വിനോദത്തിനും മാംസത്തിനും മുട്ടയ്‌ക്കുമായി ആദികാലം മുതല്‍ തന്നെ കോഴികളെ വീടുകളില്‍ വളര്‍ത്തിയിരുന്നു. വ്യത്യസ്‌ത പ്രജനന തന്ത്രത്തിലൂടെ വിവിധ ജനുസുകളില്‍പ്പെട്ട കോഴികളെ സൃഷ്‌ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ഏറെ പ്രചാരം നേടിയ വിഭാഗമാണ് അലങ്കാര കോഴികള്‍. വിവിധ നിറങ്ങളില്‍ വ്യത്യസ്‌തമായ ശരീരപ്രകൃതിയുള്ള മനോഹരങ്ങളായ ഈ കോഴിവര്‍ഗങ്ങള്‍ മനുഷ്യരുമായി ഏറെ ഇണങ്ങിയവയാണ്. സില്‍ക്കി, പോളിഷ് ക്യാപ്പ്, കൊച്ചിന്‍ ബാന്റം, സില്‍വര്‍ ലെയ്‌സ്‌ഡ്, മില്ലി ഫ്‌ളൂര്‍, ബൂട്ടഡ് ബാന്റം, ജാപ്പനീസ് ബാന്റം, റോസ് കോമ്പ്, അസീല്‍ എന്നിവയാണവ.
ബാന്റം കോഴികള്‍
അലങ്കാര കോഴികളില്‍ ഏറ്റവും മനോഹരമായ ഇനമാണിത്. ബാന്റം എന്ന വാക്കിന്റെ അര്‍ത്ഥം ചെറുത് എന്നാണ്. മുതിര്‍ന്ന കോഴികള്‍ക്ക് 500 രൂപ മുതല്‍ 15,000 രൂപ വരെ വിലയുണ്ട്. മുട്ടകള്‍ക്ക് 50-500 രൂപയാണ് വിപണിയിലെ മോഹവില.
തറനിരപ്പില്‍ നിന്നും അല്‍പം ഉയരത്തില്‍ കോഴികളെ കാണത്തക്ക വിധം കൂടുകള്‍ ക്രമീകരിക്കാം. ഒരു കോഴിക്ക് അരമീറ്റര്‍ വീതിയിലും നീളത്തിലും പൊക്കത്തിലുമുള്ള സമചതുരാകൃതിയിലാണ് കൂടുപണിയേണ്ടത്. ഇതിനായി സമചതുര കമ്പിവല കണ്ണികള്‍ ഉപയോഗിക്കാം. കൂടുകളോട് ഘടിപ്പിച്ച സ്റ്റീല്‍ പാത്രങ്ങളില്‍ തീറ്റയും മണ്‍പാത്രങ്ങളില്‍ വെള്ളവും നല്‍കാം. ബാന്റം കോഴികളുടെ പ്രജനനം ശാസ്‌ത്രീയമായിരിക്കണം. ശുദ്ധജനുസുകളെ ഉത്‌പാദിപ്പിക്കാനായി ഒന്നാം തലമുറയിലേയും രണ്ടാം തലമുറയിലേയും കോഴികളെ അവയുടെ മാതാപിതാക്കളുമായി പ്രജനനം നടത്തി ലക്ഷണമൊത്ത ശുദ്ധ ജനുസുകളെ സൃഷ്‌ടിക്കാം.
ബാന്റം കോഴികള്‍ 40-60 മുട്ടകള്‍ ഇടും. പൊതുവെ അടയിരിക്കുന്നവയാണ് ബാന്റം കോഴികള്‍. മുട്ടവിരിയാന്‍ 21-28 ദിവസം വേണം. ഇന്‍ക്യൂബേറ്ററോ പൊരുന്ന കോഴിയോ ഉപയോഗിച്ചും മുട്ട വിരിയിക്കാം. മുട്ട വിരിഞ്ഞു കഴിഞ്ഞാല്‍ ബള്‍ബ് കത്തിച്ച് ബ്രൂഡര്‍ ഒരുക്കി രണ്ടാഴ്‌ച ബ്രൂഡിങ് നടത്താം. മൂന്നാം ദിവസം മുതല്‍ തരി വലിപ്പം കുറഞ്ഞ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കിതുടങ്ങാം. മറ്റു പരിചരണങ്ങളെല്ലാം മറ്റു കോഴികളെ പോലെ തന്നെ.
