Home »
News
» ടിപി വധം: രമയുടെ വെളിപ്പെടുത്തല്‍ കുമാരന്‍ കുട്ടിയെ തിരിഞ്ഞു കുത്തുന്നു ആര്‍എംപിയില്‍ ആഭ്യന്തര കലാപം മൂര്‍ഛിക്കുന്നു
ടിപി വധം: രമയുടെ വെളിപ്പെടുത്തല്‍ കുമാരന്‍ കുട്ടിയെ തിരിഞ്ഞു കുത്തുന്നു ആര്‍എംപിയില്‍ ആഭ്യന്തര കലാപം മൂര്‍ഛിക്കുന്നു
കോഴിക്കോട്: വടകരയിലെ സിപിഎം സ്ഥാനാര്‍ഥി എ.എന്‍. ഷംസീറിനെതിരായ രമയുടെ
വെളിപ്പെടുത്തല്‍ ടി.പി. ചന്ദ്രശേഖരനെ സ്‌നേഹിക്കുന്ന ആര്‍എംപി
പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷം പടര്‍ത്തുന്നു. ചന്ദ്രശേഖരന്‍
വധഗൂഡാലോചനയില്‍ ഷംസീറിനു പങ്കുണെന്ന് ആരോപിച്ച രമ, ഇതിനു തെളിവായി കേസിലെ
രണ്ടാം പ്രതി കിര്‍മാണി മനോജും ഷംസീറും സംസാരിച്ചതിന്റെ ടെലഫോണ്‍ രേഖകളും
പുറത്തു വിട്ടിരുന്നു. ഇതാണ് ആര്‍എംപിയെ ബൂമറാംങു പോലെ തിരിഞ്ഞു
കുത്തുന്നത്.
വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി അഡ്വ. പി. കുമാരന്‍ കുട്ടിയായിരുന്നു
ചന്ദ്രശേഖരന്‍ വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. കേസ് അന്വേഷണ
വേളയില്‍ തന്നെ കിര്‍മാണി മനോജ് അടക്കുള്ളവരുടെ ഫോണ്‍ രേഖകള്‍ പൊലീസ്
ശേഖരിച്ചിരുന്നു. അത് കേസ് രേഖകളുടെ ഭാഗമായി അന്നു തന്നെ കുമാരന്‍
കുട്ടിയുടെ കൈയില്‍ ലഭിച്ചതുമാണ്. അന്നു രേഖകള്‍ പരിശോധിച്ച്
ഗൂഡാലോചനയില്‍ ഷംസീറിന്റെ പങ്ക് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍
ഇദ്ദേഹം പരാജയപ്പെട്ടു. അതു ചെയ്‌തിരുന്നെങ്കില്‍ കൊലയാളി സംഘത്തെയും
നേതൃത്വത്തെയും ബന്ധിപ്പിച്ച കണ്ണിയാണോ ഷംസീറെന്നു കോടതി
പരിശോധിക്കുമായിരുന്നു. ഏതു നേതാവാണ് ഷംസീറിനെ ഇടനിലക്കാരനാക്കി കൊലപാതകം
ആസൂത്രണം ചെയ്‌തതെന്നു തെളിയിക്കാനും അവര്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാനും
കഴിയുമായിരുന്നു.
രമയുടെ ആരോപണം ശരിയാണെങ്കില്‍, കുമാരന്‍ കുട്ടിയുടെ പരാജയമല്ലേ
ഗൂഡാലോചനക്കാര്‍ രക്ഷപ്പെടാന്‍ കാരണമെന്നാണ് ആര്‍എംപി പ്രവര്‍ത്തകര്‍
ചോദിക്കുന്നത്. ഈ കുമാരന്‍ കുട്ടിക്ക് ചന്ദ്രശേഖരന്റെ
രക്തസാക്ഷിത്വത്തിന്റെ പേരില്‍ വോട്ടു തേടാന്‍ എന്തവകാശമെന്നും അണികള്‍
ആര്‍എംപി നേതൃത്വത്തോടു ചോദിച്ചു തുടങ്ങി. സ്വന്തം അണികളോട് ഇതിനു
കൃത്യമായ മറുപടി പറയാന്‍ ആര്‍എംപി നേതൃത്വത്തിനു സാധിക്കുന്നുമില്ല.
ഷംസീറിനെതിരായ വെളിപ്പെടുത്തലിലൂടെ, കേസ് നടത്തിപ്പില്‍
പ്രോസിക്യൂട്ടറായിരുന്ന കുമാരന്‍ കുട്ടി വീഴ്‌ച വരുത്തിയെന്ന് പരോക്ഷമായി
പറയുകയാണ് കെ.കെ. രമ ചെയ്‌തത്. കുമാരന്‍കിട്ടിക്കെതിരെ
പ്രവര്‍ത്തകര്‍ക്കിടയില്‍ രോഷം വളര്‍ത്തി ആര്‍എംപി വോട്ടുകള്‍ കോണ്‍ഗ്രസ്
പാളയത്തിലേക്കു തിരിച്ചു വിടാനുള്ള നീക്കമാണോ ഇതെന്നും ചില ആര്‍എംപി
പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നുണ്ട്. ആര്‍എംപിയുടെ സ്ഥാപനത്തിനു
മുന്നില്‍ നിന്നയാളാണു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. ആര്‍എംപി
കോണ്‍ഗ്രസിന്റെ ബി ടീമായെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന ശരിവെക്കുന്ന
രീതിയിലാണു വോട്ടെടുപ്പു ദിവസം അടുക്കുമ്പോള്‍ നേതാക്കളുടെ നീക്കമെന്നും
ചില പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, യഥാര്‍ഥ ഇടതു പക്ഷം
സ്വപ്‌നം കണ്ടെത്തിയ പ്രവര്‍ത്തകര്‍ ഇടയുന്നത് ആര്‍എംപിയില്‍ ആഭ്യന്തര
സംഘര്‍ഷത്തിനും വഴിയൊരുക്കുകയാണ്.