കൊച്ചി: ക്രഷര്‍, ക്വാറി സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്നു കൊച്ചി മെട്രോയുടെ നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. 17ന് ആരംഭിച്ച സമരത്തെ തുടര്‍ന്നു കാസ്റ്റിംഗ് യാര്‍ഡിലെയടക്കം മെട്രോ നിര്‍മാണ ജോലികള്‍ പൂര്‍ണമായും സ്‌തംഭിച്ചിരുന്നു. ടിപ്പര്‍ ലോറികളുടെ സമരത്തെ തുടര്‍ന്ന് മുട്ടം യാര്‍ഡിലെ മണ്ണടിക്കലും നിലച്ചു.
സമരം അവസാനിച്ച പശ്ചാത്തലത്തില്‍ നിര്‍മാണ ജോലികള്‍ പുനരാരംഭിക്കാനുള്ള തയാറെടുപ്പുകള്‍ മെട്രോയുടെ നിര്‍മാണ കരാറുകാര്‍ നടത്തി. ക്വാറി ഉത്‌പന്നങ്ങള്‍ ഏതു സമയത്തു ലഭിച്ചാലും അപ്പോള്‍ തന്നെ ജോലികള്‍ ആരംഭിക്കാന്‍ കഴിയണമെന്ന നിര്‍ദ്ദേശം നല്‍കിയതായി കരാറുകാര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ സാധാരണ നിലയിലാവുമെന്നു കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല വഹിക്കുന്ന ഡിഎംആര്‍സി വ്യക്തമാക്കി.
സ്റ്റോക്കുള്ള ക്വാറി ഉത്‌പന്നങ്ങള്‍ വൈകുന്നേരത്തോടെ തന്നെ വിട്ടു കൊടുത്തു തുടങ്ങിയതായി ഓള്‍ കേരള ക്രഷര്‍ ക്വാറി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ക്രഷറുകളിലേയും ക്വാറികളിലേയും ജോലികള്‍ ഇന്നു മുതലേ സാധാരണ ഗതിയിലാകുവെന്നും അവര്‍ വ്യക്തമാക്കി.
ക്രഷര്‍, ക്വാറി സമരത്തെ തുടര്‍ന്നു മണലും മെറ്റലും അടക്കമുള്ള ക്വാറി ഉത്‌പന്നങ്ങള്‍ ലഭ്യമല്ലാതായതോടെയാണ് കൊച്ചി മെട്രോയുടെ നിര്‍മാണ ജോലികള്‍ സ്‌തംഭിച്ചത്. സമരം തുടങ്ങി ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ കോണ്‍ക്രീറ്റിംഗ് ജോലികളാണ് നിലച്ചിരുന്നതെങ്കില്‍ പിന്നീട് അനുബന്ധ ജോലികളും നിര്‍ത്തിവയ്‌ക്കേണ്‌ടി വന്നു.
ടിപ്പര്‍ ലോറികളുടെ പണിമുടക്ക് അവസാനിച്ചതിനാല്‍ മുട്ടത്തെ മണ്ണടിക്കലും പുനരാരംഭിക്കാന്‍ സാധിക്കും. എന്നാല്‍ മണ്ണിന്റെ ദൗര്‍ലഭ്യവും മണ്ണ് മടകളിലെ പ്രശ്‌നങ്ങളും കാരണം ഇവിടത്തെ ഭൂമിയൊരുക്കല്‍ ഉദ്ദേശിച്ച തരത്തില്‍ മുന്നോട്ടു പോകുന്നില്ല. പട്ടിമറ്റത്തെ മൂന്നു മടകളില്‍ നിന്നുമാണ് മുട്ടത്തേയ്‌ക്കുള്ള മണ്ണ് എത്തിക്കുന്നത്. ചെമ്പറക്കിയിലെ മടയിലെ മണ്ണ് ഇതിനകം തന്നെ എടുത്ത് തീര്‍ന്നിട്ടുണ്‌ട്. പകല്‍ എന്‍എഡി റോഡ് വഴി മണ്ണ് എത്തിക്കാന്‍ സാധിക്കാത്തതും ജോലികളെ ബാധിക്കുന്നുണ്‌ട്.
ആലുവ മുട്ടത്ത് 58 ഏക്കര്‍ സ്ഥലത്താണ് മെട്രോയാര്‍ഡ് നിര്‍മിക്കുന്നത്. ഇവിടത്തെ ഭൂമി ഒരുക്കല്‍ ജോലികള്‍ക്കായി മൂന്നര ലക്ഷം ഘനയടി മണ്ണുമാത്രമാണ് ഇതുവരെ അടിക്കാന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷമുണ്‌ടായ വെള്ളപ്പൊക്കവും മറ്റും കണക്കിലെടുത്ത് മുട്ടം ഡിപ്പോയുടെ ലെവല്‍ ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ആറു ലക്ഷം ഘന അടി മണ്ണ് അടിക്കേണ്‌ടി വരും. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ആദ്യം ഉറപ്പിച്ച ടെന്‍ഡര്‍ മുട്ടത്തെ മണ്ണടിക്കുന്നതിനുള്ളതായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ അത് ആരംഭിച്ചുവെങ്കിലും സ്ഥലമെടുത്തവരുടെ പ്രതിഷേധം, ക്വാറിയിലെ പ്രശ്‌നം, മഴയും വെള്ളക്കെട്ടും തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ മൂലം മാസങ്ങളോളം ഭൂമി ഒരുക്കല്‍ ജോലികള്‍ തടസപ്പെട്ടു. കോല്‍ക്കത്ത ആസ്ഥാനമായ ബ്രിഡ്‌ജ് ആന്‍ഡ് റൂഫ് എന്ന സ്ഥാപനമാണ് 28 കോടി രൂപയ്‌ക്കുള്ള മണ്ണടിക്കല്‍ കരാര്‍ എടുത്തിരിക്കുന്നത്.








