Home » » സുപ്രീം കോടതി തള്ളിയ ആറന്മുള വിമാനത്താവളപദ്ധതി പുനരുജ്‌ജീവിപ്പിക്കാന്‍ നരേന്ദ്ര മോഡി നിലമൊരുക്കുന്നു.

സുപ്രീം കോടതി തള്ളിയ ആറന്മുള വിമാനത്താവളപദ്ധതി പുനരുജ്‌ജീവിപ്പിക്കാന്‍ നരേന്ദ്ര മോഡി നിലമൊരുക്കുന്നു.

Written By Unknown on Saturday, 3 January 2015 | 21:37


പത്തനംതിട്ട: ഹരിത ട്രിബ്യൂണലും പരിസ്‌ഥിതി മന്ത്രാലയവും സുപ്രീം കോടതിയും തള്ളിയ ആറന്മുള വിമാനത്താവളപദ്ധതി പുനരുജ്‌ജീവിപ്പിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നിലമൊരുക്കുന്നു. ആര്‍.എസ്‌.എസ്‌. ആഹ്വാനപ്രകാരം യു.പി.എ. സര്‍ക്കാരിന്റെ കാലത്തു പദ്ധതിക്കെതിരേ സി.പി.എമ്മുമായി യോജിച്ചു പ്രക്ഷോഭം നടത്തിയ ബി.ജെ.പി. സംസ്‌ഥാനഘടകം മൗനത്തിലൊളിച്ചു. പദ്ധതിക്കു പുതിയ പരിസ്‌ഥിതി ആഘാതപഠനം നടത്താന്‍ കഴിഞ്ഞ ഡിസംബര്‍ 24-നു കെ.ജി.എസ്‌. കമ്പനി കേന്ദ്രപരിസ്‌ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ച അപേക്ഷ 26-നു ഫയലില്‍ സ്വീകരിച്ചു. ആറിനു ഡല്‍ഹിയില്‍ ചേരുന്ന, പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിര്‍ണയാധികാരസമിതി അജന്‍ഡയില്‍ രണ്ടാമതായി കെ.ജി.എസിന്റെ അപേക്ഷ പരിഗണിക്കും. അനുമതി ലഭിച്ചാല്‍ കെ.ജി.എസിനു പരിസ്‌ഥിതി ആഘാതപഠനത്തിനുള്ള നടപടി തുടങ്ങാം. ആഘാതപഠനത്തിന്‌ ഒന്നരവര്‍ഷംവരെ സമയമാണു മുമ്പനുവദിച്ചിരുന്നത്‌. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയമനുസരിച്ച്‌ ഇത്‌ ഒന്നരമാസമായി കുറച്ചിട്ടുണ്ട്‌. വിമാനത്താവളപദ്ധതിക്കു വ്യോമയാനമന്ത്രാലയം നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പദ്ധതി ആരംഭിക്കാനുള്ള നിശ്‌ചിതസമയപരിധി കഴിഞ്ഞാല്‍ വീണ്ടും മന്ത്രാലയത്തിന്റെ അനുമതി തേടണം. ആഘാതപഠനത്തിന്റെ സമയം കുറച്ചതിനാല്‍ എത്രയും വേഗം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച്‌ അംഗീകാരം നേടി നിര്‍മാണമാരംഭിക്കാനാണു കെ.ജി.എസ്‌. ലക്ഷ്യമിടുന്നത്‌.
യു.പി.എ. സര്‍ക്കാരിന്റെ കാലത്തു വിമാനത്താവളപദ്ധതിക്കെതിരേ പൈതൃകഗ്രാമ കര്‍മസമിതി നല്‍കിയ പരാതിപ്രകാരം, ലോക്‌സഭാ പ്രതിപക്ഷനേതാവായിരുന്ന സുഷമാ സ്വരാജ്‌ രണ്ടു ബി.ജെ.പി. എം.പിമാരെ പഠനത്തിനു നിയോഗിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ട്‌ പ്രകാരമാണു ബി.ജെ.പി. സമരരംഗത്തു സജീവമായത്‌.
ആര്‍.എസ്‌.എസിന്റെ പ്രാന്തിക ബൈഠക്‌ പാലക്കാട്‌ ചിറ്റൂരില്‍ ചേര്‍ന്ന്‌ വിമാനത്താവളപദ്ധതിക്കെതിരേ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. സമരത്തിനു നേതൃത്വം നല്‍കാന്‍ ഹിന്ദു ഐക്യവേദി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും ആര്‍.എസ്‌.എസ്‌. പ്രാന്തികസദസ്യനുമായ കുമ്മനം രാജശേഖരനെ ചുമതലപ്പെടുത്തി. പ്രചാരകന്മാരായ കെ. കൃഷ്‌ണന്‍കുട്ടി, എം.സി. വത്സന്‍, സി. ബാബു എന്നിവരെ മേല്‍നോട്ടത്തിനു നിയോഗിച്ചു. പൈതൃകഗ്രാമ കര്‍മസമിതി ജനറല്‍ കണ്‍വീനറായി ആര്‍.എസ്‌.എസ്‌. വിഭാഗ്‌ സദസ്യന്‍ പി.ആര്‍. ഷാജിയും ചുമതലയേറ്റു. കോഴിക്കോട്ടു നടന്ന പ്രവര്‍ത്തകസമ്മേളനത്തില്‍ ആര്‍.എസ്‌.എസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി സമരം വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്‌തു.
ആര്‍.എസ്‌.എസിനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ചാണു ബി.ജെ.പി. സമരരംഗത്തിറങ്ങിയത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്‌ഥാനഘടകത്തിന്റെ പ്രകടനപത്രികയിലെ പ്രധാനവാഗ്‌ദാനം, അധികാരത്തിലെത്തിയാല്‍ ആറന്മുള വിമാനത്താവളത്തിനു നല്‍കിയ മുഴുവന്‍ അനുമതിയും റദ്ദാക്കുമെന്നായിരുന്നു. ആറന്മുള ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി. സ്‌ഥാനാര്‍ഥി എം.ടി രമേശ്‌ ഒന്നരലക്ഷം വോട്ട്‌ നേടുകയും ചെയ്‌തു. കെ.ജി.എസ്‌. കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനെ സമീപിച്ചിരിക്കേ രമേശിനും സംസ്‌ഥാന പ്രസിഡന്റ്‌ വി. മുരളീധരനും മിണ്ടാട്ടമില്ല.
പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കൊണ്ടു തറക്കല്ലിടീക്കുമെന്ന കോണ്‍ഗ്രസ്‌ സംസ്‌ഥാനനേതാക്കളുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുമെന്നാണു പുതിയനീക്കം സൂചിപ്പിക്കുന്നത്‌. കേന്ദ്രാനുമതി ലഭിച്ചാല്‍ പദ്ധതിയെ എതിര്‍ക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കിയിരുന്നു. രാജ്യത്തെ ചെറുനഗരങ്ങളില്‍ 200 വിമാനത്താവളങ്ങള്‍ നിര്‍മിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപനം. ഈ ഗണത്തിലുള്ള ആദ്യപദ്ധതിയാണു കെ.ജി.എസിന്റേത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.