ദിലീപ്-ജോഷി ചിത്രത്തില്‍ നായികയായി ലക്ഷ്‌മി മേനോന്‍
എത്തുന്നു. തമിഴിലെ തിരക്കേറിയ നടിമാരിലൊരാളായ ലക്ഷ്‌മി ഒരിടവേളയ്‌ക്ക് ശേഷം
മലയാളത്തില്‍ തിരിച്ചെത്തുകയാണ്. രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള ചിത്രത്തിലൂടെയാണ് ലക്ഷ്‌മി ചലച്ചിത്രരംഗത്തെത്തുന്നതെങ്കിലും താരമാകുന്നത് ശശികുമാര്‍ ചിത്രമായ സുന്ദരപാണ്ഡ്യനിലൂടെയാണ്. പിന്നീട് കുംകിയിലൂടെ തമിഴിലെ തിരക്കേറിയ താരമായി ലക്ഷ്‌മി മാറി. 2014ല്‍ കൈനിറയെ തമിഴ് ചിത്രങ്ങളുള്ള ലക്ഷ്‌മി നായികയായെത്തുന്ന മലയാളത്തിലെ ആദ്യത്തെ പ്രോജക്‌ടാണ് ഈ ദിലീപ്- ജോഷി ചിത്രം.
കുടുംബബന്ധങ്ങള്‍ക്കും നര്‍മത്തിനും പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന് കഥ , തിരക്കഥ സംഭാഷണം എന്നിവ നിര്‍വഹിക്കുന്നത് വ്യാസന്‍ ഇടവനക്കാട് ആണ്. പതിവ് ദിലീപ്-ജോഷി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായി സാമൂഹികപ്രതിബദ്ധതയുള്ള പ്രമേയമായിരിക്കും ചിത്രത്തിന്റേത്.
ക്യാമറ ചെയ്യുന്നത് തമിഴിലെ പ്രശസ്‌ത ഛായാഗ്രാഹകനായ ആര്‍.ഡി രാജശേഖര്‍ ആണ്. മോഹന്‍ലാല്‍-ജോഷി ചിത്രമായ റണ്‍ ബേബി റണ്ണിന് ക്യാമറ ചലിപ്പിച്ചതും രാജശേഖര്‍ തന്നെയായിരുന്നു. 4 ബി പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരിക്കും ചിത്രം നിര്‍മിക്കുക.
താരനിര്‍ണയം പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം എറണാകുളത്ത് ആരംഭിക്കും. റംസാന്‍ റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം. ഈ ചിത്രം പൂര്‍ത്തീകരിച്ചതിനു ശേഷമാകും മോഹന്‍ലാല്‍-ജോഷി ചിത്രമായ ലൈലാ ഓ ലൈല ആരംഭിക്കുക







