ന്യുഡല്‍ഹി: ബാര്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ സര്‍ക്കാരിന് താത്ക്കാലിക തിരിച്ചടി. ബാര്‍ അടച്ചുപൂട്ടല്‍ സെപ്തംബര്‍ 30 വരെ നീട്ടിവയ്ക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിച്ചു. അതുവരെ തത്സ്ഥിതി തുടരണം. ബാറുടമകളുടെ ഹര്‍ജികളില്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കേസില്‍ ഹൈക്കോടതിയില്‍ അടിയന്തരമായി തീര്‍പ്പുണ്ടാകണം. സര്‍ക്കാരിന്റെ എതിര്‍സത്യവാങ്മൂലം ഈ മാസം 16നകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സമ്പൂര്‍ണ്ണ മദ്യനിരോധനമാണ് സര്‍ക്കാരിന്റെ ലകഷ്യമെങ്കില്‍ എന്തുകൊണ്ട് ബാറുകള്‍ മാത്രം അടച്ചുപൂട്ടുന്നു? എല്ലാ മദ്യവില്‍പ്പന ശാലകളും അടച്ചുപൂട്ടുകയല്ലേ വേണ്ടത്. അല്ലാത്തപക്ഷം ജനങ്ങള്‍ വീടുകളില്‍ വച്ച് മദ്യം ഉപയോഗിക്കുന്ന സാഹചര്യമുണ്ടാവില്ലെ? സമ്പൂര്‍ണ്ണ മദ്യനിരോധനമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഗുജറാത്ത് മാതൃക സ്വീകരിച്ചുകൂടേ? പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകള്‍ നിലനിര്‍ത്തുന്നതിലെ യുക്തി എന്താണ്. പണമുള്ളവര്‍ മാത്രം മദ്യപിച്ചാല്‍ മതിയെന്ന നിലപാടാണോ സര്‍ക്കാരിനെന്നും കോടതി ഇന്നും ആരാഞ്ഞു.
എന്നാല്‍ മദ്യനയം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സമയത്ത് ഏതു സമയത്തും ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിയിരുന്നുവെന്നൂം സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഏറ്റവും കൂടുതല്‍ മദ്യമുപയോഗിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മദ്യം വലിയ സാമൂഹിക വിപത്താണ് ഉണ്ടാക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, 2015 മാര്‍ച്ച് 31 വരെയാണ് ലൈസന്‍സ് എടുത്തിരിക്കുന്നതെന്നും അതുവരെ ബാര്‍ നടത്താന്‍ അനുവദിക്കണമെന്നും ബാറുടമകള്‍ വാദിച്ചു.








