Home » » വിഷക്കായ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാല് തുഴച്ചിൽ താരങ്ങളിൽ ഒരാൾ മരിച്ചു.

വിഷക്കായ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാല് തുഴച്ചിൽ താരങ്ങളിൽ ഒരാൾ മരിച്ചു.

Written By Unknown on Thursday, 7 May 2015 | 02:32

ആലപ്പുഴ: ആലപ്പുഴ സായി പരിശീലന കേന്ദ്രത്തിൽ വിഷക്കായ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാല് തുഴച്ചിൽ താരങ്ങളിൽ ഒരാൾ മരിച്ചു. ദേശീയ മെഡൽ ജേതാവായ ആലപ്പുഴ ആര്യാട് അവലൂക്കുന്ന് പനയ്ക്കൽ രാമചന്ദ്രന്റെ മകൾ അപർണ്ണ(15) ആണ് മരിച്ചത്. ആലപ്പുഴ സ്വദേശികളും തുഴച്ചിൽ താരങ്ങളുമായ ശില്പ (16),ട്രീസ(17), സബിത സന്തോഷ് (17) എന്നിവർ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശാരീരിക, മാനസിക പീഡനത്തെ തുടർന്നാണ് വിദ്യാർത്ഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. 

കേരളത്തിൽ നടന്ന കഴിഞ്ഞ ദേശീയ ഗെയിംസിൽ കയാക്കിംഗിൽ സ്വർണ്ണം നേടിയ ടീമിലെ അംഗമായിരുന്നു ശില്പ. കഴിഞ്ഞ വർഷം കട്ടക്കിൽ നടന്ന ദേശീയ ജൂനിയർ റോവിംഗ് ചാമ്പ്യൻഷിപ്പിൽ ടീം ഇനത്തിലെ വെങ്കല മെഡൽ ജേതാവാണ് മരിച്ച അപർണ്ണ. ട്രീസയും സബിതയും കയാക്കിംഗ് താരങ്ങളാണ്. 

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. സായി ഹോസ്റ്റലിൽ രാത്രി ഭക്ഷണത്തിന് വിദ്യാർത്ഥിനികൾ ഇരുന്നപ്പോൾ വിഷക്കായ കഴിച്ച നാലുപേർ ഭക്ഷണം കഴിക്കാതിരിക്കുന്നത് ഹോസ്റ്റൽ വാർഡന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവർ വിവരം തിരക്കിയെങ്കിലും ഒന്നുമില്ലെന്നാണ് വിദ്യാർത്ഥിനികൾ പറഞ്ഞത്.  ആഹാരം കഴിക്കാതെ കിടക്കേണ്ടെന്ന് പറഞ്ഞ് വാർഡൻ തണ്ണിമത്തൻ മുറിച്ച് കുട്ടികൾക്ക് കൊടുത്തു. ഇതു കഴിച്ചപ്പോൾ അപർണ്ണ ഛർദ്ദിച്ചു.  അപർണ്ണ വിഷം കഴിച്ചുവെന്ന് മനസിലായതോടെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി വള്ളത്തിൽ കയറ്റി. അപ്പോഴാണ് താൻ മാത്രമല്ല , മറ്റ് മൂന്നു പേർ കൂടി വിഷക്കായ് കഴിച്ചെന്ന വിവരം അപർണ്ണ പറഞ്ഞത്. ഇതോടെ നാലുപേരെയും ആദ്യം ആലപ്പുഴ ജനറൽആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അപർണ്ണ ഇന്ന് പുലർച്ചയോടെയൊണ് മരിച്ചത്. ശില്പ, ട്രീസ,സബിത എന്നിവർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ ശില്പയുടെ നില അതീവ ഗുരുതരമാണ്. ഇവർ ഒതളങ്ങയാണ് കഴിച്ചതെന്നാണ് പ്രാഥമികവിവരം. വൈകിട്ടുതന്നെ ഇവർ പത്തിലധികം വിഷക്കായ കഴിച്ചിരുന്നു. അതാണ് സ്ഥിതി ഗുരുതരമാകാൻ കാരണം. വിഷക്കായ കഴിച്ച് നാല് മണിക്കൂറിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്.
എന്നാൽ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് പീഡനം നേരിട്ടിട്ടില്ലെന്ന് ഹോസ്റ്റൽ വാർഡൻ രാഗിണി പറഞ്ഞു. ആരെങ്കിലും ഉപദ്രവിച്ചതായി അവർ ഇതു വരെ പരാതി പറഞ്ഞിട്ടില്ലെന്നും വാർഡൻ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആലപ്പുഴ സബ് കളക്ടറെ ഉപരോധിച്ചു.

കുട്ടികൾ വിഷക്കായ കഴിച്ച സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്ന് കളക്ടർ എൻ. പത്മകുമാർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചി റേഞ്ച് ഐ.ജി. അജിത് കുമാർ കേസ് അന്വേഷിക്കും. ഐ.ജി ഇന്നു തന്നെ സംഭവസ്ഥലം സന്ദർശിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.