ന്യൂഡല്‍ഹി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ രാജകുടുംബത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. അമിക്കസ്‌ക്യൂരിയ്‌ക്കെതിരായ രാജകുടുംബത്തിന്റെ ആരോപണം ഗൗരവമുള്ളതല്ല. ക്ഷേത്ര സുരക്ഷയ്‌ക്കാണോ അമിക്കസ്‌ക്ക്യൂരിയെ പുറത്താക്കാനാണോ രാജകുടുംബം ശ്രമിക്കുന്നതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. നിസാര പ്രശ്‌നങ്ങളെച്ചൊല്ലി ഗൗരവമുള്ള പ്രശ്‌നങ്ങളെ മറച്ചുവയ്‌ക്കുകയാണ് രാജകുടുംബം ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
അമിക്കസ്‌ക്യൂരിയ്‌ക്കെതിരായ രാജ കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളിയ കോടതി ഗോപാല്‍ സുബ്രഹ്‌മണ്യം അമിക്കസ്‌ക്യൂരിയായി തുടരണമെന്നും നിര്‍ദേശിച്ചു.
വ്യക്‌തിപരമായി ആക്രമിക്കുകയാണെങ്കില്‍ തുടരാന്‍ താത്‌പര്യമില്ലെന്നും സ്‌ഥാനമൊഴിയാന്‍ അനുവദിക്കണം എന്നുമുള്ള ഗോപാല്‍ സുബ്രഹ്‌മണ്യത്തിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി. തനിക്കെതിരെ രാജകുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ നാണക്കേട് ഉണ്ടാക്കുന്നുവെന്നും കോടതി ആവശ്യപ്പെടുകയാണെങ്കില്‍ സ്‌ഥാനത്ത് തുടരാമെന്നും ഗോപാല്‍ സുബ്രഹ്‌മണ്യം വ്യക്‌തമാക്കിയിരുന്നു. 28 ന് കേസ് വീണ്ടും പരിഗണിക്കും.








