Home » » ആദിവാസി ഗോത്രമഹാസഭയുടെ സെക്രട്ടറിയറ്റ് നടയിലെ നില്‍പ് സമരത്തിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍.

ആദിവാസി ഗോത്രമഹാസഭയുടെ സെക്രട്ടറിയറ്റ് നടയിലെ നില്‍പ് സമരത്തിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍.

Written By Unknown on Sunday, 14 September 2014 | 06:57

ആദിവാസി ഗോത്രമഹാസഭയുടെ സെക്രട്ടറിയറ്റ് നടയിലെ നില്‍പ് സമരത്തിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. ആദിവാസികളോടുള്ള സര്‍ക്കാരിന്റെ അവഗണന പൊറുക്കാവുന്നതല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു. നില്‍പ്പ് സമരം 68 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ സമരം തീരില്ലെന്ന ഉറച്ച നിലപാടിലാണ് ആദിവാസി ഗോത്രമഹാസഭ.

അറുപത്തിയെട്ട് ദിവസത്തെ സഹനസമര വേദിയിലേക്ക് ആദ്യമെത്തിയത് ആഷിക് അബുവും സംഘവും. സമരപ്പന്തലിലെത്തിയ കലാകാരന്‍മാരെ തനത് സംഗീതവുമായാണ് കാടിന്റെ മക്കള്‍ എതിരേറ്റത്. ഡോ. ബിജുവും മൈഥിലിയും ശ്രീനാഥും ആദിവാസി സമരത്തിന് പിന്‍തുണയറിച്ചു.

കാലാകാലങ്ങളിലായി സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കിയ വാക്കും പ്രഖ്യാപിച്ച പദ്ധതികളും നടപ്പാക്കിക്കിട്ടുക എന്ന ആവശ്യവുമായാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍നില്‍പ്പു സമരം. സര്‍ക്കാര്‍ ഭൂമി വാഗ്ദാനം ചെയ്തത് 2001ല്‍. അനുവദിച്ച ഭൂമി പകുതിയിലധികവും മാഫിയകള്‍ കയ്യടക്കി. നില്‍പ്പുസമരം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴും വകുപ്പ് മന്ത്രി പേരിന് ഒരു യോഗം വിളിച്ചതല്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു ഇടപെടലും അധികൃതരില്‍ നിന്ന് ഉണ്ടായിട്ടില്ല. വ്യക്തമായ വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കാതെ ചര്‍ച്ച പോലും വേണ്ടെന്നാണ് ഗോത്രമഹാസഭ നേതാവ് സി കെ ജാനു പറയുന്നത്.

ന്യൂജനറേഷന്‍താരങ്ങള്‍ക്ക് പുറമെ ഒപ്പുമരം എന്ന നവമാധ്യമ കൂട്ടായ്‌മയും കഴിഞ്ഞദിവസം നില്‍പ്പ് സമരത്തിന് പിന്‍തുണയുമായി എത്തിയിരുന്നു. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ആദിവാസി ഗോത്രമഹാസഭയുടെ തീരുമാനം.

അവഗണിക്കപ്പെട്ട ഒരു വിഭാഗം അവകാശങ്ങള്‍ക്കു വേണ്ടി ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍. സഹന സമരത്തിന് നാള്‍ക്കുനാള്‍ തുണയേറുമ്പോള്‍ ആദിവാസികളുടെ ഈ നില്‍പ്പ് എത്രനാള്‍ സര്‍ക്കാര്‍ കാണാതിരിക്കും
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.