Home » » വിവാദ ആരോപണമുന്നയിച്ച കെ കെ രമ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്‌ ഷംസീര്‍ നോട്ടീസ്‌ അയച്ചു.

വിവാദ ആരോപണമുന്നയിച്ച കെ കെ രമ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്‌ ഷംസീര്‍ നോട്ടീസ്‌ അയച്ചു.

Written By Unknown on Sunday, 6 April 2014 | 18:51



കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിനു മുമ്പ്‌ രണ്‌ടാംപ്രതി കിര്‍മാണി മനോജ്‌, എ എന്‍ ഷംസീറിനെ ഫോണില്‍ ബന്ധപ്പെട്ടെന്ന ആരോപണത്തിനെതിരേ വടകരയിലെ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ഥി ഷംസീര്‍ നിയമനടപടിയുമായി രംഗത്ത്‌. വിവാദ ആരോപണമുന്നയിച്ച ആര്‍.എം.പി. നേതാവായ ടി പിയുടെ പത്‌നി കെ കെ രമ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്‌ ഷംസീര്‍ തലശ്ശേരി ബാറിലെ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ മുഖേന നോട്ടീസ്‌ അയച്ചു.

യു.ഡി.എഫ്‌. സ്ഥാനാര്‍ഥിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി ഒത്തുചേര്‍ന്ന്‌ ഷംസീറിനെതിരേ ഗൂഢാലോചന നടത്തിയെന്ന്‌ നോട്ടീസില്‍ പറയുന്നു. ഡി.വൈ.എഫ്‌.ഐ. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറികൂടിയായ ഷംസീര്‍ പൊതുപ്രവര്‍ത്തകന്‍കൂടിയാണ്‌. ടി പി വധക്കേസ്‌ പ്രതി കിര്‍മാണി മനോജിന്റെ 9847562679 എന്ന ഫോണ്‍ നമ്പറില്‍നിന്ന്‌ ഷംസീറിന്റെ ഫോണിലേക്ക്‌ വിളിച്ചെന്ന ആരോപണം തെറ്റാണ്‌. ഈ നമ്പര്‍ കിര്‍മാണി മനോജിന്റേതല്ല. മറ്റൊരു വ്യക്തിയുടേതാണ്‌്‌. ഇതിനു മതിയായ തെളിവുകളുണ്‌ട്‌. രമയുടെ ആരോപണം എല്‍.ഡി.എഫ്‌. സ്ഥാനാര്‍ഥിക്ക്‌ മാനഹാനിവരുത്തിയിട്ടുണ്‌ട്‌.

കള്ളപ്രചാരണങ്ങള്‍ വഴി വോട്ടര്‍മാരെ സ്വാധീനിച്ച്‌ ഷംസീറിനെ പരാജയപ്പെടുത്താന്‍ സാധിക്കുമോ എന്നതാണ്‌ ആര്‍.എം.പിയുടെയും യു.ഡി.എഫിന്റെയും ഗൂഢാലോചന. ഇത്‌ ഐ.പി.സി. 500 വകുപ്പുപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്‌. കൂടാതെ, തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവും. നോട്ടീസ്‌ ലഭിച്ചയുടന്‍ പരസ്യമായി മാപ്പുപറയണമെന്നും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

അതേ സമയം,കോണ്‍ഗ്രസ്സിന്റെ മാനസികനില തെറ്റിയ മെഗാഫോണുകളാണ്‌ വടകരയിലെ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ഥി എ എന്‍ ഷംസീറിനെതിരെ കള്ളപ്രചാരണം നടത്തുന്നതെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കതിരൂരില്‍ എല്‍.ഡി.എഫ്‌. റാലി ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപവാദ പ്രചാരണങ്ങള്‍ ബൂമറാങ്‌ പോലെ തിരിച്ചടിക്കും. ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതിയുമായി ഷംസീര്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെങ്കില്‍ പോലും ഇത്തരത്തിലുള്ള ദുഷ്‌പ്രചാരണം തിരഞ്ഞെടുപ്പിനുമുമ്പ്‌ അഴിച്ചുവിടുമായിരുന്നു. ഒരു കേസിന്റെ പേരില്‍ ആരെയൊക്കെയോ പ്രതികളാക്കാന്‍ ശ്രമിച്ചു. ഇനിയും ഇത്തരം കുപ്രചാരണങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. ഇവയെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഹീനശ്രമങ്ങളാണ്‌. ഇത്തരം ആരോപണങ്ങളില്‍ വഞ്ചിതരാവരുതെന്നും പിണറായി അഭ്യര്‍ഥിച്ചു.

ഷംസീര്‍ സംസാരിച്ചതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തിയ ഫോണ്‍ നമ്പര്‍ കിര്‍മാണി മനോജിന്റെതല്ലെന്നും പന്തക്കല്‍ സ്വദേശി അജീഷിന്റെതാണെന്നും പി ജയരാജന്‍ പറഞ്ഞു. ബി.എസ്‌.എന്‍.എല്‍. നോഡല്‍ ഓഫിസര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.