇപ്പോഴും ബോധപൂര്‍വ്വം കണ്ണടച്ച്‌ ഇരുട്ടാക്കുന്നു. അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷനുകളില്‍ നാടിനെ മറന്ന്‌, എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്കുവേണ്ടി നാണംകെട്ട്‌ കൈയുയര്‍ത്തുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ പിടയ്‌ക്കുന്ന ജീവനുകളെ നോക്കി കേന്ദ്രമന്ത്രിമാര്‍ വരെ പുച്ഛിച്ചു ചിരിക്കുന്നു. ഈയവസ്ഥ എങ്ങനെയാണ്‌ സഹിക്കാന്‍ കഴിയുക.
വിഷത്തില്‍ കുളിച്ച്‌, വിഷത്തില്‍ വളര്‍ന്നാണ്‌ പച്ചക്കറിതൊട്ട്‌ എല്ലാം നമുക്ക്‌ കമ്പോളത്തിലെത്തുന്നത്‌. കാന്‍സര്‍ അടക്കം മാരക രോഗങ്ങളും വഹിച്ചാണിവ വിവിധ നിറത്തിലും, വലുപ്പത്തിലുമെത്തുന്നത്‌. പൊതുസമൂഹമതറിയണം, നാമോരോരുത്തരും ജൈവമാര്‍ഗ്ഗത്തിലേക്ക്‌ തിരിഞ്ഞില്ലെങ്കില്‍ ഒരു സംശയവും വേണ്ട. അധികം വൈകുംമുമ്പെ നാം മാറാരോഗികളാകും. ഒപ്പം വരാനിരിക്കുന്ന തലമുറകളും.'
ശാരീരിക ക്ഷീണം നന്നായി അലട്ടുന്നെങ്കിലും ഈ അമ്മ നിര്‍ത്താതെ സംസാരിക്കുകയാണ്‌. നാടിന്റെ ധാര്‍മ്മികച്യുതിയെ സ്വന്തം ജീവിതംകൊണ്ട്‌ പ്രതിരോധിച്ച ഈ അമ്മയുടെ ഓരോ വാക്കുകളിലും ആ ഇച്ഛാശക്തി പ്രകടമാണ്‌. വാഹനാപകടത്തിനുശേഷം, പരസഹായത്തോടെയാണെങ്കിലും, എന്‍ഡോസള്‍ഫാനെതിരായ ഓരോ സമരവേദിയിലും ലീലാകുമാരിയമ്മ ഇന്നുമെത്തുന്നു. ഭര്‍ത്താവ്‌ കരുണാകരന്‍നായരുടേയും മറ്റ്‌ കുടുംബാംഗങ്ങളുടേയും പിന്തുണ ആ പോരാട്ടത്തിന്‌ കരുത്താകുന്നു.
അധികാര ധാര്‍ഷ്‌ട്യവും പണത്തിന്റെ ഹുങ്കും തലയുയര്‍ത്തിനിന്ന്‌ വെല്ലുവിളികളുളയര്‍ത്തിയപ്പോഴും കീഴടങ്ങാതെ, ഒറ്റയാള്‍ പോരാട്ടം നടത്തി, വിഷഭീകരതയെ മുട്ടുകുത്തിച്ച ലീലാകുമാരിയമ്മയുടെ ജീവിതം പാരിസ്ഥിതികപോരാട്ട ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരേടാണ്‌.
മുറ്റത്ത്‌ വളരുന്ന ചീരയ്‌ക്കുപോലും രാസവിഷമടിക്കാന്‍ പ്രബന്ധമെഴുതുന്ന കാര്‍ഷിക വിദ്‌ഗ്‌ധന്മാരുള്ള ഈ നാട്ടില്‍, എന്‍ഡോസള്‍ഫാന്‍ പല രൂപത്തിലും ഭാവത്തിലും പുനരവതരിച്ചില്ലെങ്കിലല്ലേയുള്ളു അത്ഭുതം. കാസര്‍ഗോഡ്‌ മാത്രമല്ല, പാലക്കാട്ടും, വയനാട്ടിലും, ഇടുക്കിയിലും മൂന്നാറിലുമെല്ലാം ഇന്നും എന്‍ഡോസള്‍ഫാന്‍ സുലഭംതന്നെ. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികാരികളും കാര്‍ഷികവകുപ്പുമെല്ലാം അതിന്‌ പച്ചക്കൊടിയും കാണിക്കുന്നു.
ലീലാകുമാരിയമ്മമയെപ്പോലുള്ളവര്‍ സ്വന്തം ജീവിതംകൊണ്ട്‌ പോരാടിയതിന്റെ പ്രാധാന്യം ഭരണാധികാരികള്‍ തിരിച്ചറിയണം. അതിലുപരി പൊതു സമൂഹവും. ജീവരാശിയെ തകര്‍ത്തെറിയുന്ന രാസവിഷ വാഴ്‌ചയ്‌ക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്തണം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.