ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ സമരത്തിനും ആം ആദ്മി രൂപവത്കരണ ത്തിനും ആശീര്‍വാദങ്ങള്‍ ചൊരിഞ്ഞ ശ്രീശ്രീ രവിശങ്കര്‍, അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തതും മത്സരിക്കാന്‍ തീരുമാനിച്ചതുമാണ് ജീവനകലയുടെ ആചാര്യന്‍െറ കോപത്തിനു വഴിവെച്ചത്. കഴിഞ്ഞദിവസം ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ മോദിയെ വാനോളം പുകഴ്ത്തിയ രവിശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി പദമൊഴിഞ്ഞ് ദേശീയ രാഷ്ട്രീയത്തിലേക്കിറങ്ങുക വഴി കെജ്രിവാളിന്‍െറ ഒളിപ്പിച്ചുവെച്ച മോഹങ്ങള്‍ പുറത്തുചാടിയെന്ന് കുറ്റപ്പെടുത്തുന്നു. ഗുജറാത്തിലെ സാമൂഹിക അവസ്ഥയെക്കുറിച്ചുണ്ടായ വെളിപ്പെടുത്തലുകളെയും ശ്രീശ്രീ ഖണ്ഡിക്കുന്നു. 90കളിലും 2000മാണ്ടിന്‍െറ തുടക്കത്തിലും ഒരു മരം പോലുമില്ലാതിരുന്ന സൗരാഷ്ട്ര മേഖല ഇപ്പോള്‍ പച്ചവിരിച്ചു നില്‍ക്കുന്നതായും ഗ്രാമങ്ങളില്‍ പോലും ദിവസം മുഴുവന്‍ വെള്ളവും വൈദ്യുതിയും ലഭ്യമാണെന്നും അദ്ദേഹം എഴുതുന്നു








