Home » » മനോജിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി വിക്രമന്‍ കുറ്റം ഏറ്റെടുത്തു .

മനോജിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി വിക്രമന്‍ കുറ്റം ഏറ്റെടുത്തു .

Written By Unknown on Friday, 12 September 2014 | 23:59

തലശേരി: ആര്‍.എസ്‌.എസ. നേതാവ്‌ കിഴക്കെ കതിരൂരിലെ മനോജിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി കിഴക്കെ കതിരൂര്‍ കട്ട്യാല്‍മീത്തല്‍ വിക്രമനെ (42) ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘം ചോദ്യം ചെയ്‌തു തുടങ്ങി. അന്വേഷണ സംഘത്തോടു പൂര്‍ണമായും സഹകരിക്കുന്ന വിക്രമന്‍ കുറ്റം ഏറ്റെടുത്തതായാണു സൂചന.
 
തന്റെ അടുത്ത സുഹൃത്തും കിഴക്കെ കതിരൂര്‍ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയുമായിരുന്ന എം.കെ.സുരേന്ദ്രനെ കൊലപ്പെടുത്തിയതിലുള്ള വിരോധമാണു മനോജിനെ വധിക്കാന്‍ പ്രേരിപ്പിച്ചതെന്നാണു വിക്രമന്റെ മൊഴി. കൊലപാതകത്തില്‍ സി.പി.എമ്മിനോ നേതാക്കള്‍ക്കോ യാതൊരു പങ്കുമില്ല. മനോജിനെ വെട്ടിയതു മഴു കൊണ്ടല്ല. കൊടുവാള്‍ കൊണ്ടാണ്‌. ഈ വാള്‍ ഉപേക്ഷിച്ച സ്‌ഥലം അന്വേഷണ സംഘത്തിനു വിക്രമന്‍ പറഞ്ഞുകൊടുത്തതായിട്ടാണ്‌ അറിയുന്നത്‌. കൊലയാളി സംഘത്തില്‍ ഏഴു പേരാണ്‌ ഉണ്ടായിരുന്നത്‌. ഇവരുടെ പേരുകള്‍ വിക്രമന്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ട്‌. വിക്രമന്റെ മൊഴി അന്വേഷണ സംഘം പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കുന്നില്ല.അന്വേഷണത്തെ വഴിതെറ്റിക്കാനുള്ളതാണോ ഇതെന്ന സംശയവുമുണ്ട്‌. ആയുധമുപേക്ഷിച്ച സ്‌ഥലത്തെക്കുറിച്ചു വിക്രമന്‍ സൂചന നല്‍കിയിരുന്നുവെങ്കിലും അവിടെ പരിശോധിച്ച അന്വേഷണ സംഘത്തിന്‌ ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ആയുധം താന്‍ അവിടെ തന്നെയാണ്‌ ഉപേക്ഷിച്ചതെന്നും ആരെങ്കിലും പിന്നീടു മാറ്റിയതായിരിക്കാമെന്നുമാണു മറുപടി നല്‍കിയത്‌.
 
കൊലപാതകത്തിനുശേഷം കതിരൂരില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു വീട്ടിലാണു താമസിച്ചതെന്നും പിന്നീട്‌ അവിടെ നിന്നു മാറുകയാണുണ്ടായതെന്നും വിക്രമന്‍ വെളിപ്പെടുത്തി. വിക്രമന്‍ പറയുന്ന കാര്യങ്ങള്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്കു വിധേയമാക്കിയശേഷം മാത്രമേ സ്വീകരിക്കുകയുള്ളുവെന്നാണ്‌ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്‌ഥരുടെ നിലപാട്‌. ചോദ്യം ചെയ്യല്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്‌. അന്വേഷണ സംഘത്തില ഡിവൈ.എസ്‌.പി: കെ.വി. സന്തോഷിന്റെ നേതൃത്വത്തിലാണ്‌ ചോദ്യം ചെയ്യല്‍.
 
സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയായ സുരേന്ദ്രന്‍ 1996-ല്‍ ആണ്‌ കൊല്ലപ്പെട്ടത്‌. 1999 ഓഗസ്‌റ്റ്‌ 25-നാണു പി.ജയരാജനു നേരെ അക്രമമുണ്ടായത്‌. ഈ കേസില്‍ മനോജിനെ കോടതി ശിക്ഷിച്ചിരുന്നു. അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്നു ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനിടെയാണ്‌ ഇക്കഴിഞ്ഞ ഒന്നിനു കതിരൂരില്‍ വച്ചു മനോജ്‌ വെട്ടേറ്റു മരിച്ചത്‌. കഴിഞ്ഞ ദിവസം ഉച്ചയോടെ കണ്ണൂര്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കീഴടങ്ങിയ വിക്രമനെ പതിനാലു ദിവസത്തേക്കാണു ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയില്‍ വിട്ടുകൊടുത്തത്‌. വൈദ്യ പരിശോധനയില്‍ വിക്രമനു പരുക്കേറ്റതായി കണ്ടിരുന്നു. ഇതു കൃത്യം നടത്തുന്നതിനിടെ സംഭവിച്ചതാണെന്നാണ്‌ മൊഴി. കഴിഞ്ഞ ദിവസം രാത്രി കൊല നടന്ന സ്‌ഥലത്തു വിക്രമനെ കൊണ്ടുപോയി അന്വേഷണ സംഘം തെളിവെടുപ്പു നടത്തിയിരുന്നു.
മനോജ്‌ വധക്കേസുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘം സി.പി.എമ്മിന്റെ രണ്ടു ബ്രാഞ്ച്‌ സെക്രട്ടറിമാരില്‍ നിന്നുകൂടി മൊഴിയെടുത്തു. ചുണ്ടങ്ങാപ്പൊയില്‍ ബ്രാഞ്ച്‌ സെക്രട്ടറി ടി.എം. മഹേഷ്‌, ഡയമണ്ട്‌മുക്ക്‌ ബ്രാഞ്ച്‌ സെക്രട്ടറി എം.പി.ബിനു എന്നിവരില്‍ നിന്നാണ്‌ ഇന്നലെ രാവിലെ മൊഴിയെടുത്തത്‌. രണ്ടുപേരും പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഹാജരാകുകയായിരുന്നു. മൊഴിയെടുത്തശേഷം ഇവരെ വിട്ടയച്ചു. സംഭവുമായി ഇവര്‍ക്ക്‌ ബന്ധമില്ലെന്നാണു സൂചന. തലശേരി എ.എസ്‌.പി. ഓഫീസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുറിയില്‍ വച്ചായിരുന്നു മൊഴിയെടുക്കല്‍. കഴിഞ്ഞ ദിവസം സി.പി.എം. കതിരൂര്‍ ലോക്കല്‍ സെക്രട്ടറി പുത്തലത്ത്‌ സുരേഷ്‌ ബാബുവില്‍ നിന്നു മൊഴിയെടുത്തിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.