കോഴിക്കോട്: പശ്ചിമഘട്ടത്തെ യുനെസ്‌കൊക്ക് പണയപ്പെടുത്തിയ ഇന്ത്യ-യുനസെകൊ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ മേഖല പശ്ചിമഘട്ട ജനസംഗമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരപ്രഖ്യാപനം നടത്തി. കഴിഞ്ഞ മൂന്ന് മാസമായി ശക്തമായി സമരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സംരക്ഷിത വനമേഖലയിലും, തീവ്രപരിസ്ഥിതിലോലത്തിലും അകപ്പെട്ട ജനങ്ങളെ രക്ഷിക്കാനുള്ള ഉത്തരവിറക്കാന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാറിനു കഴിയാത്തത് ഇന്ത്യ-യുനസ്‌കൊ കരാര്‍ നിലനില്‍ക്കുന്നതിനാലാണ്. ഇതിനിടയില്‍ കസ്‌തൂരിരംഗന്‍ സമിതിയും, ഉമ്മന്‍ സമിതിയും, പഞ്ചായത്ത് സമിതിയും ഉണ്ടാക്കിയ റിപ്പോര്‍ട്ടുകളൊന്നും കേന്ദ്രസര്‍ക്കാറിന് പരിഗണിക്കാന്‍ കഴിയാതെ പോയതും കരാര്‍ ഉള്ളതുകൊണ്ടാണ്. ഗ്രീന്‍ ട്രൈബ്യൂണലിന്റെ മുമ്പിലെത്തുമ്പോള്‍ തല്‍സ്ഥിതി തുടരുന്നതായി കേന്ദ്രസര്‍ക്കാര്‍ വക്കീല്‍ പറയുന്നതിനും കാരണം ഇതാണ്. പ്രശ്‌നപരിഹാരത്തിനല്ല, ആശങ്കയകറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംഗമം ചൂണ്ടിക്കാട്ടി.
യുനസ്‌കോക്ക് വിട്ടു നല്‍കിയ സംരക്ഷിത ഭൂമിയില്‍ 47 ശതമാനം ഭൂമിയും കേരളത്തിന്റേതാണ്. ബാക്കി 5 സംസ്ഥാനങ്ങള്‍ക്കുകൂടി 53 ശതമാനം ഭൂമി മാത്രമാണ് പൈതൃക കേന്ദ്രമായത്. കേരളത്തിലെ ഇടത് വലത് എം പി മാരും കേന്ദ്രമന്ത്രിമാരും വിഷയം ഇതുവരെ ഗൗരവത്തിലെടുത്തിട്ടില്ല. കരാര്‍ ഒപ്പിട്ടിട്ട് ഒന്നര വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതിനിടയില്‍ ഇന്ത്യയിലേക്കെത്തിയ യുനസ്‌കോ ഫണ്ട് എത്രയെന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുന്നില്ല. പാര്‍ലിമെന്റ് ഇലക്ഷനു മുമ്പ് ഫണ്ട് വിവരം പുറത്തു വിടുകയുമില്ല.
ഇക്കാര്യങ്ങളെല്ലാം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തി കരാറില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാരിനെതിരെ മലബാര്‍ വികസന മുന്നണി സമര പ്രഖ്യാപനം നടത്തിയത്. വരുംദിനങ്ങളില്‍ ശക്തമായ പോരാട്ടമുയരും. തെരഞ്ഞെടുപ്പിനെ രാഷ്‌ട്രീയായുധമാക്കി മാറ്റുമെന്ന് ജനസമൂഹസംഗമം ഒറ്റകെട്ടായി പ്രഖ്യാപിച്ചു. ജനസംഗമം ഹരിതസേന ഡയറക്‌ടര്‍ അബ്രഹാം ബെന്‍ഹര്‍ ഉദ്‌ഘാടനം ചെയ്‌തു. ഫാര്‍മേഴ്‌സ് റിലീസ്‌ഫോറം സംസ്ഥാന സെക്രട്ടറി ബേബി സക്കറിയാസ്, ഇ എഫ് എല്‍ പീഢിത സമിതി ചെയര്‍മാന്‍ ജയിംസ് മറ്റം, ഷാജി കോക്കാടന്‍, എം പി ജോഷി, അഡ്വ കെ മനോജ്, സൈമന്‍ തോന്നക്കര, ബിന്ദു മുങ്ങാട്ടില്‍, മലബാര്‍ ജില്ലകളില്‍ നിന്നുള്ള കര്‍ഷക സംഘടന, ക്ലബ്‌പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.








