ഗ്രോസ് ഐസ്ലറ്റ്: വെസ്‌റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം ഇന്ന് 500 ടെസ്‌റ്റ് പൂര്‍ത്തിയാക്കി.ബംഗ്ലാദേശിനെതിരായ ടെസ്‌റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം തുടങ്ങിയതോടെയാണ് അവര്‍ ചരിത്രത്തില്‍ ഇടംപിടിച്ചത്. രണ്ട് ടെസ്‌റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം സമനിലയായാലും വിന്‍ഡീസ് കിരീടം ഉറപ്പാക്കും.
അഞ്ഞൂറാം ടെസ്‌റ്റില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീഡ് വിക്കറ്റ് പോകാതെ 49 റണ്ണെന്ന നിലയിലാണ്. 23 റണ്ണെടുത്ത ലെനോന്‍ ജോണ്‍സണും 12 റണ്ണെടുത്ത ക്രെയ്‌ഗ് ബ്രാത്‌വെയ്‌റ്റുമാണ് ക്രീസില്‍. ഒന്നാം ടെസ്‌റ്റില്‍ വിന്‍ഡീസ് 10 വിക്കറ്റിനു ജയിച്ചിരുന്നു. ഈ വര്‍ഷത്തെ ആദ്യ ടെസ്‌റ്റ് പരമ്പര നേട്ടമാണ് വിന്‍ഡീസിനെ കാത്തിരിക്കുന്നത്. 1928 ല്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ലോഡ്‌സ് ടെസ്‌റ്റിലാണ് വിന്‍ഡീസ് ആദ്യമായി മാറ്റുരയ്‌ക്കുന്നത്. 1970 മുതല്‍ 80 വരെ വിന്‍ഡീസ് അപരാജിതരുമായി. ബികോജോര്‍ സ്‌റ്റേഡിയത്തിലെ പിച്ച് ബൗണ്‍സും വേഗവും നല്‍കുന്നതിനാല്‍ ഇരുടീമുകളും പേസര്‍മാര്‍ക്കാണു പ്രാമുഖ്യം നല്‍കിയത്. 2000 വരെ നാട്ടില്‍ നടന്ന 368 ടെസ്‌റ്റുകളില്‍ 138 ലാണ് വിന്‍ഡീസ് ജയിച്ചത്. പിന്നീടിതുവരെ നടന്ന 131 ടെസ്‌റ്റുകളില്‍ 24 ലെണ്ണത്തില്‍ മാത്രമാണ് വിന്‍ഡീസ് ജയമറിഞ്ഞത്.
ഒന്നാം ടെസ്‌റ്റില്‍ ഇരട്ട സെഞ്ചുറിയടിച്ച ക്രെയ്‌ഗ് ബ്രാത്‌വെയ്‌റ്റാണ് 500 ാം ടെസ്‌റ്റിലെ ശ്രദ്ധാകേന്ദ്രം. ഒന്നാം ടെസ്‌റ്റില്‍ അര്‍ധ സെഞ്ചുറിയടിച്ച ശിവനാരായണ്‍ ചന്ദര്‍പോള്‍, ഡാരന്‍ ബ്രാവോ എന്നിവരും ഫോം തുടരുമെന്നാണു പ്രതീക്ഷ. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ല്‍ വ്യക്‌തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുകയാണ്. പകരം ഗയാനയുടെ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ലെനോണ്‍ ജോണ്‍സണിനെ ഉള്‍പ്പെടുത്തി. വിന്‍ഡീസിനു വേണ്ടി ടെസ്‌റ്റ് കളിക്കുന്ന മുന്നൂറാമത്തെ താരമെന്ന അപൂര്‍വ നേട്ടം കൈവരിക്കാന്‍ ലെനോണ്‍ ജോണ്‍സണിനു കഴിഞ്ഞു. ഒന്നാം ടെസ്‌റ്റില്‍ ആകെ ഒന്‍പതു വിക്കറ്റെടുത്ത ഇടംകൈയന്‍ സ്‌പിന്നര്‍ സുലൈമാന്‍ ബെന്നിനെ രണ്ടാം ടെസ്‌റ്റില്‍നിന്ന് ഒഴിവാക്കിയത് അമ്പരപ്പിച്ചു.
വിന്‍ഡീസ് ടീം: ദിനേഷ് രാംദീന്‍ (നായകന്‍), സുലൈമാന്‍ ബെന്‍, ജാസണ്‍ ബ്ലാക്ക്‌വുഡ്, ക്രെയ്‌ഗ് ബ്രാത്‌വെയ്‌റ്റ്, ഡാരന്‍ ബ്രാവോ, ശിവനാരായണ്‍ ചന്ദര്‍പോള്‍, കിര്‍ക് എഡ്‌വേഡ്‌സ്, ഷാനോണ്‍ ഗബ്രിയേല്‍, ജാസണ്‍ ഹോള്‍ഡര്‍, ലെനോണ്‍ ജോണ്‍സണ്‍, കീമര്‍ റോച്ച്, ഷെയ്‌ന്‍ ഷില്ലിംഗ്‌ഫോഡ്, ജെറോം ടെയ്‌ലര്‍.
ബംഗ്ലാദേശ് ടീം: മുഷ്‌ഫികര്‍ റഹിം (നായകന്‍), അല്‍ അമിന്‍ ഹുസൈന്‍, അനാമുള്‍ ഹഖ്, ഏലിയാസ് സണ്ണി, ഇംറുള്‍ കെയ്‌സ്, മഹമ്മദുള്ള, മോമിനുള്‍ ഹഖ്, നസിര്‍ ഹുസൈന്‍, റോബിയുള്‍ ഹസന്‍, ഷഫിയുള്‍ ഇസ്ലാം, ഷംസൂര്‍ റഹ്‌മാന്‍, ഷുവാഗത ഹോം, തയ്‌ജുള്‍ ഇസ്ലാം, തമീം ഇഖ്‌ബാല്‍.








