കോഴിക്കോട്: നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളിലൊരാളായ സി വി രാമന്‍ അന്തരിച്ചു. വെസ്‌റ്റ്‌ഹില്‍ എടക്കാട് കക്കുളങ്ങരപാറയിലെ നന്മേടം വസതിയിലായിരുന്നു അന്ത്യം. അസുഖത്തെതുടര്‍ന്നു കിടപ്പിലായിരുന്നു. എഴുപത് വയസ്സായിരുന്നു.
തൃശൂരിലെ പാറളം അമ്മാടം കുടുംബാംഗമായ രാമന്‍ വിദ്യാര്‍ഥി ജീവിതകാലത്ത് അവിഭക്ത കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി യുവജന വിഭാഗങ്ങളിലെ അറിയപ്പെടുന്ന നേതാവായിരുന്നു. പിന്നീട് ശാസ്‌ത്രത്തില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. നക്‌സലൈറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനം തുടങ്ങി. കേരളത്തെ ഞെട്ടിച്ച കോങ്ങാട് നാരായണന്‍ കുട്ടിയെ വധിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടു. മറ്റു 16 പ്രതികള്‍ പോലിസ് പിടിയിലായി ശിക്ഷിക്കപ്പെട്ടു. സി വി രാമന്‍ ഒളിവില്‍ പോയി. കേരളത്തിനു പുറമെ മഹാരാഷ്ട്ര, ഛത്തിസ്‌ഗഡ്, ജാര്‍ഖണ്ഡ് മേഖലകളിലായിരുന്നു രാമന്‍ തന്റെ പ്രവര്‍ത്തനമണ്ഡലമായി തിരഞ്ഞെടുത്തത്. സി.ആര്‍.സി.സി.പി.ഐ.എം.എല്‍. സംസ്ഥാന കമ്മറ്റിയിലെ സജീവ സാന്നിധ്യമായിരുന്ന രാമന്‍ പാര്‍ട്ടി പിരിച്ചുവിടുന്നതുവരെയും തുടര്‍ന്നു.
പ്രത്യയശാസ്‌ത്ര നിലപാടില്‍ അടിയുറച്ച പോരാളിയായ രാമന്‍ ദേശീയ വിമോചന രാഷ്ട്രീയത്തിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചിരുന്നു. ചരിത്ര രചനകളിലും പ്രശസ്‌തമായ കൃതികളുടെ തര്‍ജ്ജമകളിലും ഇടപെട്ട രാമന്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായിരുന്നു. ഒട്ടേറെ സമരമുഖങ്ങളില്‍ നേതൃത്വനിരയില്‍ രാമനുണ്ടായിരുന്നു.
പാറളം കൃഷ്‌ണവാര്യരുടെയും തായ് കുട്ടി വാരസ്യാരുടെയും മകനാണ്. ഗൗരീവാരസ്യാര്‍, പരേതരായ മാധവവാര്യര്‍, ശ്രീധരവാര്യര്‍, ബാലകൃഷ്‌ണ വാര്യര്‍, കൊച്ചമ്മിണി വാരസ്യാര്‍, സരോജിനി വാരസ്യാര്‍, രാധാ വാരസ്യാര്‍ സഹോദരീ സഹോദരന്മാരാണ്.
ഈസ്‌റ്റ്‌ഹില്‍ കിഴക്കേ താമരക്കുളം കുടുംബാംഗം ലീലയാണ് ഭാര്യ. സംസ്‌കാരം വെസ്‌റ്റ്‌ഹില്‍ ശ്‌മശാനത്തില്‍ നടന്നു.








