Home » » വിഎസിനോടു പരസ്യമായി കൂറു പ്രഖ്യാപിച്ച ആഭ്യന്തര മന്ത്രി വെട്ടിലായി

വിഎസിനോടു പരസ്യമായി കൂറു പ്രഖ്യാപിച്ച ആഭ്യന്തര മന്ത്രി വെട്ടിലായി

Written By Unknown on Saturday, 22 February 2014 | 21:14


തിരുവനന്തപുരം: വി.എസിനോടുള്ള ബഹുമാനം പരസ്യമായി പ്രഖ്യാപിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ദിവസങ്ങള്‍ക്കകം ഇതിന്റെ പേരില്‍ കുരുക്കിലായി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഡാലോച അന്വേഷണം സിബിഐക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യൂതാനന്ദനോടുള്ള സ്‌നേഹവും ബഹുമാനവും ചെന്നിത്തല പരസ്യമായി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവിനെ ബഹുമാനിച്ചു മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കിയ ചെന്നിത്തല, അദ്ദേഹത്തിന്റെ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ടി.പി. വധഗൂഢാലോചന അന്വേഷണം സിബിഐക്കു വിടുന്നതെന്നും വ്യക്തമാക്കി.
   എന്നാല്‍, പിന്നാലെ വി.എസ്. മറ്റൊരാവശ്യം കൂടി ഉന്നയിച്ചതോടെയാണ് ചെന്നിത്തല വെട്ടിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ക്ക് കേസുകള്‍ ഒത്തു തീര്‍ക്കാന്‍ കോടിക്കണക്കിന് രൂപ എവിടെ നിന്നു ലഭിച്ചു എന്നന്വേഷിക്കണമെന്നാണ് ഇത്തവണ ചെന്നിത്തലയോട് വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിപക്ഷ നേതൃബഹുമാനം ഇക്കാര്യത്തില്‍ ചെന്നിത്തല കാട്ടുമോ എന്നാണ് പൊതുസമൂഹം ഉറ്റു നോക്കുന്നത്.
   സരിതയുടെയും അമ്മയുടെയും അക്കൗണ്ടുകളിലായി ഉള്ള മൊത്തം പണത്തിന്റെ കണക്ക് സരിത കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം രേഖകളിലുള്ളതുമാണ്. ഇതിന്റെ എത്രയോ മടങ്ങ് പണമാണ് കേസുകള്‍ ഒത്തു തീര്‍ക്കാന്‍ ചെലവിട്ടത്. ദശകോടിക്കണക്കിന് വരുമിത്. ജയിലില്‍ കിടക്കുന്ന സരിതയ്ക്ക് ഇത്രയും പണം നല്‍കിയതാരാണ്, എന്തിനാണിവര്‍ പണം നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ നേരത്തെ കേരള ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവിന് പോലീസോ സര്‍ക്കാരോ വില കല്‍പിച്ചില്ല.
   ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മാത്രം പ്രതിപക്ഷ നേതാവിന്റെ ആവശ്യങ്ങള്‍ മാനിക്കുമെന്നു പ്രഖ്യാപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ടിപി കേസ് സിബിഐക്കു വിടാന്‍ തീരുമാനിക്കുകയും ചെയ്ത ചെന്നിത്തല സരിത വിഷയത്തിലും ഈ വിഎസ് ബഹുമാനം കാണിക്കേണ്ടി വരും. അല്ലാത്ത പക്ഷം പ്രതിപക്ഷ നേതാവിന്റെ നിലപാടുകളില്‍ തങ്ങള്‍ക്ക് വേണ്ടതുമാത്രം സ്വീകരിക്കുന്ന ഇരട്ടത്താപ്പിനു ചെന്നിത്തല മറുപടി പറയേണ്ടിവരും. വിഎസിന്റെ ആവശ്യം അംഗീകരിച്ച് സരിതയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കാന്‍ ഇറങ്ങിയാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും സരിത ദല്ലാളന്‍മാരായ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളുടെയും അതൃപ്തി നേരിടേണ്ടി വരും. ഇമേജ് നിലനിര്‍ത്താനായി പ്രതിപക്ഷ നേതാവിന്റെ ആവശ്യം അംഗീകരിച്ച് അന്വേഷണം നടത്തുമോ, അതല്ല മന്ത്രിസ്ഥാനം നിലനിര്‍ത്താനായി പ്രതിപക്ഷ നേതാവിന്റെ ആവശ്യം കേട്ടില്ലെന്നു നടിക്കുമോ- ചെന്നിത്തലയുടെ നിലപാടറിയാന്‍ കാത്തിരിക്കുകയാണ് പൊതുസമൂഹം.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.