Home » » കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ ആശങ്കകള്‍ പരിഹരിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.

കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ ആശങ്കകള്‍ പരിഹരിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.

Written By Unknown on Tuesday, 25 February 2014 | 11:15

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതു സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി എം. വീരപ്പ മൊയ്‌ലിയെ വിളിച്ചു വരുത്തിയാണ്‌ രാഹുല്‍ ഈ നിര്‍ദേശം നല്‍കിയത്‌.

പരിസ്ഥിതി ലോല മേഖലയുടെ പട്ടികയില്‍ നിന്നു കൃഷി സ്ഥലങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്‌ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 13നു പുറത്തിറക്കിയ വിജ്ഞാപനം പുനഃപരിശോധിക്കുന്നതു സംബന്ധിച്ച്‌ വീരപ്പ മൊയ്‌ലിയുടെ അധ്യക്ഷതയില്‍ വനം, പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നതായാണ്‌ സൂചന.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രിക രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘം പ്രതിനിധികള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതിനായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം കേരളത്തില്‍ വലിയ ആശങ്കയാണുണ്‌ടാക്കിയിരിക്കുന്നതെന്നും ഈ ആശങ്ക പരിഹരിച്ചില്ലെങ്കില്‍ മലയോര മേഖലയില്‍ കോണ്‍ഗ്രസിനു വലിയ തിരിച്ചടിയാണുണ്‌ടാകുകയെന്നുമാണ്‌ നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചത്‌. ഈ സാഹചര്യത്തിലാണ്‌ രാഹുല്‍ ഗാന്ധി വീരപ്പ മൊയ്‌ലിയെ വിളിച്ചുവരുത്തി അടിയന്തരമായി നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്‌.

ഇതിന്റെ അടിസ്ഥാനത്തില്‍ വനം, പരിസ്ഥിതി മന്ത്രാലയത്തില്‍ കൂടിയ ഉന്നതതല യോഗത്തില്‍ നവംബര്‍ 13നു പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ പരിസ്ഥിതി ലോല മേഖലകള്‍ പുനര്‍ നിര്‍ണയിക്കുന്നതാണ്‌ ചര്‍ച്ചയായതെന്നാണ്‌ സൂചന. നവംബര്‍ 13നു പുറപ്പെടുവിച്ച വിജ്ഞാപനം അന്തിമമാണെന്നു കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണെ്‌ടങ്കിലും ഡിസംബര്‍ 20നു പുറത്തിറക്കിയ ഓഫീസ്‌ മെമ്മോറാണ്‌ടത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാനും അതിനു ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും ചൂണ്‌ടിക്കാട്ടിയിരുന്നു. ഇതു പരിഗണിച്ച ട്രൈബ്യൂണല്‍ മാര്‍ച്ച്‌ 24നകം അന്തിമ തീരുമാനം അറിയിക്കാനാണ്‌ കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചിരിക്കുന്നത്‌.

ഹരിത ട്രൈബ്യൂണലിനെ അന്തിമ തീരുമാനം അറിയിക്കുന്നതിനു മുന്നോടിയായി നിലപാട്‌ അറിയിക്കാന്‍ കേന്ദ്രം പശ്ചിമഘട്ടം സ്ഥിതി ചെയ്യുന്ന ആറ്‌ സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിരുന്നെങ്കിലും കേരളം മാത്രമാണ്‌ നിലപാട്‌ അറിയിച്ചിരിക്കുന്നത്‌. പരിസ്ഥിതി ലോല മേഖലകളെ പുനര്‍ നിര്‍ണയിക്കണമെന്നും വില്ലേജുകളായല്ല, സംരക്ഷിക്കപ്പെടേണ്‌ട ഭാഗം മാത്രം കണെ്‌ടത്തി ഇഎസ്‌എയുടെ പരിധിയില്‍ കൊണ്‌ടുവരണമെന്നുമാണ്‌ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്‌. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആശങ്ക പരിഹരിച്ചു കൊണ്‌ടു മാത്രമേ തീരുമാനമെടുക്കൂയെന്നു വീരപ്പ മൊയ്‌ലി വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.