കണ്ണൂര്‍: ആര്‍.എസ്.എസ്. നേതാവായ മനോജ് കുമാറിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സി.പി.എം. നേതാവിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജയിന്‍രാജാണ് സഖാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടത്. മനോജ് കൊല്ലപ്പെട്ട് ഒരു മണിക്കൂറിനുള്ളിലാണ് ജെയിന്‍ പോസ്റ്റ് ഇട്ടത്. “ഈ സന്തോഷ വാര്‍ത്തയ്‌ക്കായി എത്ര കാലമായി കാത്തു നില്‍ക്കുന്നു…അഭിവാദ്യങ്ങള്‍, പ്രിയ സഖാക്കളെ… “ എന്നാണ് ജെയിന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ഇട്ടത്.
എന്നാല്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്‌ക്കു വഴിതെളിച്ചതോടെ മണിക്കൂറുകള്‍ക്കകം പോസ്‌റ്റ് പിന്‍വലിച്ചു. 1999 ഓഗസ്‌റ്റിലെ തിരുവോണ നാളില്‍ ജയരാജനെ കതിരൂരിലെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് ഇന്നലെ കൊല്ലപ്പെട്ട മനോജ് കുമാര്‍. ഈ കേസില്‍ മനോജിനെ കോടതി ശിക്ഷിച്ചിരുന്നു. കതിരൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സുരേന്ദ്രന്‍ കൊല്ലപ്പെട്ട കേസിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആ്രകമിച്ച കേസിലും മനോജ് പ്രതിയായിരുന്നു. കൊലപാതകത്തില്‍ സി.പി.എം. പങ്കു വ്യക്‌തമാകുന്നതാണു ജില്ലാ സെക്രട്ടറിയുടെ മകന്റെ പോസ്‌റ്റെന്നു സംഘപരിവാര്‍ അനുകൂലികള്‍ ഫേസ്‌ബുക്കിലൂടെ പറയുന്നു. അതേ സമയം, ഇന്നലെ സി.പി.എം. ജില്ലാ കമ്മിറ്റി യോഗം കണ്ണൂരില്‍ നടന്നിരുന്നു. കൊലപാതകം നടന്നിട്ടും പാര്‍ട്ടിക്കു പങ്കില്ലെന്ന പ്രസ്‌താവന ഇറക്കാനും യോഗം തയാറായില്ല.








