Home » » ഹെന്ഡേഴ്സണ് ഗോളില് ലിവര്പൂള് ന്യൂകാസിലിനും നോര്വിച്ചിനും ജയം

ഹെന്ഡേഴ്സണ് ഗോളില് ലിവര്പൂള് ന്യൂകാസിലിനും നോര്വിച്ചിനും ജയം

Written By Unknown on Monday, 24 February 2014 | 08:09

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന മത്സരങ്ങളില്‍ ലിവര്‍പൂളിനും ന്യൂകാസില്‍ യുണൈറ്റഡിനും നോര്‍വിച്ച് സിറ്റിക്കും ജയം. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂള്‍ സ്വാന്‍സീ സിറ്റിക്കെതിരെ മൂന്നിനെതിരെ നാല് ഗോളിനാണ് വിജയിച്ചത്.

ആസ്റ്റണ്‍ വില്ലയെ ന്യൂകാസിലും ടോട്ടനംഹോട്സ്പര്‍സിനെ നോര്‍വിച്ചും 1-0 എന്ന സ്കോറിന് പരാജയപ്പെടുത്തി ലീഗ് ടേബിളില്‍ ഓരോ സ്ഥാനം മെച്ചപ്പെടുത്തി. ബലാബലം മുന്നേറിയ കളിയുടെ തുടക്കത്തില്‍ തന്നെ ഡാനിയല്‍ സ്റ്ററിഡ്ജ് ലിവര്‍പൂളിന് വേണ്ടി ലക്ഷ്യം കണ്ടു. മൂന്നാം മിനിറ്റിലും 36ാം മിനിറ്റിലും ഗോളടിച്ച് തുടര്‍ച്ചയായി എട്ട് ലീഗ് കളികളില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലും സ്റ്ററിഡ്ജ് എത്തി. ഇരുപതാം മിനിറ്റില്‍ ഹെന്‍ഡേഴ്സണ്‍ ആതിഥേയര്‍ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി.

ഇരുപത്തിമൂന്നാം മിനിറ്റില്‍ ജോന്യോ ഷെല്‍വിയും ഇരുപത്തിമൂന്നാം മിനിറ്റില്‍ വില്‍ഫ്രഡ് ബോണിയും ഗോളടിച്ച് സ്വാന്‍സീയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നുവെങ്കിലും സ്റ്ററിഡ്ജിന്റെ രണ്ടാം ഗോള്‍ ലിവര്‍പൂളിന് ഒന്നാം പകുതി അവസാനിക്കുമ്പോള്‍ മേല്‍ക്കൈ നേടി കൊടുത്തു. രണ്ടാം പകുതിയില്‍ തന്നെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടിയിലൂടെ വില്‍ഫ്രഡ് ബോണി സ്വാന്‍സീയെ ഒപ്പമെത്തിച്ചു. മികച്ച നീക്കങ്ങളിലൂടെ ഇരു ടീമുകളും ഗോള്‍ നേടാന്‍ ശ്രമിച്ചുവെങ്കിലും 74ാം മിനിറ്റില്‍ ഹെന്‍ഡേഴ്സണ്‍ ലിവര്‍പൂളിന്റെ നാലാം ഗോള്‍ നേടി വിജയമുറപ്പിച്ചു. വിജയിച്ചെങ്കിലും ഒന്നാം സ്ഥാനക്കാരായ ചെല്‍സിയുമായി ഒരു പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തു തുടരുകയാണ് മുന്‍ ചാമ്പ്യന്‍മാര്‍.

ഇന്‍ജുറി സമയത്ത് ലോയിച്ച് റെമി നേടിയ ഗോളിലാണ് തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്കു ശേഷം ന്യൂകാസില്‍ വിജയവഴിയിലെത്തിയത്്. റോബര്‍ക്ക് സ്നോഗ്രാസ് 47ാം മിനിറ്റില്‍ അഞ്ചാം സ്ഥാനക്കാരായ ടോട്ടനത്തിനെതിരെ നേടിയ ഗോളില്‍ നോര്‍വിച്ച് സിറ്റിയും വിജയിച്ചു. തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ ടോട്ടനത്തിന് സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.