Home »
News
» അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന പഴയ വാഗ്ദാനം ബി.ജെ.പിയുടെ പ്രകടന പത്രികയിൽ .
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന പഴയ വാഗ്ദാനം ബി.ജെ.പിയുടെ പ്രകടന പത്രികയിൽ .

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന പഴയ വാഗ്ദാനം ഇന്ന് പുറത്തിറക്കുന്ന ബി.ജെ.പിയുടെ പ്രകടന പത്രികയിൽ ഉള്ളതായി അറിയുന്നു.
'എക ഭാരതം, ശ്രേഷ്ഠ ഭാരതം" എന്ന പേരിൽ 50 പേജുള്ള പ്രകടന പത്രികയിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഏകീകൃത സിവിൽ കോഡ്, ജമ്മു കാശ്മീരിന് പ്രത്യേ പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുക തുടങ്ങി ബി. ജെ. പിയുടെ പഴയ നിലപാടുകളെല്ലാം ആവർത്തിച്ചിട്ടുണ്ടെന്നാണ് സൂചന.
ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തിന് ഇന്നു രാവിലെ പ്രകടന പത്രിക പുറത്തിറക്കും. അസാമിലും ത്രിപുരയിലും ഇന്ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ പ്രകടന പത്രിക ദൃശ്യമാദ്ധ്യമങ്ങളിൽ സംപ്രേക്ഷണം ചെയ്യാനാവില്ല.
മുതിർന്ന നേതാക്കളുടെ സൗകര്യം നോക്കിയതിനാലാണ് പത്രിക പ്രകാശനം വൈകിയതെന്നാണ് പാർട്ടി പറയുന്നത്. വാരണാസി സീറ്റ് പ്രശ്നത്തിൽ പ്രകടന പത്രികാ സമിതി അദ്ധ്യക്ഷൻ മുരളീമനോഹർ ജോഷി ഉടക്കി നിന്നതാണ് കാരണമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ആദ്യ ഘട്ടം വോട്ടെടുപ്പ് നാളെ തുടങ്ങാനിരിക്കെ ഇന്ന് പ്രകടനപത്രിക പുറത്തിറക്കുന്നത് ബി. ജെ. പിയുടെ തന്ത്രപരമായ നീക്കമാണെന്ന് നിരീക്ഷകർ കരുതുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയശേഷം ഇതുവരെ രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള ഹിന്ദുത്വ അജണ്ടയെ പറ്റി പാർട്ടി മിണ്ടിയിട്ടില്ല. പ്രചാരണത്തിൽ നേരത്തേ ഹിന്ദുത്വ അജണ്ട പുറത്തെടുത്തിരുന്നെങ്കിൽ നിശിതമായ ആക്ഷേപങ്ങളും വിമർശനങ്ങളും ഉയരുമായിരുന്നു. അത് ഒഴിവാക്കാനാണ് പത്രിക വൈകിപ്പിച്ചതെന്നാണ് കരുതുന്നത്.
ജനപ്രാതിനിദ്ധ്യ നിയമത്തിലെ 126 (1)ബി പ്രകാരം വോട്ടെടുപ്പിന് 48 മണിക്കൂറിനുള്ളിൽ പാർട്ടികൾ ഏതെങ്കിലും തരത്തിലുള്ള പ്രചരണം നടത്തുന്നത് ചട്ടലംഘനമാണ്. പ്രകടനപത്രിക പ്രചരണത്തിന്റെ ഭാഗമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുമുണ്ട്. അതുകൊണ്ട് ദൃശ്യമാദ്ധ്യമങ്ങൾക്ക് ഇന്നത്തെ പത്രിക പ്രകാശനം റിപ്പോർട്ട് ചെയ്യാനാകില്ല. കഴിഞ്ഞ വർഷം ജുണിൽ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല മോഡി ഏറ്റെടുത്ത ശേഷം നടന്ന ആദ്യ പാർലമെന്ററി യോഗത്തിൽ തന്നെ പ്രകടന പത്രിക തയ്യാറാക്കാനുള്ള സമതിയെ തിരഞ്ഞെടുത്തിരുന്നു. പ്രകടന പത്രികയ്‌ക്കായി ജനങ്ങളുടെ നിർദ്ദേശങ്ങൾ തേടാൻ വെബ്സൈറ്റും തുടങ്ങിടയിരുന്നു. ബി.ജെ.പിയുടെ വാഗ്‌ദാനങ്ങൾ എന്തെന്നറിയാതെയാകും അസാമിലും ത്രിപുരയിലും ഇന്ന് വോട്ടർമാർ ബൂത്തുകളിലെത്തുക.