Home » » വെള്ളംകിട്ടാതെ പാലക്കാട് 800 ഹെക്ടര്‍ നെല്‍ക്കൃഷി പൂര്‍ണമായും നശിച്ചു.

വെള്ളംകിട്ടാതെ പാലക്കാട് 800 ഹെക്ടര്‍ നെല്‍ക്കൃഷി പൂര്‍ണമായും നശിച്ചു.

Written By Unknown on Wednesday, 5 March 2014 | 16:04

പാലക്കാട്: വരള്‍ച്ചയും ജലക്ഷാമവും കാര്‍ഷികമേഖലയെ ബാധിച്ചുതുടങ്ങി. വെള്ളംകിട്ടാതെ ജില്ലയിലെ 800 ഹെക്ടര്‍ നെല്‍ക്കൃഷി പൂര്‍ണമായും നശിച്ചു. 1000 ഹെക്ടറില്‍ ഭാഗിക വിളനാശവും ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ കൃഷിവകുപ്പ് കണ്ടെത്തി. കൊയ്ത്ത് പൂര്‍ത്തിയാക്കിയ മണ്ണാര്‍ക്കാട് ബ്ലോക്കില്‍ മാത്രമാണ് ഇത്തവണ വേനല്‍ച്ചൂട് നെല്‍ക്കൃഷിയെ ബാധിക്കാതിരുന്നത്. 

മലമ്പുഴ അണക്കെട്ടിനെ ആശ്രയിച്ച് കൃഷിയിറക്കുന്ന പാലക്കാട് ബ്ലോക്കില്‍ 65 ഹെക്ടര്‍ നെല്‍ക്കൃഷിയാണ് നശിച്ചത്. മണ്ണൂര്‍, കേരളശ്ശേരി, മങ്കര, പറളി, പിരായിരി കൃഷിഭവനുകള്‍ക്ക് കീഴിലാണ് കൃഷിനാശം. ഈ മേഖലയില്‍ 40 ഹെക്ടര്‍ കൃഷിക്ക് ഭാഗിക വിളനാശവും സംഭവിച്ചു. 

ചിറ്റൂര്‍പ്പുഴ, വാളയാര്‍ അണക്കെട്ടുകളെ ആശ്രയിച്ച് കൃഷിയിറക്കിയ പെരുമാട്ടി, എലപ്പുള്ളി, പൊല്‍പ്പുള്ളി, നേല്ലപ്പിള്ളി എന്നീ കൃഷിഭവനുകള്‍ക്ക് കീഴില്‍ 1000 ഹെക്ടര്‍ കൃഷിക്ക് ഭാഗിക വിളനാശമുണ്ടായി. വെള്ളത്തിന്റെ അഭാവത്തില്‍ വിളവ് 50 ശതമാനത്തിലേറെ താഴാനാണ് സാധ്യതയെന്നാണ് കൃഷിവകുപ്പിന്റെ നിഗമനം. 


ചിറ്റൂര്‍, ചുള്ളിയാര്‍ ജലപദ്ധതികളുടെ വാലറ്റ പ്രദേശങ്ങളായ കൊല്ലങ്കോട്, മുതലമട, വടവന്നൂര്‍, കൊടുമ്പ്, പെരുവെമ്പ് എന്നിവിടങ്ങളില്‍ 210 ഹെക്ടര്‍ നെല്‍ക്കൃഷിയാണ് വെള്ളംകിട്ടാതെ കരിഞ്ഞത്. 

ചിറ്റൂര്‍പ്പുഴ പദ്ധതിയുടെ വാലറ്റ പ്രദേശമായ പല്ലശ്ശനയില്‍ 40 ഹെക്ടറും കുഴല്‍മന്ദം കൃഷിഭവന് കീഴിലെ കണ്ണാടി, തേങ്കുറുശ്ശി എന്നിവിടങ്ങളില്‍ 18 ഹെക്ടര്‍ കൃഷിയും പൂര്‍ണമായി നശിച്ചു. 

മംഗലംഡാമിനെ ആശ്രയിക്കുന്ന ആലത്തൂര്‍മേഖലയില്‍ കാവശ്ശേരി, കണ്ണമ്പ്ര, കരിമ്പ മേഖലകളില്‍ 30 ഹെക്ടറിലെ നെല്‍ക്കൃഷിയാണ് ഉണങ്ങി നശിച്ചത്. 


പട്ടാമ്പി, ഒറ്റപ്പാലം മേഖലകളില്‍ 120 ഹെക്ടറിലേറെ നെല്‍ക്കൃഷിക്ക് ഉണക്ക് ബാധിച്ചു. ദുര്‍ബലമായ ഇടവപ്പാതിയും ഇടമഴ ഇല്ലാതായതുമാണ് ഇക്കുറി കാര്‍ഷികമേഖലയെയും ഡാമുകളെയും ചതിച്ചത്. കനിഞ്ഞരുളിയ കാലവര്‍ഷത്തിന്റെ പിന്തുടര്‍ച്ച ഇടവപ്പാതിയിലും ഇടമഴയിലും ഉണ്ടാകുമെന്ന് ഡാം അധികൃതരും കര്‍ഷകരും കരുതി. 

ഇടവപ്പാതിയിലും ഇടമഴയിലും വീണ്ടും അണക്കെട്ട് നിറയ്ക്കാമെന്ന വിശ്വാസത്തില്‍ ഡാം അധികൃതര്‍ കൃഷിക്കായി പരമാവധി വെള്ളം തുറന്നുവിട്ടു. കനത്ത ഇടവപ്പാതിയും ഇടമഴയും പ്രതീക്ഷിച്ച കര്‍ഷകര്‍ പരമാവധി കൃഷിയിറക്കി. ഇടമഴ ശക്തമായിരിക്കുമെന്ന വിശ്വാസത്തില്‍ മിക്കവരും മൂപ്പേറിയ വിത്തിനങ്ങളാണ് ഉപയോഗിച്ചത്. 

ഇടവപ്പാതി ദുര്‍ബലമായതോടെ ഡാം അധികൃതര്‍ ജാഗരൂകരായി. കൃഷിക്കുള്ള വെള്ളം പൊടുന്നനെ നിര്‍ത്തി. ഇതോടെ നെല്‍ക്കൃഷി ഉണങ്ങി നശിക്കാന്‍ തുടങ്ങി. 

കതിരില്‍ പാലുറയ്ക്കുന്ന സമയത്ത് ആവശ്യത്തിന് വെള്ളം കിട്ടാതായതോടെ കതിരെല്ലാം പതിരായി. കൊടുംചൂടില്‍ ഇവയെല്ലാം കരിഞ്ഞുണങ്ങുകയും ചെയ്തു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.