കോഴിക്കോട്: ജനവിരുദ്ധ ശിപാര്‍ശകളടങ്ങിയ ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനെതിരെ പശ്ചിമഘട്ട ജനസംരക്ഷണസമിതി നടത്തുന്ന ജനകീയ സമരം നാലാംഘട്ടത്തിലേക്ക്. കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവയെ പരിസ്ഥിതിലോല മേഖലയില്‍ നിന്നൊഴിവാക്കിക്കൊണ്‌ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനു മുമ്പായി പുറത്തിറക്കുക, ഇതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ നല്‌കിയ ഉറപ്പുകള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം ശക്തമാക്കുന്നത്.
കളക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം, വീട്ടമ്മമാരെ പങ്കെടുപ്പിച്ച് വിലാപറാലി, കൂട്ടധര്‍ണ തുടങ്ങിയ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് തീരുമാനമെന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. ആന്റണി കൊഴുവനാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയോരത്ത് തെളിവെടുപ്പു നടത്തിയ കെപിസിസി സമിതിയും ഉമ്മന്‍ കമ്മിറ്റിയും ജനങ്ങളുടെ ശ്ര്‌നങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ജനജീവിതം ദുസ്സഹമാക്കുന്ന നിര്‍ദേശങ്ങള്‍ ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലുണെ്‌ടന്നതും വ്യക്തമായതാണ്.
റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ പിഴവുണെ്‌ടന്ന് സമ്മതിക്കുമ്പോഴും തിരുത്താനോ റദ്ദാക്കാനോ നടപടിയുണ്‌ടാകുന്നില്ല. മന്ത്രിമാരും രാഷ്ട്രീയ നേതൃത്വവും ആവര്‍ത്തിച്ചു നല്‌കുന്ന ഉറപ്പുകള്‍ ഉത്തരവാകേണ്‌ടതുണെ്‌ടന്നും ഫാ. ആന്റണി കൊഴുവനാല്‍ പറഞ്ഞു.
26ന് രാവിലെ 10ന്‌് കളക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. പരിസ്ഥിതി ലോല മേഖലകളെ പ്രതിനിധീകരിച്ച് അഞ്ചുപേരാണ് നിരാഹാരം അനുഷ്‌ഠിക്കുക. വീട്ടമ്മമാരുടെ വിലാപറാലി മാര്‍ച്ച് ഒന്നിന് രാവിലെ പത്തിനു നടക്കും.
ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ ശിപാര്‍ശകള്‍ നടപ്പാക്കിയാല്‍ അതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്‌ടിവരിക വീട്ടമ്മമാരായിരിക്കും. ഈ സാഹചര്യത്തിലാണ് ഇവര്‍ സമരരംഗത്തിറങ്ങുന്നതെന്ന് പശ്ചിമഘട്ട ജന സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പ്രഫ. ചാക്കോ കാളംപറമ്പില്‍ പറഞ്ഞു. സമിതി ഭാരവാഹികളായ ബേബി പെരുമാലില്‍, മുഹമ്മദ്‌കുഞ്ഞി പാങ്ങാട്ടില്‍, ടി.പി. കേളപ്പന്‍ മാസ്റ്റര്‍, അബ്ദുള്‍ റസാഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.







