പാലക്കാട്: മലപ്പുറം മുന്നിയൂര്‍ ഹൈസ്‌ക്കൂള്‍ മാനേജ്‌മെന്റ് പുറത്താക്കിയ അധ്യാപകന്‍ ലോഡ്‌ജ് മുറിയില്‍ മരിച്ച നിലയില്‍. വടകര സ്വദേശി അനീഷ് കുമാറിനെയാണ് ഇന്ന് പുലര്‍ച്ചെ മലമ്പുഴ ഉല്ലാസ് ലോഡ്‌ജില്‍ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌കൂളിലെ പ്യൂണുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് അധ്യാപകനെ മാനേജ്‌മെന്റ് സസ്‌പെന്റു ചെയ്‌തത്. മാനേജ്‌മെന്റിന്റെ പ്രതിനിധിയായ പ്യൂണിനെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സസ്‌പെന്‍ഷന്‍ കാലാവധി 1 വര്‍ഷവും 4 മാസവും പിന്നിട്ടിട്ടും ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ കൂട്ടാക്കാതിരുന്നതോടെ അധ്യാപക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, അധ്യാപകന്‍ തെറ്റുചെയ്‌തുവെന്നും തിരിച്ചെടുക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടായിരുന്നു മാനേജ്‌മെന്റ് സ്വീകരിച്ചത്.
മനേജ്‌മെന്റ് നടപടിയെ തുടര്‍ന്ന് അനീഷ് കടുത്ത നിരാശയിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകരായ അധ്യാപകര്‍ പറയുന്നു. അധ്യാപകന്റെ മരണത്തില്‍ പ്രതിഷേധിച്ച് മാനേജ്‌മെന്റിനെതിരെ കെഎസ്‌ടിഎ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, അധ്യാപകനെ തിരിച്ചെടുക്കാന്‍ തയ്യാറായിരുന്നുവെന്നും ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അധ്യാപകന്‍ വിസമ്മതിക്കുകയായിരുന്നു എന്നുമാണ് മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.








