Home » » സൗഹൃദത്തിന്റെ തണലില്‍ നിന്നു... ഓണ്‍ ദ വേ.

സൗഹൃദത്തിന്റെ തണലില്‍ നിന്നു... ഓണ്‍ ദ വേ.

Written By Unknown on Monday, 10 February 2014 | 01:27

സൗഹൃദത്തിന്റെ തണലില്‍ നിന്നു സിനിമയിലെത്തുന്ന കൂട്ടുകെട്ടുകള്‍ മലയാള സിനിമയില്‍ പുതുമയല്ല. അങ്ങനെ സൗഹൃദത്തിന്റെ തണലില്‍ നിന്നും അഭ്രപാളിയിലെത്തുന്ന സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ്‌ ഓണ്‍ ദ വേ. സുഹൃത്തുക്കളായ ഷാനു സമദ്‌, സിജു രാഘവ്‌, രവി ചന്ദ്രന്‍ എന്നീ സുഹൃത്തുക്കള്‍ അണിയറയില്‍ ഒരുക്കുന്ന ചിത്രം ഒരു പുതിയ ദൃശ്യാനുഭവം പങ്കുവയ്‌ക്കുന്നു.

യാത്രകള്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ഓര്‍മകള്‍ ബാക്കിവയ്‌ക്കും. അതുപോലൊരു യാത്രയിലുണ്‌ടാകുന്ന സംഭവവും അതിനെതുടര്‍ന്നുണ്‌ടാകുന്ന പ്രശ്‌നങ്ങളുമാണ്‌ ഓണ്‍ ദ വേ സിനിമ പറയുന്നത്‌. ബാല്യകാല സുഹൃത്തുക്കളാണ്‌ കിഷോറും, സുധിയും, മനുവും. മലപ്പുറത്ത്‌ ഒരു മരണവീട്ടിലേക്കു പോയി തിരിച്ചുവരുമ്പോള്‍ ഇവരുടെ യാത്രയിലുണ്‌ടാകുന്ന ഒരു അപകടം മൂവരുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്നു. ഇവരുമായി യാതൊരുബന്ധവുമില്ലാത്ത ഒരാളുടെ മരണവും പിന്നീട്‌ ഈ സംഭവം ഇവരുടെ ജീവിതത്തിലുണ്‌ടാക്കുന്ന പ്രശ്‌നങ്ങള്‍, അതില്‍നിന്നു രക്ഷപ്പെടുന്നതിനായുള്ള ഇവരുടെ നെട്ടോട്ടം ഇതൊക്കെയാണ്‌ ഈ ചിത്രത്തിന്റെ ഇതിവൃത്തം. നര്‍മവും, ചടുലതയും സമം ചേരുന്ന ചിത്രം നവാഗതനായ ഷാനു സമദാണ്‌ സംവിധാനം ചെയ്യുന്നത്‌. നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷാനു പി.ജി. വിശ്വംഭരന്‍, സിദിഖ്‌ ഷമീര്‍, ഗിരീഷ്‌ വെണ്ണല, രാജേഷ്‌ കണ്ണങ്കര എന്നീ സംവിധായകരോടൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്‌ട്‌. പുതുമുഖ താരങ്ങളായ സിദ്ധാര്‍ഥ്‌ ശിവ, അനൂപ്‌ വിജയ്‌, സിജു രാഘവ്‌ എന്നിവരോടൊപ്പം ജഗദീഷ്‌, ഇര്‍ഷാദ്‌, മാമുക്കോയ, ഇന്ദ്രന്‍സ്‌, സുനില്‍ സുഖദ, ഭീമന്‍ രഘു, സന്തോഷ്‌, വിനോദ്‌ കോവൂര്‍, ലക്ഷ്‌മി ശര്‍മ്മ, പൊന്നമ്മബാബു, അംബിക മോഹന്‍, സുരഭി, ജിസ്‌മി സതീഷ്‌ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മഹാദേവ സിനിമയുടെ ബാനറില്‍ ഷാജിമോന്‍ കല്‍പ്പകഞ്ചേരി നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരകഥ, സംഭാഷണം നിര്‍വഹിക്കുന്നത്‌ സിജു രാഘവാണ്‌. ഈ ചിത്രത്തിന്റെയും കാമറമാനായി സിനിമയില്‍ തുടക്കം കുറിച്ച രവി ചന്ദ്രന്റെ ആദ്യം തിയറ്ററിലെത്തിയ ചിത്രം കാഞ്ചിയാണ്‌. മൈബോസ്‌, മെമ്മറീസ്‌ എന്നീ ചിത്രങ്ങള്‍ക്കു സംഗീതം നിര്‍വഹിച്ച സെജോ ജോണാണ്‌ ഈ ചിത്രത്തിന്റെയും സംഗീത സംവിധായകന്‍. പ്രശസ്‌ത മാപ്പിളപ്പാട്ട്‌ ഗായകനായ കണ്ണൂര്‍ ഷെരീഫ്‌ ആദ്യമായി ഈ ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക്‌ എത്തുകയാണ്‌. സന്തോഷ്‌ വര്‍മ, സിജു രാഘവ്‌ എന്നിവരാണ്‌ ഗാനരചയിതാക്കള്‍.

സിനിമയ്‌ക്കുപുറത്തെ സുഹൃത്തുക്കളായ സിജു രാഘവ്‌, രവി ചന്ദ്രന്‍, ഷാനു സമദ്‌ എന്നിവര്‍ ആദ്യമായി ഒരുമിച്ചാണ്‌ സിനിമാലോകത്തേക്ക്‌ ചുവടുവയ്‌ക്കുന്നത്‌. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കിയ ചിത്രം ഈ മാസം 21ന്‌ തിയറ്ററുകളിലെത്തും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.