ഓം ശാന്തി ഓശാന എന്ന ചിത്രം പ്രേക്ഷകനു കാണിച്ചു തരുന്നത്. കണ്ടു മടുത്ത ക്ലീഷെ പ്രണയകഥകള്‍ക്ക് മലയാളത്തില്‍ പഞ്ഞമില്ലെങ്കിലും ഓം ശാന്തി ഓശാന തീര്‍ത്തും വ്യത്യസ്‌തമായ അനുഭവമാണ് നല്‍കുന്നത്.
മത്തായി ഡോക്‌ടറുടെ (രണ്‍ജി പണിക്കര്‍) ഒറ്റ മോളാണ് പൂജ ( നസ്രിയ) എന്ന ആണ്‍കുട്ടി. തെറ്റിദ്ധരിക്കേണ്ട കക്ഷിയുടെ സ്വഭാവം അങ്ങനെയാണ്. പ്ലസ്‌ടു വിദ്യാര്‍ഥിനിയാണ്. അത്യാവശ്യം അമ്പെയ്‌ത്തിലൊക്കെ താല്‍പര്യമുള്ള പെണ്‍കൊച്ചിനെ പക്ഷേ സ്‌കൂളില്‍ അധ്യാപകര്‍ക്കും മറ്റും അത്ര പഥ്യമല്ല, എന്നു മാത്രമല്ല ഒരു തവണ പള്ളീലച്ചന്‍, മത്തായി ഡോക്‌ടറുടെ മുഖത്തു നോക്കി പറഞ്ഞു മകള്‍ അന്തിക്രിസ്‌തുവാണെന്ന്.
കുഞ്ചാക്കോ ബോബന്റെ നിറം പുറത്തിറങ്ങിയപ്പോള്‍ കേരളത്തിലെ സകലപെണ്‍പിള്ളേരുടെയും കണ്ണ് അങ്ങേരുടെ ചോക്ലേറ്റ് മുഖത്തായിരുന്നെങ്കില്‍ പൂജയുടെ കണ്ണ് പുള്ളിയോടിച്ച ചുവന്ന സിബിഇസഡ് ബൈക്കിലായിരുന്നു. പാവം മത്തായി ഡോക്‌ടറെ കുപ്പിയിലാക്കി അതു പോലൊന്നു സംഘടിപ്പിച്ചിട്ടേ പൂജ അടങ്ങിയുള്ളൂ. അങ്ങനെ അത്യാവശ്യം തെമ്മാടിത്തമൊക്കെയായി ജീവിതം മുന്നോട്ടു പോകുന്നതിനിടയില്‍ കക്ഷി ഒരു സുപ്രധാന തീരുമാനമെടുക്കുന്നു. കല്യാണം കഴിക്കുന്നത് താന്‍ പ്രേമിക്കുന്ന ഒരാളെ തന്നെയായിരിക്കുമെന്ന്. അങ്ങനെയിരിക്കുമ്പോഴാണ് അവിചാരിതമായി ഗിരി (നിവിന്‍ പോളി) അവളുടെ ജീവിതത്തിലേക്കു കടന്നു വരുന്നത്. പിന്നീടു പൂജയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഒട്ടും പുതുമ അവകാശപ്പെടാനില്ലാത്ത പ്രമേയത്തെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ ജൂഡ് ആന്റണി വിജയിച്ചിട്ടുണ്ട്. നസ്രിയയുടെ തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തിലുള്ളത്. അടിമുടി നായികാപ്രധാന്യമുള്ള സിനിമയാണെങ്കിലും നിവിന്‍ പോളി തിരശീലയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിക്കുന്നത്. അജു വര്‍ഗീസിന്റെ കാഞ്ഞാണി എന്ന കഥാപാത്രം ഹാസ്യരംഗങ്ങളില്‍ പ്രേക്ഷകപ്രതീക്ഷ നിലനിര്‍ത്തുന്നു.സംവിധായകനും മിഥുന്‍ മാനുവലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മൂന്നു സംവിധായകരാണ് ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നത്. രണ്‍ജി പണിക്കര്‍ , ലാല്‍ ജോസ് , വിനീത് ശ്രീനിവാസന്‍. മൂന്നു പേരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഇതില്‍ തന്നെ മത്തായിയായി എത്തിയ രണ്‍ജി പണിക്കര്‍ തന്റെ റോള്‍ കയ്യടക്കത്തോടെ തന്നെ അവതരിപ്പിച്ചു.
ചിത്രത്തിലെ ഗാനങ്ങള്‍ എടുത്തു പറയേണ്ടവയാണ്. സന്ദര്‍ഭത്തിന് അനുസരിച്ച് രസാവഹമായ രീതിയില്‍ പശ്‌ചാത്തല സംഗീതം ഒരുക്കുന്നതിലും സംഗീത സംവിധായകനായ ഷാന്‍ റഹ്‌മാന്‍ വിജയിച്ചു. വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണവും നിലവാരം പുലര്‍ത്തി.
തൊണ്ണൂറുകള്‍ മുതല്‍ കേരളീയ സ്‌ത്രീ സമൂഹത്തിലുണ്ടായ മാറ്റങ്ങളെ മുന്‍ നിര്‍ത്തി ചിത്രത്തെ വിശകലനം ചെയ്യാനുംസിനിമയുടെ ആശയത്തെ വിമര്‍ശിക്കാനും പുറപ്പെടുന്നവരോട് ഒരപേക്ഷ, ദയവായി നിങ്ങള്‍ ഈ സിനിമ കാണരുത്. കാരണം ഇത് തലച്ചോറു കൊണ്ടു ചിന്തിക്കുന്നവരേക്കാള്‍ ഹൃദയം കൊണ്ടു പ്രണയിക്കുന്നവര്‍ക്കുള്ള സിനിമയാണ്.

.jpg)






