Home » , » പ്രവാസികള്‍ ബാലറ്റിലൂടെ കണക്കുതീര്‍ക്കും - കേരള പ്രവാസിസംഘം

പ്രവാസികള്‍ ബാലറ്റിലൂടെ കണക്കുതീര്‍ക്കും - കേരള പ്രവാസിസംഘം

Written By Unknown on Monday, 10 February 2014 | 00:44




പ്രവാസികളുടെ ജീവത്തായ വിഷയങ്ങളോട്‌ ഭരണ കൂടങ്ങള്‍ തുടങ്ങുന്ന അവഗണനക്കെതിരെയുള്ള സമര പ്രഖ്യാപനമായിരുന്നു പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട്‌ നടന്ന ദേശീയ സെമിനാര്‍. നിതാഖത്ത്‌ അടക്കമുള്ള ആഘാതങ്ങള്‍ ഏല്‍ക്കുമ്പോഴും താങ്ങിനിര്‍ത്താനാകാത്ത ഭരണകൂട നയങ്ങള്‍ക്കെതിരായ അതിശക്തമായ വിസ്‌ഫോടനമായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ പ്രവാസി സമൂഹം പ്രകടിപ്പിച്ചത്‌.
കേരളത്തിന്റെ സമ്പദ്‌ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ വലിയപങ്കാണ്‌ പ്രവാസിസമൂഹമനുഷ്‌ടിക്കുന്നത്‌. എന്നാല്‍ അവര്‍ക്ക്‌ കൈത്താങ്ങാകാനും, ദിശാബോധം പകരാനും, ഭരണാധികാരികള്‍ക്കോ, പ്രവാസിസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ കഴിയുന്നില്ല എന്ന വികാരമാണ്‌ സെമിനാറില്‍ അലയടിച്ചത്‌.
പ്രവാസികള്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ, അതിശക്തമായ വിധിയെഴുത്താകും, ആസന്നമായ ലോകസഭാതെരഞ്ഞെടുപ്പാലുണ്ടാവുക എന്നും, പ്രവാസികളും, അവരുടെ കുടുംബാംഗങ്ങളും ഈ ലക്ഷ്യത്തോടെ തന്നെ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിനിറങ്ങുമെന്നും, ബാലറ്റ്‌ ആയുധമാക്കി മാറ്റുമെന്നും നിറഞ്ഞ കരഘോഷങ്ങള്‍ക്കിടയില്‍ പ്രവാസിസംഘം നേതാക്കളായ പി. ടി. കുഞ്ഞുമുഹമ്മദും, കെ. പി. അബ്‌ദുള്‍ഖാദര്‍ എം. എല്‍. എയും പ്രഖ്യാപിച്ചു.
മന്ത്രി കെ. സി. ജോസഫ്‌ ആണ്‌ ദേശീയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തത്‌. കേരളപ്രവാസി സംഘം പ്രസിഡണ്ട്‌ പി. ടി. കുഞ്ഞുമുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. പ്രവാസി പുനരധിവാസത്തിന്‌, യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപടികള്‍ തയ്യാറാക്കണമെന്ന്‌, പ്രവാസിക്ഷേമ ബോര്‍ഡ്‌ ചെയര്‍മാന്‍ പി. എം. എ സലാം ആവശ്യപ്പെട്ടു.
പ്രശസ്‌ത നോവലിസ്റ്റും, സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. ഖദീജാമുംതാസ്‌, ഗള്‍ഫ്‌ നാട്ടില്‍ അനുഭവിക്കേണ്ടിവന്ന വസ്‌തുതകള്‍ വിശകലനം ചെയ്‌തുകൊണ്ടാണ്‌ സംസാരിച്ചത്‌. പ്രവാസികളായ സ്‌ത്രീകള്‍ക്കായി ഒരു വനിതാ ക്ഷേമവിഭാഗം രൂപീകരിക്കണമെന്ന നിര്‍ദ്ദേശം ഡോക്‌ടര്‍ മുന്നോട്ടുവെച്ചു.
പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍, സി. പി. എം കോഴിക്കോട്‌ ജില്ലാസെക്രട്ടറി ടി. പി. രാമകൃഷ്‌ണന്‍, പ്രവാസിസംഘം സംസ്ഥാന സെക്രട്ടറിമാരായ, എ. സി. ആനന്ദന്‍, ടി. സെയ്‌താലിക്കുട്ടി, ആര്‍. ശ്രീകൃഷ്‌ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രവാസി കൗണ്‍സില്‍ കേരളചെയര്‍മാന്‍ പി. എ. ഹംസയെ പൊന്നാടയണിയിച്ച്‌ ആദരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.