Home » » ചന്ദ്രശേഖരന്‍ വധം: ഫയാസ് ബന്ധം സംബന്ധിച്ചു സൂചന ലഭിച്ചത് 20 മാസം മുമ്പ്; അന്വേഷണം നടത്താത്തത് വിശദീകരിക്കാനാവാതെ സര്‍ക്കാരും പൊലീസും

ചന്ദ്രശേഖരന്‍ വധം: ഫയാസ് ബന്ധം സംബന്ധിച്ചു സൂചന ലഭിച്ചത് 20 മാസം മുമ്പ്; അന്വേഷണം നടത്താത്തത് വിശദീകരിക്കാനാവാതെ സര്‍ക്കാരും പൊലീസും

Written By Unknown on Friday, 21 February 2014 | 06:52

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുമായി കള്ളക്കടത്തു സംഘാംഗം ഫയാസിനു ബന്ധമുള്ളതായി പോലീസിനു സൂചന ലഭിച്ചത് 20 മാസം മുമ്പ്. എന്നിട്ടും ഇതു സംബന്ധിച്ച് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കാനാവതെ ഉഴലുകയാണ് ഇന്ന് സര്‍ക്കാരും പോലീസും. കേസിലെ  ചില കണ്ണികള്‍ മറച്ചു വെക്കാനോ കേസ് വഴിതിരിച്ചു വിടാനോ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന സംശയം വര്‍ദ്ധിപ്പിക്കുന്നതാണിത്.
  2012 മെയ് നാലിനാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ദിവസങ്ങള്‍ക്കകം തന്നെ സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം പി. മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ പോലീസിനു പ്രധാന സഹായമായതും. പല പ്രതികളുടെയും പങ്ക് കോടതിയില്‍ തെളിയിച്ചതും ഫോണ്‍ രേഖകള്‍ അടിസ്ഥാനമാക്കിയായിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായി അന്നു തന്നെ മോഹനന്‍ മാസ്റ്ററുടെ ഫോണ്‍ വിളികളും പോലീസ് പരിശോധിച്ചിരുന്നു. എന്നാല്‍, ഫയാസും മോഹനന്‍ മാസ്റ്ററും തമ്മിലുള്ള ഫോണ്‍ വിളിയുടെ വിവരം പോലീസ് ബോധപൂര്‍വം മറച്ചു വെക്കുകയായിരുന്നു.
  പിന്നീട് മാസങ്ങള്‍ കഴിഞ്ഞാണ്, ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുമ്പ് മോഹനന്‍ മാസ്റ്ററും ഫയാസും ഫോണ്‍ സംഭാഷണം നടത്തിയകാര്യം മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. അപ്പോഴും പോലീസ് അനങ്ങയില്ല. പിന്നീട്, ഫയാസ് ജയിലില്‍ ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സന്ദര്‍ശിച്ച ദൃശ്യങ്ങള്‍ സഹിതം പുറത്തു വന്നതോടെയാണ് കൊലപാതകത്തില്‍ ഫയാസിനെന്ത് കാര്യം എന്ന ചര്‍ച്ച ഉയര്‍ന്നത്. എന്നാല്‍, അപ്പോഴും ഇപ്പോഴും പോലീസ് ഇക്കാര്യം വേണ്ട വിധത്തില്‍ അന്വേഷിച്ചിട്ടില്ല.
  ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകം മോഹനന്‍ മാസ്റ്ററുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച പോലീസ്, ഫയാസിന്റെ കാര്യം മറച്ചു വെച്ചത് എന്തിനെന്ന ചോദ്യം പ്രസക്തമാണ്. കേസിലെ പ്രതികളുമായി മാത്രമല്ല, വടകര കേന്ദ്രീകരിച്ച് വളര്‍ന്ന കള്ളക്കടത്ത് ലോബിയുമായും ഫയാസിനു ബന്ധമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിലെ സന്ദര്‍ശകനാണിയാള്‍. ഗള്‍ഫില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ മുഖ്യ സംഘാടകനാണ് ഫയാസെന്ന് നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിരുന്നു. ഫയാസിനെ കാണാനായി ഉമ്മന്‍ചാണ്ടി യാത്രക്കിടെ തലശേരിയില്‍ കാത്തു നിന്നതും ഇവര്‍ അര മണിക്കൂറിലേറെ കാറില്‍ ചര്‍ച്ച നടത്തി എന്നതും മാധ്യമങ്ങളിലൂടെ പുറത്തു വന്നതാണ്. മുഖ്യമന്ത്രിയുമായി ഇത്രയും അടുത്ത ബന്ധമുള്ളയാളാണ് ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കാണാനെത്തിയത് എന്നത് ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്.
  കേസ് തന്നിലേക്കെത്തിയാല്‍ ഭരണ പക്ഷത്തു പച്ചപിടിച്ചു നില്‍ക്കുന്ന പാര്‍ട്ടിയിലെ കള്ളക്കടത്ത് ബന്ധമുള്ള ഐസ്‌ക്രിം കച്ചവടക്കാരുള്‍പ്പെടെ കുടുങ്ങുമെന്ന് ഇയാള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടാവണം. അങ്ങിനെ വന്നാല്‍ സര്‍ക്കാര്‍ താഴെ പോകും. ഇതോടെയായിരിക്കാം കേസ് മോഹനന്‍ മാസ്റ്ററില്‍ അവസാനിപ്പിച്ചതും ഫയാസിന്റെ ഫോണ്‍ നമ്പര്‍ പോലീസ് കാണാതിരുന്നതും എന്നാണ് അടക്കം പറച്ചില്‍. പിടികൂടുമെന്നു പ്രഖ്യാപിച്ച വമ്പന്‍ സ്രാവുകള്‍ കടലിലല്ല, കപ്പലിലാണെന്ന് തിരിച്ചറിഞ്ഞതോടെയാവണം വമ്പന്‍ സ്രാവുകളെ പിടിക്കുമെന്ന പ്രഖ്യാപനം അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ വിഴുങ്ങിയതും. ഇനി കേസ് സിബിഐ അന്വേഷിക്കും. വമ്പന്‍ സ്രാവുകള്‍ വലയിലാകുമോ, അതോ സിബിഐ സ്രാവുകളുടെ വായിലാകുമോ... കാത്തിരുന്നു കാണാം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.