Home » » പ്രാവുകള്‍ - സമാധാനപ്രിയര്‍.

പ്രാവുകള്‍ - സമാധാനപ്രിയര്‍.

Written By Unknown on Tuesday, 14 January 2014 | 22:18

ലോകസമാധാനത്തിന്റെയും ശാന്തിയുടെയും പ്രതീകമായ പ്രാവുകള്‍ ബി.സി. 3000 ല്‍ തന്നെ മനുഷ്യന്‍ ഇണക്കിവളര്‍ത്തിയിരുന്നു. മനുഷ്യരോടു നന്നായി ഇണങ്ങുകയും നന്ദിസൂചകമായ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന പക്ഷികളാണിവ. രൂപത്തിലും തൂവല്‍ വിന്യാസത്തിലും ശബ്‌ദത്തിലും പ്രകൃതത്തിലുമൊക്കെ വ്യത്യസ്‌തത പുലര്‍ത്തുന്ന പ്രാവിനങ്ങള്‍ 800 ല്‍ പരമുണ്ട്‌. കഴുത്ത്‌ ആട്ടി നടക്കുന്നവ, പ്രത്യേക രീതിയില്‍ പറക്കുന്നവ, വയര്‍ വീര്‍പ്പിച്ചു നടക്കുന്നവ, ശബ്‌ദവ്യത്യാസമുള്ളവ തുടങ്ങി പലപ്രകൃതത്തിലുള്ള പ്രാവുകളേയും സൃഷ്‌ടിച്ചിട്ടുണ്ട്‌. ഉപയോഗക്രമമനുസരിച്ച്‌ ഇവയെ ഭക്ഷണത്തിനുവേണ്ടി വളര്‍ത്തുന്നവ, മല്‍സരത്തിനുള്ള പന്തയ പ്രാവുകള്‍, പറന്നു നടക്കുന്ന സാധാരണ പ്രാവുകള്‍, വിദേശത്തുനിന്നും ഇറക്കുമതി ചെയ്‌ത ഫാന്‍സി പ്രാവുകള്‍ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്‌.
അടുത്തകാലത്ത്‌ പക്ഷികമ്പോളത്തില്‍ വലിയ ഡിമാന്റുണ്ടായ പ്രാവുകളാണ്‌ ഫാന്‍സി പ്രാവുകള്‍, ഫാന്‍സി പ്രാവുകളുടെ ഒരു ജോഡിക്ക്‌ 1000ുതല്‍ 50,000 രൂപ വരെ വിലയുണ്ട്‌. ഭംഗിയുള്ളതും എന്നാല്‍ അധികം വിലയില്ലാത്തതുമായ പ്രാവിനങ്ങളാണ്‌ ആട്ട പ്രാവ്‌, പൗട്ടേര്‍സ്‌, കന്യാസ്‌ത്രീ എന്നിവ. വാല്‍വിടര്‍ത്തുമ്പോള്‍ ഫാന്‍ പോലെ വിരിഞ്ഞു നില്‍ക്കുന്നവയാണ്‌ ഫാന്‍ ടെയിലുകള്‍ അഥവാ ആട്ടപ്രാവുകള്‍. തൂവെള്ള, കറുപ്പ്‌, തവിട്ട്‌ നിറങ്ങളിലുള്ള ആട്ടപ്രാവുകളുണ്ട്‌. വീര്‍ത്ത തൊണ്ടയുള്ളതാണ്‌. പൗട്ടേര്‍സ്‌, പടങ്ക്‌ കിങ്ങ്‌, സാറ്റിന്‍, ഫ്രില്‍ബാക്ക്‌, ഇംഗ്ലീഷ്‌ മാഗ്‌പി, ഫ്രഞ്ച്‌ മൊണ്ടാന തുടങ്ങിയവ നല്ല ഫാന്‍സി പ്രാവിനങ്ങളാണ്‌. വളരെ ദൂരം പറക്കുന്നവയും വളര്‍ത്തുന്നവരോട്‌ അടുപ്പം കാട്ടുന്നവയുമായ ഇനമാണ്‌ ഹോമര്‍.
ഡൗവ്‌ ഇനത്തില്‍പ്പെട്ടവയ്‌ക്ക്‌ നല്ല ഡിമാന്റും വിലയുമുണ്ട്‌. ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്‌, ഓസ്‌ട്രിയ, അമേരിക്ക, നെതര്‍ലാന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളിലെ ഡൗവുകള്‍ക്ക്‌ ഇതില്‍ നല്ല പ്രിയമാണുള്ളത്‌. ഡയമണ്ട്‌ പ്രാവുകള്‍, റെഡ്‌ ടര്‍ട്ടില്‍ പ്രാവുകള്‍, തടിപ്രാവ്‌, ചരിപ്രാവ്‌ എന്നിവ ഇതില്‍ ചിലതാണ്‌.
രണ്ട്‌ മുട്ടയാണ്‌ പ്രാവ്‌ ഇടുക. 14-19 ദിവസം വേണം മുട്ട വിരിയാന്‍. പ്രാവുകളില്‍ പൂവനും പിടയും അടയിരിക്കും. വിരിഞ്ഞിറങ്ങിയ ഉടന്‍ പിടയുടെ അന്നനാളത്തിലെ ദ്രാവകമാണ്‌ കുഞ്ഞുങ്ങളുടെ ആഹാരം. ഒരു വര്‍ഷം ഒരു ജോഡി പ്രാവിനെ കുറഞ്ഞത്‌ 8 തവണ പ്രജനനം നടത്താനാകും. ഇതില്‍ നിന്ന്‌ ചുരുങ്ങിയത്‌ 6 ജോഡി പ്രാവുകളെയെങ്കിലും ലഭിക്കും. ജോഡിക്ക്‌ 10,000 രൂപ വില കിട്ടിയാല്‍ തന്നെ 60,000 രൂപ ലഭിക്കുമെന്ന്‌ സാരം. വിലകൂടിയ ജനുസുകള്‍ക്ക്‌ മുതല്‍ മുടക്കിയാല്‍ കൂടുതല്‍ ആദായവും ലഭിക്കും. ശുദ്ധജനുസുകളെ വളര്‍ത്തി അവയുടെ പ്രജനനം നടത്തി വംശ ഗുണമുള്ള പ്രാവുകളെ ഉത്‌പാദിപ്പിക്കുകയാണ്‌ ഒരു ബ്രീഡര്‍ ചെയ്യേണ്ടത്‌. ഇതിനായി കേരളത്തില്‍ ഒരു സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ട്‌. കേരള പീജിയണ്‍ സൊസൈറ്റിയുടെ ആസ്ഥാനം കൊച്ചിയാണ്‌. മാസത്തില്‍ രണ്ടാമത്തെ ഞായറാഴ്‌ച എല്ലാവരും അവിടെ ഒത്തുകൂടും. രജിസ്റ്റര്‍ ചെയ്‌ത എല്ലാ ബ്രീഡര്‍മാര്‍ക്കും നാമമാത്രമായ തുക സൊസൈറ്റിക്ക്‌ നല്‍കി അവരുടെ പ്രാവുകളെ പൊതുവിപണിയിലെത്തിക്കാനും തങ്ങളുടെ പ്രാവുകള്‍ക്ക്‌ മോഹവില ലഭിക്കാനും ഇത്തരം ഒത്തുചേരല്‍ വഴിയൊരുക്കുന്നു.
കേരള പീജിയണ്‍ സൊസൈറ്റി ഫോണ്‍: 9895198953
കടപ്പാട്‌ - കേരളകര്‍ഷകന്‍
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.