മഹിളാകോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്‌ത്രീമുന്നേറ്റ യാത്രയിലും ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നു. പാര്‍ട്ടിയുടെ നയപരിപാടികള്‍ വിശദമാക്കുന്നതിന് പകരം ജാഥാ ലീഡറായ ബിന്ദുകൃഷ്‌ണയെ വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടുന്ന വിധത്തിലേക്ക് ജാഥ മാറുന്നുവെന്ന തിരിച്ചറിവാണ് ഉള്‍പ്പാര്‍ട്ടി വഴക്കുകള്‍ക്ക് കാരണം.
ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള സീറ്റ് ഉറപ്പിക്കുകയാണ് ഈ സ്‌ത്രീമുന്നേറ്റ യാത്രയുടെ അടിസ്ഥാനലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെല്ലാം അറിയും. സീറ്റ് ചര്‍ച്ചയെ തുടര്‍ന്ന് ഗ്രൂപ്പ് വടംവലികള്‍ മുറുകിയതോടെ, അതിന്റെ അലയൊലികള്‍ മഹിളാ കോണ്‍ഗ്രസ്സിലും മുഴങ്ങി. ആ തര്‍ക്കമാണിപ്പോള്‍ സ്‌ത്രീമുന്നേറ്റ യാത്രയിലും അലയടിക്കുന്നത്.
എല്ലാ സ്വീകരണകേന്ദ്രങ്ങളായും നോട്ടുമാലയിട്ട് ജാഥാക്യാപ്‌റ്റനെ സ്വീകരിക്കണമെന്നും, ഓരോ മണ്ഡലം കമ്മിറ്റിയും 10,000 രൂപ വീതം പിരിച്ച്, 5000 രൂപ സംസ്ഥാനകമ്മിറ്റിയെ ഏല്‍പ്പിക്കണമെന്നുമാണ് പാര്‍ട്ടിസര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍ ഐ ഗ്രൂപ്പുകാരിയായ ബിന്ദുകൃഷ്‌ണയെ അംഗീകരിക്കാന്‍ എ ഗ്രൂപ്പുകാര്‍ തയ്യാറായിട്ടില്ല. എ ഗ്രൂപ്പുകാര്‍ക്ക് മുന്‍കൈ ഉള്ള പല കേന്ദ്രങ്ങളിലും നോട്ടുമാല ഇട്ട് സ്വീകരണം നടന്നിട്ടില്ല. പാര്‍ട്ടിഫണ്ടും നല്‍കിയിട്ടില്ല. ഇതിനെതിരെ ഐ ഗ്രൂപ്പ് പലയിടത്തും പരസ്യമായി പ്രതികരിക്കുകയും ചെയ്‌തു.
സമയപരിധി ലംഘിച്ച്, മൈക്ക് ഉപയോഗിച്ച് പൊതുയോഗം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാസിക്കുകയും മൈക്ക് ഒഴിവാക്കുകയും ചെയ്‌ത പോലീസുദ്യോഗസ്ഥനെ പരസ്യമായി അധിക്ഷേപിക്കുകയും, തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത ബിന്ദുകൃഷ്‌ണയുടെ നടപടി നേരത്തെ വിവാദമായതാണ്. ജാഥാക്യാപ്‌റ്റന്റെ നടപടി ശരിയായില്ലെന്ന് വയനാട്ടിലെ `ഐ'ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രതികരിച്ചിട്ടുമുണ്ട്. ഇതിനിടയിലാണ് പൊതുസ്ഥലം മാറ്റത്തിനിടയില്‍, പോലീസുദ്യോഗസ്ഥനേയും സ്ഥലം മാറ്റിയത്. ഇത് പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്കുള്ള താക്കീതാണെന്ന വിധത്തിലാണ്, സ്‌ത്രീമുന്നേറ്റ യാത്രയില്‍ പല `ഐ' ഗ്രൂപ്പുകാരും പ്രസംഗിച്ചതും, ബിന്ദുകൃഷ്‌ണയെ വാഴ്‌ത്തിയതും. ഇതും ഈ വിഭാഗം പ്രവര്‍ത്തകരെ പ്രകോപിച്ചിട്ടുണ്ട്. പൊതുസമൂഹത്തില്‍ ഒരു ചലനവും ഉണ്ടാക്കാതെ കടന്നുപോകുന്ന ഈ യാത്ര, ഇത്തരം വിവാദങ്ങളിലൂടെയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് ചുരുക്കം.







