മലപ്പുറം * ഐപിഎല്‍ മാതൃകയില്‍ അത്‌ലറ്റിക്‌സ് ലീഗ് നടത്താനുള്ള പദ്ധതിയുമായി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എഎഫ്‌ഐ) രംഗത്തുവന്നു. പ്രമുഖ വിദേശ അത്‌ലിറ്റുകളെ ഐക്കണ്‍ താരങ്ങളായി കൊണ്ടുവന്ന് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ലീഗ് എന്ന പേരില്‍ രണ്ടാഴ്‌ച നീളുന്ന ചാംപ്യന്‍ഷിപ് നടത്താനാണ് ആലോചന. സാധ്യതാപഠനം പൂര്‍ത്തിയായെങ്കിലും ഈ വര്‍ഷം ലീഗ് നടക്കുമോയെന്ന കാര്യം അറിവായിട്ടില്ല.
എഎഫ്‌ഐയുടെ പദ്ധതി ഇങ്ങനെയാണ്: രാജ്യത്തെ പ്രമുഖ നഗരങ്ങള്‍ക്കെല്ലാം ലീഗില്‍ ടീമുകളുണ്ടാകും. കൊച്ചി, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിങ്ങനെ. ഇന്ത്യന്‍ താരങ്ങളെ ഓരോ നഗരത്തിനും ലേലത്തിലൂടെ സ്വന്തമാക്കാം. ഇതിനു പുറമേ, ഓരോ ടീമിലും ഐക്കണ്‍ താരമായി ഒന്നോ രണ്ടോ വിദേശ അത്‌ലിറ്റുകളെയും ഉള്‍പെടുത്തും. വിവിധ സ്‌ഥലങ്ങളിലായി രണ്ടാഴ്‌ചക്കാലം മല്‍സരങ്ങള്‍ നടക്കും. ഓരോയിടത്തും ഒന്നോ രണ്ടോ ദിവസമേ മീറ്റ് നീളുകയുള്ളൂ. വിജയികള്‍ക്കു വന്‍ സമ്മാനത്തുകയുണ്ടാവും.
സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും ടീമുകളിലേക്കു താരങ്ങളെ കണ്ടെത്താനും ബുദ്ധിമുട്ടുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് എഎഫ്‌ഐ. പക്ഷേ, ഇത്തരമൊരു വമ്പന്‍ പരിപാടിയുടെ സാധ്യതകള്‍ താരങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുക പ്രയാസമാണെന്ന അഭിപ്രായം ഫെഡറേഷനില്‍ ചിലര്‍ക്കുണ്ട്.
ഈ വര്‍ഷം ഫെഡറേഷന്‍ നടത്തുന്ന മീറ്റുകളുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് ഐപിഎല്‍ മാതൃകയിലുള്ള ലീഗിനെപ്പറ്റി ആലോചിക്കുന്ന കാര്യം അധികൃതര്‍ വെളിപ്പെടുത്തിയത്. ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസും ഈ വര്‍ഷമുള്ളതിനാല്‍ ഇത്തവണ വളരെ നേരത്തെയാണു ദേശീയ മീറ്റുകള്‍ നടത്തുന്നത്. ദേശീയ സീനിയര്‍ ഇന്റര്‍ സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് ജൂണ്‍ 18 മുതല്‍ 22 വരെ ലക്‌നൗവിലും ഫെഡറേഷന്‍ കപ്പ് ഓഗസ്‌റ്റ് 16 മുതല്‍ 19 വരെ പട്യാലയിലും നടക്കും. ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ സീനിയര്‍ മീറ്റില്‍നിന്നും ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ ഫെഡറേഷന്‍ കപ്പില്‍നിന്നും തിരഞ്ഞെടുക്കാനാണു തീരുമാനം.
ജൂണില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ചെന്നൈയില്‍ മേയ് ഒന്‍പതു മുതല്‍ 11 വരെ നടക്കുന്ന ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ മീറ്റില്‍നിന്നു തിരഞ്ഞെടുക്കും. മേയ് രണ്ടു മുതല്‍ നാലുവരെ ഗോവയില്‍ നടക്കുന്ന ദേശീയ യൂത്ത് അത്‌ലറ്റിക്‌സില്‍നിന്നാകും ചൈന വേദിയാകുന്ന രണ്ടാമതു യൂത്ത് ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക.
ഗോവയില്‍നിന്നുള്ളവര്‍ തായ്‌ലന്‍ഡില്‍ നടക്കുന്ന യോഗ്യതാ മല്‍സരത്തില്‍ പങ്കെടുത്തു വിജയിച്ചാല്‍ ഒളിംപിക്‌സിനു പോകാം. ദേശീയ മല്‍സരങ്ങളുടെ സമയക്രമത്തിനനുസരിച്ചു സംസ്‌ഥാന മല്‍സരങ്ങളും നേരത്തെയാക്കിയിട്ടുണ്ട്.

.jpg)






