Home » » മോണോറെയില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള സാഹചര്യമെന്താണെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാനസര്‍ക്കാറും തയ്യാറാവണം

മോണോറെയില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള സാഹചര്യമെന്താണെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാനസര്‍ക്കാറും തയ്യാറാവണം

Written By Unknown on Sunday, 14 September 2014 | 00:43


കോഴിക്കോട്; മോണോറെയില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള സാഹചര്യമെന്താണെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാനസര്‍ക്കാറും തയ്യാറാവണമെന്ന് എം.എല്‍.എ.മാരായ എളമരംകരീമും എ. പ്രദീപ്കുമാറും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് മോണോറെയിലിന് 1,991 കോടിരൂപയാണ് ചെലവ് കണക്കാക്കിയത്. ഇതിനുള്ള പണം എങ്ങനെ കണ്ടെത്തും, ഇത്രയും പണം ചെലവഴിച്ചാല്‍ പദ്ധതി വിജയിപ്പിക്കാനാവുമോ തുടങ്ങിയ കാര്യങ്ങളെല്ലാം തുടക്കം മുതല്‍ അവ്യക്തമാണ്.
ഡി.എം.ആര്‍.സി.യെ കണ്‍സള്‍ട്ടന്‍സിയാക്കി വെച്ചെങ്കിലും പദ്ധതിയുടെ നടത്തിപ്പും കാര്യങ്ങളും ജനപ്രതിനിധികളും കോര്‍പ്പറേഷനുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. കണ്‍സള്‍ട്ടന്‍സി ഇനത്തില്‍ ഒമ്പതുകോടി രൂപ ചെലവഴിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല, ഡി.എം.ആര്‍.സി. കോഴിക്കോട് ആരംഭിച്ച ഓഫീസിന് വാടകയിനത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു. ഇപ്പോള്‍ കാരണങ്ങളൊന്നും വ്യക്തമാക്കാതെ മോണോറെയില്‍ പദ്ധതി ഉപേക്ഷിച്ചു. പകരം ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ലൈറ്റ് മെട്രോ ഇന്ത്യയിലെവിടെയും നടപ്പാക്കിയിട്ടില്ല. കോഴിക്കോട്ടെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാവുമെന്ന് കരുതിയ മോണോറെയില്‍ പദ്ധതി സര്‍ക്കാര്‍ വെറുതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രം നടത്തിയ പ്രഖ്യാപനമാണെന്ന് ഇപ്പോള്‍ ബോധ്യമായി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ ഇത്തരം പദ്ധതികള്‍ ഒന്നും തന്നെ യാഥാര്‍ഥ്യമായിട്ടില്ല
.മോണോറെയില്‍ പ്രായോഗികമല്ലെന്ന് ഇ. ശ്രീധരന്‍ പറഞ്ഞുവെങ്കില്‍ പിന്നെ ആരാണ് നടക്കില്ലെന്ന് ഉറപ്പുള്ള ഈ പദ്ധതിയുമായി മുന്നോട്ടുപോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
കോഴിക്കോട് വിമാനത്താവളം വികസനം, ജപ്പാന്‍ കുടിവെള്ളപദ്ധതി, ബേപ്പൂര്‍ തുറമുഖവികസനം, നിര്‍ദേശ് പദ്ധതി, സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി, തൊണ്ടയാട്-എരഞ്ഞിപ്പാലം ഫ്‌ലൈഓവര്‍ തുടങ്ങിയ കോഴിക്കോടിന്റെ വികസനപദ്ധതികളെല്ലാം യു.ഡി.എഫ്. സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്.
ഇത്തരം വിഷയം ഉയര്‍ത്തിക്കാട്ടി എല്‍.ഡി.എഫ്. ജനകീയപ്രക്ഷോഭത്തിന് തയ്യാറാവുമെന്ന് എം.എല്‍.എ. മാര്‍ വ്യക്തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.