കോട്ടയം : അമ്പിളിയുടെ നുണ പരിശോധനാ റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതിലെ അതൃപ്തി കെ.എം. മാണി പരസ്യമായി പ്രകടിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേര് പറയാതെ ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്തിയായിരുന്നു മാണിയുടെ പ്രതികരണം.
നുണപരിശോധനാ ഫലം മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്നത് ഗുരുതര പ്രശ്നമാണ്. അവ പിന്തുടർന്ന് സങ്കല്പ കഥകളും അഭ്യൂഹങ്ങളും മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത് ശരിയാണോ എന്ന് ആഭ്യന്തരവകുപ്പ് നോക്കണമെന്ന് മാണി പറഞ്ഞു. ആഭ്യന്തര വകുപ്പു മന്ത്രിയുടെ വീഴ്ച ഇതിനു പിന്നിലുണ്ടോ എന്ന ചോദ്യത്തോട് 'അടുത്തു തന്നെ എല്ലാ വിവരങ്ങളും മാദ്ധ്യമങ്ങളോട് തുറന്നു പറയാം" എന്നായിരുന്നു മറുപടി.
മാണി ഗ്രൂപ്പ് ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരിയുടെ പ്രതികരണം ഒരു പടി കൂടി കടന്നായിരുന്നു. നുണ പരിശോധനാഫലം പുറത്തുവിട്ടത് ആരെന്ന് അന്വേഷിച്ചു നടപടി എടുക്കണം. ഫോറൻസിക് ലാബിൽ നിന്ന് സീൽവച്ച കവറിൽ ഇത് കോടതിക്ക് നല്കുന്നതാണ് നടപടി ക്രമം. അന്വേഷണ ഉദ്യോഗസ്ഥനും കോപ്പി കൈമാറും. കെ.എം. മാണിക്കെതിരായ മസാലക്കഥകളും നുണക്കഥകളും ചോർത്തി നല്കുന്ന ബിജു രമേശിന്റെ ശമ്പളക്കാർ ഈ അന്വേഷണ സംഘത്തിൽ ഉണ്ടോയെന്ന് അന്വേഷിച്ച് ഉറപ്പു വരുത്താൻ ആഭ്യന്തരമന്ത്രിക്ക് ബാദ്ധ്യതയുണ്ട് "- പുതുശ്ശേരിയുടെ പ്രതികരണം മാണി ഗ്രൂപ്പിന്റെ നിലപാടായാണ് വിലയിരുത്തുന്നത്.
മന്ത്രി കെ.സി. ജോസഫ് മാണിയെ ന്യായീകരിച്ച് പത്രസമ്മേളനം നടത്തി. മാണിയുടെ അതൃപ്തി ന്യായമായതിനാൽ നുണപരിശോധനാ വാർത്ത പുറത്തു വന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു കെ.സി. ജോസഫിന്റെ ആവശ്യം. വിജിലൻസ് റിപ്പോർട്ട് ഗവൺമെന്റിനും ആഭ്യന്തരമന്ത്രിക്കും കിട്ടിയിട്ടില്ല. രഹസ്യം പുറത്തുപോകുന്നതിലെ ഉദ്യോഗസ്ഥരുടെ പങ്ക് അതുകൊണ്ട് അന്വേഷിക്കണമെന്നും ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ പ്രതികരണമെന്നാണ് കരുതുന്നത്.








