Home » » സൽമാൻ ഖാന് അഞ്ചു കൊല്ലം തടവ്.

സൽമാൻ ഖാന് അഞ്ചു കൊല്ലം തടവ്.

Written By Unknown on Wednesday, 6 May 2015 | 01:26

മുംബയ്:  മദ്യപിച്ച നിലയിൽ കാർ ഓടിച്ച് ഫുട്പാത്തിൽ  ഉറങ്ങിക്കിടന്നവരുടെ മേൽ കയറി  ഒരാൾ മരിക്കുകയും നാലു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത  കേസിൽ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് അഞ്ച് വർഷം കഠിന തടവ് ശിക്ഷ വിധിച്ചു.  ലൈസൻസില്ലാതെ കാറോടിച്ചതിന് 500 രൂപ പിഴയും നൽകണം. പതിമ്മൂന്ന് വർഷം പഴക്കമുള്ള കേസിൽ  മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനം ഓടിക്കൽ, അപകടവിവരം പൊലീസിനെ അറിയിക്കാതിരിക്കുക, അപകടശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുക തുടങ്ങിയവ അടക്കം സൽമാനെതിരെ ചുമത്തിയ എട്ട് കുറ്റങ്ങളും തെളിഞ്ഞതായി വിധി പ്രസ്താവിച്ചു കൊണ്ട്  ജ‌ഡ്ജി ഡി.വി. ദേശ്പാണ്ഡെ പറഞ്ഞു. അതേസമയം, കള്ളസാക്ഷി പറഞ്ഞതിന് സൽമാന്റെ ഡ്രൈവർ അശോക്‌സിംഗിനെതിരെ കേസെടുക്കണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി.

വിധിപ്രസ്താവനത്തിന് ശേഷം  ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ച സൽമാന്  അപ്പീൽ നൽകുന്നതിന് അനുമതിയോടെ രണ്ടുദിവസത്തെ ഇടക്കാല ജാമ്യം ലഭിച്ചു. നാളെ വരെയാണ് ജാമ്യം.  സൽമാൻ ഖാനു വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ്  ഹൈക്കോടതിയിൽ ഹാജരായത്.
2002 സെപ്തംബർ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാന്ദ്രയിലെ ബേക്കറിക്ക് മുന്നിൽ ഉറങ്ങിക്കിടന്നവർക്കു മേൽ സൽമാൻ ഖാന്റെ ടൊയോട്ട ക്രൂസർ  പാഞ്ഞുകയറി ഒരാൾ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.  താരതമ്യേന കുറഞ്ഞ കുറ്റമായ അശ്രദ്ധ മൂലമുള്ള അപകടമരണം എന്ന വകുപ്പാണ് നേരത്തേ സൽമാനെതിരെ ചുമത്തിയിരുന്നത്. എന്നാൽ, 17 ദൃക്‌സാക്ഷികളെ വിചാരണ ചെയ്തശേഷം മെട്രോപൊളിറ്റൻ മജിസ്‌ട്രേട്ട് തന്നെ കൂടുതൽ ശക്തമായ വകുപ്പായ മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം ചുമത്തിയ ശേഷം കേസ് സെഷൻസ് കോടതിക്ക് കൈമാറുകയായിരുന്നു. 27 പ്രോസിക്യൂഷൻ സാക്ഷികളെയും ഒരു പ്രതിഭാഗം സാക്ഷിയെയും ജഡ്ജി വിചാരണ ചെയ്തു. കാർ ‍ഓടിച്ചതും അപകടമുണ്ടാക്കിയതും സൽമാൻ  തന്നെയായിരുന്നുവെന്നായിരുന്നു അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഗാർഡ് രവീന്ദ്ര പാട്ടീലടക്കമുള്ളവർ മൊഴി നൽകിയത്. ആ മൊഴി നിർണായകമായി.

ഇക്കഴിഞ്ഞ ഏപ്രിൽ 20ന് കോടതിയിൽ ‍പ്രതിഭാഗം സാക്ഷിയായി എത്തിയ ഡ്രൈവർ അശോക് സിംഗ് താനാണ്  കാർ ഓടിച്ചിരുന്നതെന്ന്  മൊഴി നൽകി സൽമാനെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. 13 വർഷത്തിനു ശേഷം അശോക്‌സിംഗ് വാദവുമായി രംഗത്തെത്തിയതിനെ പ്രോസിക്യൂഷൻ ചോദ്യം ചെയ്തു. മദ്യം കഴിച്ചിരുന്നില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാൽ ഹോട്ടലിൽ നിന്ന്  വെള്ളം മാത്രമാണ് കുടിച്ചതെന്നും സൽമാനും മൊഴി നൽകി. വാഹനത്തിന്റെ  ടയർ ഊരിപ്പോയതാണ് അപകടകാരണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.  എന്നാൽ, വാദങ്ങളെല്ലാം തള്ളിയ  കോടതി സൽമാൻ ഖാൻ കുറ്റക്കാരനെന്ന് വിധിച്ചു.
പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്‌ സൽമാനെതിരെ ചുമത്തിയത്.  കുറ്റക്കാരനെന്ന്‌ കണ്ടെത്തിയ സാഹചര്യത്തിൽ കുറഞ്ഞ ശിക്ഷ നൽകണമെന്ന് സൽമാന്റെ അഭിഭാഷകൻ ശ്രീകാന്ത്‌ ശിവാദെ അഭ്യർത്ഥിച്ചു. സൽമാൻ നടത്തുന്ന സാമൂഹ്യസേവനങ്ങൾ പരിഗണിക്കണമെന്നും 600 കുട്ടികളുടെ സൗജന്യ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകിയെന്നും ഇതിനകം 47 കോടി രൂപ സന്നദ്ധ പ്രവർത്തനങ്ങൾക്ക്‌ നൽകിയെന്നും ചൂണ്ടിക്കാട്ടി. കോടതി ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുക നൽകാമെന്നും ഇതുവരെ 19 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും  അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.