മൂവാറ്റുപുഴ: റോഡില്‍ മദ്യപിച്ചു ബഹളമുണ്‌ടാക്കിയ അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റു ചെയ്‌ത സംഭവത്തില്‍ പോലീസ് സ്റ്റേഷനില്‍ എഎസ്‌ഐയും പോലീസുകാരും തമ്മിലുണ്‌ടായ വാക്കേറ്റം ബഹളത്തില്‍ കലാശിച്ചു. ഞായറാഴ്‌ച രാത്രി നെഹ്‌റുപാര്‍ക്കില്‍ മദ്യപിച്ച് ബഹളമുണ്‌ടാക്കിയതിനു നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തിരുന്നു. രാവിലെ എഎസ്‌ഐ ഡ്യൂട്ടിക്കെത്തിയപ്പോള്‍ വഴിയില്‍കൂടി പോകുന്നവരെയൊക്കെ പിടിച്ചുകൊണ്‌ടിരുത്താനുള്ള സ്ഥലമാണോയിതെന്ന ചോദ്യവുമായി പോലീസുകാര്‍ക്കെതിരെ തിരിയുകയായിരുന്നു. എഎസ്‌ഐ ക്കെതിരെ പോലീസുകാരും രംഗത്തെത്തിയതോടെ വാക്കുതര്‍ക്കം മൂര്‍ച്ചിച്ചു. ഇതു ബഹളത്തിനു കാരണമായി. രാവിലെ സ്റ്റേഷനില്‍ പരാതിനല്‍കാനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കെത്തിയ നിരവധിപേരുടെ മുന്നില്‍വച്ചാണു സംഭവം. തര്‍ക്കം മൂര്‍ച്ചിച്ചതോടെ കൈയ്യാങ്കളിയിലെത്തുമൊയൈന്നു ഭയന്നു സ്‌ത്രീകള്‍ അടക്കമുള്ള പരാതിക്കാര്‍ സ്റ്റേഷന്‍ വളപ്പില്‍ നിന്നും പുറത്തിറങ്ങി. ഇതിനിടെ ബഹളം കേട്ടു നിരവധിനാട്ടുകാരും സ്റ്റേഷന്‍ പരിസരത്തു തടിച്ചുകൂടി.
ഡിവൈഎസ്‌പിയും, സിഐയും സ്ഥലംമാറ്റത്തെ തുടര്‍ന്നു കഴിഞ്ഞദിവസം ചാര്‍ജു വിട്ടിരുന്നു. പോലീസ് സ്റ്റേഷനില്‍ നാഥനില്ലാത്ത സമയത്താണു പോലീസുകാരുടെ അതിരുവിട്ട പെരുമാറ്റമുണ്‌ടായത്. മണ്ണ്,മണല്‍, പാറമട ലോബികളുടെ സ്വാധീനത്തിലുള്ള ചില ഉദ്യോഗസ്ഥര്‍ ഇവര്‍ക്കു തോന്നിയതുപോലെ കാര്യങ്ങള്‍ നടത്തുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്‌ട്. ഇത്തരം ലോബികളെ സഹായിക്കുന്നതിനും ഇവരില്‍ നിന്നും പണം വാങ്ങുന്നതിനും പ്രത്യേക ദൂതന്‍തന്നെ പ്രവര്‍ത്തിക്കുന്നതായും പറയപെടുന്നു.







