Home » » രാജ്യം ഉന്നതമായ അംഗീകാരം നല്‍കി ആദരിക്കപ്പെട്ട മോഹന്‍ലാലിന് 'ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍'എന്ന ഡയലോഗുകള്‍ ഒഴിവാക്കാനുളള സാമൂഹിക പ്രതിബദ്ധതയുണ്ട്‌.സംവിധായകന്‍ ഡോ.ബിജു.

രാജ്യം ഉന്നതമായ അംഗീകാരം നല്‍കി ആദരിക്കപ്പെട്ട മോഹന്‍ലാലിന് 'ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍'എന്ന ഡയലോഗുകള്‍ ഒഴിവാക്കാനുളള സാമൂഹിക പ്രതിബദ്ധതയുണ്ട്‌.സംവിധായകന്‍ ഡോ.ബിജു.

Written By Unknown on Thursday, 11 September 2014 | 04:16

ആദിവാസി സമൂഹത്തെ അപമാനിക്കുന്ന രീതിയിലുളള സിനിമാ ഡയലോഗിനെതിരെ നടത്തിയ ഫേസ്‌ബുക്ക്‌ പരാമര്‍ശം മോഹന്‍ലാലിനെ മാത്രം ലക്ഷ്യമിട്ടുളളതല്ലെന്ന്‌ സംവിധായകന്‍ ഡോ.ബിജു. മോഹന്‍ലാലിന്റെ സിനിമയിലെ ഡയലോഗ്‌ ശ്രദ്ധയില്‍പെട്ടതുകൊണ്ടാണ്‌ പ്രതികരിച്ചത്‌. ഇത്‌ മമ്മൂട്ടിയുടെ സിനിമയിലായാലും പ്രതികരിക്കും.

പെരുച്ചാഴി എന്ന സിനിമയിലെ 'ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍' എന്ന വിവാദ ഡയലോഗിനെ കുറിച്ചായിരുന്നു ഡോ.ബിജുവിന്റെ ഫേസ്‌ബുക്ക്‌ പരാമര്‍ശം. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഡയലോഗായിരുന്നു അത്‌. ആദിവാസി സമൂഹത്തെ പാര്‍ശ്വവല്‍ക്കരിക്കുന്ന ഡയലോഗിന്റെ ആവശ്യമില്ലായിരുന്നുവെന്നും അത്‌ ഒഴിവാക്കിയാലും സിനിമയ്‌ക്ക് ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും ബിജു തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട്‌ പറയുന്നു.

രാജ്യം ഉന്നതമായ അംഗീകാരം നല്‍കി ആദരിക്കപ്പെട്ട നടന്‍മാര്‍ക്ക്‌ ഇത്തരം ഡയലോഗുകള്‍ ഒഴിവാക്കാനുളള സാമൂഹിക പ്രതിബദ്ധതയുണ്ട്‌. വലിയ താരങ്ങളായതിനാല്‍ അതിനു കഴിയുകയും ചെയ്യും. തന്റെ പ്രതികരണം മൂലം ഇനിയെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന്‌ ഓര്‍ക്കുകയാണെങ്കില്‍ നല്ലതാണ്‌. ശരിയായ അവസരങ്ങളില്‍ ഇനിയും ഇത്തരം പ്രതികരണം നടത്തുമെന്നും ഡോ. ബിജു പറയുന്നു.

'ഏറ്റവും അടുത്ത സുഹൃത്ത്‌ ജഗന്നാഥന്‍, ജഗന്നാഥന്‍ എന്ന്‌ തൊണ്ടപൊട്ടി അനേകം തവണ പേരുവിളിച്ചിട്ടും തിരിഞ്ഞു നോക്കാതിരിക്കുകയും അവസാനം 'തമ്പുരാന്‍' എന്ന്‌ വിളിക്കുമ്പോള്‍ മാത്രം തിരിഞ്ഞു നോക്കുകയും ചെയ്യുന്ന കഥാപാത്രമായി അഭിനയിക്കുന്ന താരത്തില്‍ നിന്ന്‌ 'ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍' എന്ന പ്രയോഗം വരുന്നതില്‍ അതിശയമില്ല എന്നായിരുന്നു ഡോ.ബിജുവിന്റെ എഫ്‌ബി പോസ്‌റ്റ്. ആദിവാസികള്‍ ഉള്‍പ്പെടെയുളള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ ഇവര്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന്‌ അനേകം സിനിമകളില്‍ നിന്നു തന്നെ വ്യക്‌തമാണ്‌. ഇതേ ആളുകള്‍ തന്നെ സാമൂഹ്യ പ്രതിബദ്ധത എന്നൊക്കെ പറഞ്ഞ്‌ നീട്ടിപ്പിടിച്ച ബ്ലോഗെഴുത്തും, ചാനല്‍ വര്‍ത്തമാനവും, സര്‍ക്കാരിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരുമായി അവതരിക്കുന്ന ഉടായിപ്പുകളും നമ്മള്‍ തന്നെ കാണേണ്ടി വരുന്നു ' എന്ന പോസ്‌റ്റാണ്‌ ചര്‍ച്ചാവിഷമയമായിരിക്കുന്നത്‌.

അതേസമയം, പോസ്‌റ്റിനെ കുറിച്ച്‌ കൂടുതല്‍ ഒന്നും പ്രതികരിക്കാനില്ല എന്നും പറയാനുളളത്‌ പറഞ്ഞിട്ടുണ്ട്‌ എന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഡോ. ബിജു വ്യക്‌തമാക്കുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.