സ്വവര്‍ഗ ലൈംഗികത പ്രമേയമാകുന്ന മലയാള ചിത്രമാണ് മൈ ലൈഫ് പാര്‍ട്ട്‌ണര്‍. സ്വവര്‍ഗാനുരാഗം കുറ്റകരമാണെന്ന സുപ്രീം കോടതി വിധിക്കു ശേഷം ഈ വിഷയം പശ്‌ചാത്തലമായി മലയാളത്തിലിറങ്ങുന്ന ആദ്യ ചിത്രം കൂടിയാണിത്. അമീര്‍ നിയാസ്, സുദേവ് നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‌റെ 377-ാം വകുപ്പനുസരിച്ച് സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റകരമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. വിധി അമര്‍ഷത്തോടെയാണ് ഉത്തരേന്ത്യന്‍ സിനിമാ ലോകം സ്വീകരിച്ചത്. ആമിര്‍ ഖാന്‍ അടക്കമുള്ള താരങ്ങള്‍ വിധിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് `മൈ ലൈഫ് പാര്‍ട്ട്‌ണര്‍` എന്ന ചിത്രം ഒരുങ്ങുന്നത്. നിവേദ്യം, കുട്ടിസ്രാങ്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയില്‍ ശ്രദ്ധേയനായ എം.ബി. പത്മകുമാര്‍ സംവിധായകനാവുന്ന ചിത്രമാണിത്.
ഏതു ബന്ധത്തിന്‌റെയും അടിത്തറ കുടുംബമാണ്. എന്നാല്‍ ഒരു ആണിനും പെണ്ണിനും മാത്രമല്ല, രണ്ടാണിനും ഒന്നിച്ചു കഴിയാം, നല്ല ജീവിത പങ്കാളികളാവാം. ഈ ചിന്താഗതിയുള്ളവര്‍ ഇന്ന് ഏറെയുണ്ട്. യു. എസി.ല്‍ ജനിച്ചു വളര്‍ന്ന റിച്ചാര്‍ഡിന്‌റെയും ബിസിനസ് ഫാമിലിയില്‍ നിന്നു വരുന്ന കിരണിന്റെയും ജീവിതാനുഭവങ്ങള്‍ അവരെ ഈ വഴിക്ക് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.
ഒരു ഘട്ടത്തില്‍, കുടുംബം എന്ന സ്‌ഥാപനത്തില്‍ കുട്ടികള്‍ക്കുള്ള പ്രാധാന്യം തിരിച്ചറിയുന്നതോടെ ഇവരുടെ `കുടുംബ ജീവിത`ത്തില്‍ നാടകീയമായ വഴിത്തിരിവുകള്‍ സംഭവിക്കുകയാണ്. ഇതാണ് ചിത്രത്തിന്റെ പ്രമേയം. കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റജിമോന്‍ കപ്പപ്പറമ്പില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു. അമീര്‍ നിയാസ്, സുദേവ്, അനുശ്രീ, സുകന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ കരുനാഗപ്പള്ളി, ഗീതാവിജയന്‍, വത്സലാ മേനോന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
മലയാളത്തില്‍ ഇത്തരം സിനിമകള്‍ ഇതാദ്യമല്ല. മലയാള സിനിമാ ചരിത്രത്തില്‍ വളരെയധികം വ്യത്യസ്‌തത പുലര്‍ത്തിയ സിനിമയാണ് പത്‌മരാജന്റെ ദേശാടനകിളികള്‍ കരയാറില്ല എന്ന ചിത്രം. രണ്ടുപെണ്‍കുട്ടികളുടെ സൗഹൃദത്തിന്റെ കഥപറയുന്ന സിനിമയില്‍ മലയാളി പെണ്‍കുട്ടികളുടെ അസാധാരണമായ ബന്ധത്തെ സ്വവര്‍ഗരതിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വ്യാഖ്യാനിച്ചിരുന്നു. മോഹന്‍ സംവിധാനം ചെയ്‌ത രണ്ടു പെണ്‍കുട്ടികള്‍ എന്ന ചിത്രം പ്രതിപാദിച്ചതും സ്വവര്‍ഗ ഇഷ്‌ടങ്ങളുടെ കഥയാണ്. 1978ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശോഭയും അനുപമ മോഹനുമായിരുന്നു നായികമാര്‍. മലയാള ചിത്രം ഭതുവും ഹോമോ സെക്‌ഷ്വാലിറ്റി കൈകാര്യം ചെയ്‌ത ചിത്രമാണ്. പൃഥ്വിരാജ് നായകനായ മുംബൈ പോലീസ് എന്ന ചിത്രമാണ് സ്വവര്‍ഗ പ്രണയത്തിന്റെ കഥയുമായി മലയാളത്തില്‍ അവസാനമിറങ്ങിയ ചിത്രം.