സില്‍ക്കി
ചൈനയില്‍ നിന്നും വന്ന ഈ കോഴികളെ കണ്ടാല്‍ വെള്ള പൊമേറിയന്‍ നായ കുട്ടിയെപ്പോലെ തോന്നിക്കും. തൊലിക്ക് നീലനിറമാണ്. 5 മാസം പ്രായമായാല്‍ പ്രജനനം ആരംഭിക്കാം. വര്‍ഷത്തില്‍ 120-180 മുട്ട ലഭിക്കും. മുട്ടവിരിയാന്‍ 20-21 ദിവസം വേണം.
പോളിഷ് ക്യാപ്
ഇവയുടെ ജന്മനാട് പോളണ്ടാണ്. കണ്ണുകള്‍ മറച്ചുകൊണ്ട് മുഖത്തേക്ക് വീണുകിടക്കുന്ന തൂവല്‍ക്കൂട്ടം തികച്ചും ആകര്‍ഷകമാണ്. ഇവ പല നിറങ്ങളില്‍ കാണപ്പെടുന്നു. 120-180 മുട്ട വര്‍ഷത്തില്‍ ലഭിക്കുന്നു.
കൊച്ചിന്‍ ബാന്റം
പേരില്‍ `കൊച്ചിന്‍' ഉണ്ടെങ്കിലും ഇവ ചൈനാക്കാരാണ്. ശരീര വലുപ്പത്തിന്റെയും നിറങ്ങളുടെയും അടിസ്ഥാനത്തില്‍ ഇവയില്‍ വൈറ്റ് കൊച്ചിന്‍, ബഫ്‌കൊച്ചിന്‍, ഗ്രേകൊച്ചിന്‍, ബ്ലാക്ക് കൊച്ചിന്‍, പാറ്റ്‌ഡ്രിജ് കൊച്ചിന്‍ എന്നീ ഇനങ്ങളുമുണ്ട്. വര്‍ഷത്തില്‍ 120-150 മുട്ടകള്‍ ലഭിക്കും. നന്നായി ഇണങ്ങുന്ന കോഴികളാണിവ.
ജാപ്പനീസ് ബാന്റം
ജപ്പാന്‍കാരായ ഈ കോഴികളെ നമ്മുടെ നാട്ടില്‍ സില്‍വര്‍ലേസ് എന്ന് പൊതുവെ വിളിക്കാറുണ്ട്. നഗ്നമായ കാലുകളും നേരെയുള്ള വാലും ഒതുങ്ങിയ ശരീരവും ഇവരെ വ്യത്യസ്‌തരാക്കുന്നു.
സിബ്രയറ്റ്
തുണികളില്‍ ചെയ്‌ത എംബ്രോയിഡറി പോലെ തൂവലുകള്‍ ശരീരത്തില്‍ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നതാണ് ഇവയുടെ സൗന്ദര്യം. വെളുപ്പുനിറം, സ്വര്‍ണ്ണനിറം തുടങ്ങിയ നിറങ്ങളില്‍ ഇവയെ കാണപ്പെടുന്നു. 5 മാസമാകുമ്പോള്‍ മുട്ടയിടും. 120-150 മുട്ടകള്‍ ലഭിക്കും. മുട്ട വിരിയാന്‍ 19-20 ദിവസങ്ങള്‍ വേണം.
സുല്‍ത്താന്‍
ടര്‍ക്കിക്കാരായ ഇവയുടെ തലയില്‍ വി ആകൃതിയില്‍ ഒരു തലപ്പാവ് ഉണ്ട്. പാദം കവിയുന്ന രോമക്കുപ്പായവും അലങ്കാരം കൂട്ടുന്നു. തൂവെള്ള നിറത്തിലും കറുപ്പ് നിറത്തിലും ഇവയെ ലഭിക്കും.
മില്ലിഫ്‌ലൂര്‍
ബൂട്ടഡ് ബാന്റം വിഭാഗത്തിലെ പ്രധാന ഇനമാണിത്. വിവിധ മേനി നിറങ്ങളില്‍ ആകര്‍ഷകമായ തൂവല്‍പൊട്ടുകള്‍ എല്ലാ തൂവലുകളിലും വീഴുന്നതാണ് മില്ലിഫ്‌ലൂറിന്റെ പ്രത്യേകത.
കടപ്പാട്: കേരള കര്‍ഷകന്‍








