Home » » മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ച് തെരയുന്ന വിക്രമന്‍ കോടതിയില്‍ കീഴടങ്ങി.

മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ച് തെരയുന്ന വിക്രമന്‍ കോടതിയില്‍ കീഴടങ്ങി.

Written By Unknown on Thursday, 11 September 2014 | 04:01

കണ്ണൂര്‍: ആര്‍.എസ്.എസ്. ജില്ലാ ശരീരിക് ശിക്ഷണ്‍ പ്രമുഖ് കിഴക്കേ കതിരൂരിലെ മനോജിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി ടി.ടി.വിക്രമന്‍ (42) കോടതിയില്‍ കീഴടങ്ങി. സുഹൃത്തിനൊപ്പം ബൈക്കിലാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ വിക്രമനെത്തിയത്. പ്രത്യേക അന്വേഷണസംഘം ഡിവൈ.എസ്.പി. കെ.വി. സന്തോഷ് കുമാറിന്റെ അപേക്ഷയില്‍ കോടതി രണ്ടാഴ്ചത്തേക്ക് വിക്രമനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 

രാവിലെ 11.20-നാണ് വിക്രമന്‍ കോടതിയിലെത്തിയത്. ബൈക്കില്‍നിന്നിറങ്ങി നേരെ കോടതിയിലേക്ക് ഓടിക്കയറി. പെട്ടെന്ന് ആര്‍ക്കും കാര്യം മനസ്സിലായില്ല. പിന്നെയാണ് ആളെ തിരിച്ചറിഞ്ഞത്. സി.പി.എമ്മിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ കെ.വിശ്വന്‍ ഈ സമയം കോടതിയിലെത്തിയിരുന്നു. വിക്രമന്‍ കീഴടങ്ങുകയാണെന്ന് അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. രണ്ടുമണിക്ക് കോടതി ഉച്ചയൂണിന് പിരിയുംമുമ്പ് കേസ് പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഉച്ചയൂണിനു ശേഷം പരിഗണിക്കാമെന്നും വിക്രമന് പോലീസ് സംരക്ഷണത്തില്‍ ഊണുനല്‍കണമെന്നും മജിസ്‌ട്രേറ്റ് കെ.കൃഷ്ണകുമാര്‍ നിര്‍ദേശിച്ചു. 

മൂന്നുമണിക്ക് ആദ്യകേസായി വിക്രമന്റെ കീഴടങ്ങല്‍ കോടതി പരിഗണിച്ചു. എന്നാല്‍, കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ പോലീസ് തയ്യാറാക്കുന്നുണ്ടെന്നും അതിനാല്‍ കുറച്ചുകൂടി സമയം നല്‍കണമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കാനാ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. മൂന്നരയോടെ അന്വേഷണോദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.മാരായ കെ.വി.സന്തോഷും സാജനും കോടതിയിലെത്തി. നാലുമണിയോടെ കസ്റ്റഡിയാവശ്യപ്പെട്ടുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി പരിഗണിച്ചു. 
പതിന്നാലുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കരുതെന്ന് വിക്രമനുവേണ്ടി അഭിഭാഷകന്‍ അവശ്യപ്പെട്ടു. എന്നാല്‍, മനോജിന്റെ കൊലപാതകത്തിലെ ഒരു പ്രതിയെപ്പോലും ഇതുവരെ പിടികൂടിയിട്ടില്ലെന്നും ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളുടെ ഉറവിടമോ കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. വിക്രമന്‍ കേസിലെ പ്രധാന പ്രതിയാണ്. ഗൂഢാലോചനമുതല്‍ കൊലപാതകത്തിന്റെ വിവരങ്ങള്‍വരെ അന്വേഷണസംഘത്തിന് ലഭിക്കേണ്ടതുണ്ട്. അതിനാല്‍ വിക്രമനെ വിശദമായി ചോദ്യംചെയ്യണമെന്നും പരമാവധിദിവസം കസ്റ്റഡിയനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ അഡ്വ. വിശ്വന്‍ എതിര്‍ത്തെങ്കിലും അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുന്നതിനെ എന്തിനു സംശയിക്കണമെന്ന് കോടതി ചോദിച്ചു.
പോലീസ് കസ്റ്റഡിയില്‍ വിടുമ്പോള്‍ രാത്രി ചോദ്യംചെയ്യുന്നത് തടയണമെന്നും വിക്രമന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. രാത്രി ചോദ്യംചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ കാര്യവും അദ്ദേഹം കോടതിയെ ഓര്‍മ്മിപ്പിച്ചു. നിയമവിരുദ്ധമായത് നിയമവിരുദ്ധംതന്നെയാണെന്ന് കോടതി പറഞ്ഞു. അതു തടയാന്‍ പുതിയ ഉത്തരവിന്റെ ആവശ്യമില്ല. മനുഷ്യാവകാശലംഘനമാകുന്ന ഒരുനടപടിയുമുണ്ടാവില്ലെന്ന് കോടതി അറിയിച്ചു. ഇതിനു ശേഷമാണ് സപ്തംബര്‍ 25 വരെ വിക്രമനെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. 15 മിനിറ്റിനകം കോടതി നടപടി പൂര്‍ത്തിയാക്കി വിക്രമനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കൊണ്ടുപോയി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.