Home » » ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകൾ മുൻ സി.എ.ജി വിനോദ് റായി ഓ‌‌‌ഡിറ്റ് ചെയ്യണo സുപ്രീംകോടതി.

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകൾ മുൻ സി.എ.ജി വിനോദ് റായി ഓ‌‌‌ഡിറ്റ് ചെയ്യണo സുപ്രീംകോടതി.

Written By Unknown on Tuesday, 5 May 2015 | 20:05

ന്യൂഡൽഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകൾ മുൻ സി.എ.ജി വിനോദ് റായിയെ കൊണ്ട് ഓ‌‌‌ഡിറ്റ് ചെയ്യിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. 2008 മുതലുള്ള കണക്കുകളാണ് ഓഡിറ്റ് ചെയ്യേണ്ടത്. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് ഓഡിറ്റുമായി മുന്നോട്ട് പോകാൻ ജസ്റ്റിസ് ടി.എസ്. താക്കൂർ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചത്. 2008 മുതലുള്ള പ്രത്യേക ഓഡിറ്റും വാർഷിക ഓ‌ഡിറ്റും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ട്രസ്റ്റിന് വേണ്ടി ഹാജരായ അ‌ഭിഭാഷക‌ൻ ബെഞ്ചിനെ അറിയിച്ചു. ഈ കണക്കുകൾ വിനോദ് റായിക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. തുടർന്നും പ്രത്യേക ഓഡിറ്റ് നടത്തണമെന്നാണ് അദ്ദേഹം വിലയിരുത്തുന്നതെങ്കിൽ അതുമായി മുന്നോട്ട് പോകാമെന്നാണ് ഉത്തരവ്. ഓഡിറ്റിന് വേണ്ടിവരുന്ന ചെലവായ 45 ലക്ഷം രൂപ ക്ഷേത്ര എക്സിക്യൂട്ടിവ് കമ്മിറ്റി വഹിക്കണം. ഈ വർഷം ഡിസംബർ 31നകമാണ് ഓഡിറ്റ് പൂർത്തിയാക്കേണ്ടത്.

കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനോട് കഴി‌ഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ ട്രസ്റ്റ് വിയോജിച്ചിരുന്നു. ഓഡിറ്റിന്റെ ചെലവുകൾ വഹിക്കാനാവില്ലെന്ന് ഇന്നലെ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ സുരക്ഷ, നിലവറകളുടെ ബലപ്പെടുത്തൽ, അമൂല്യ നിധിയുടെ കണക്കെടുപ്പ് തുടങ്ങിയ കാര്യങ്ങൾക്ക് തന്നെ ഇതുവരെ 50 കോടിയോളം രൂപ ചെലവായിട്ടുണ്ട്. നിലവറകളിലെ കണക്കെടുപ്പ് പൂർത്തിയായി വരുന്നതിനാൽ അതിന് വേണ്ടി നിയോഗിച്ചിട്ടുള്ളവരുടെ എണ്ണം കുറയ്‌ക്കണമെന്നും സംസ്ഥാനം വാദിച്ചു. ഇക്കാര്യം ഭരണസമിതിയോട് ആവശ്യപ്പെടാൻ സംസ്ഥാനത്തിന് അനുവാദം നൽകി.
 
ക്ഷേത്രത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം അറിയിച്ചു. ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ പരിശോധന പൂർത്തിയായി വരികയാണെന്നും ഇതിന്റെ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി നൽകണമെന്നുമുള്ള  ആവശ്യവും കോടതി അംഗീകരിച്ചു. ഇനി തുറക്കേണ്ടത് ബി നിലവറയാണെന്ന് ഗോപാൽ സുബ്രഹ്മണ്യം അറിയിച്ചെങ്കിലും അത് ഇപ്പോൾ തുറക്കുന്നില്ലെന്ന് ജസ്റ്റിസ് താക്കൂർ വ്യക്തമാക്കി. ക്ഷേത്രത്തിലെ മൂല വിഗ്രഹത്തിലെ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം.
 
ക്ഷേത്ര പരിസരത്ത് നിന്ന് ശിവസേനയുടെ അടക്കമുള്ള ഓഫീസുകൾ ഒഴിപ്പിക്കണമെന്ന് സംസ്ഥാന സർക്കാരും എക്സിക്യൂട്ടിവ് കമ്മിറ്റിയും അമിക്കസ് ക്യൂറിയും ആവശ്യപ്പെട്ടു. ഇതിന് രണ്ട് മാസം സമയം നൽകാമെന്നും ബെഞ്ച് പറഞ്ഞു. എന്നാൽ മുൻകൂർ വാടക നൽകിയാണ് താമസിക്കുന്നതെന്ന് ഗണേശോത്സവ കമ്മിറ്റി വാദിച്ചു. തുടർന്ന് ഇക്കാര്യങ്ങളിൽ നിലപാട് അറിയിക്കാൻ എക്സിക്യൂട്ടിവ് കമ്മിറ്റിയോട് നിർദ്ദേശിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.