Home » » ജോസ് കെ.മാണിയുടെ പത്രിക സ്വീകരിക്കുന്നത് നീട്ടി

ജോസ് കെ.മാണിയുടെ പത്രിക സ്വീകരിക്കുന്നത് നീട്ടി

Written By Unknown on Monday, 24 March 2014 | 11:00

കോട്ടയം: യു.ഡി.എഫിന്റെ കോട്ടയം സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ ജോസ് കെ.മാണിയുടെ നാമനിര്‍ദ്ദേശ  പത്രിക സ്വീകരിക്കുന്നത് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ നീട്ടിവച്ചു. സൂക്ഷ്മപരിശോധനയ്ക്കിടെ പത്രികയില്‍ കെ.എം.മാണി ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പിയും ഇടതു മുന്നണിയും നല്‍കിയ പരാതിയെ തുടര്‍ന്നാണിത്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ ജോസ് കെ.മാണിയുടെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സി.എഫ്.തോമസ് എം.എല്‍.എയുടെ പേരിലാണ്. എന്നാല്‍ ജോസ് കെ.മാണിയുടെ പത്രികയ്‌ക്കൊപ്പമുള്ള എ, ബി എന്നീ ഫോമുകളില്‍ ചെയര്‍മാന്‍ സ്ഥാനത്ത് ഒപ്പിട്ടിരിക്കുന്നത് കെ.എം.മാണിയാണ്.

മാണി ഒപ്പിട്ടതിനെതിരെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് നോബിള്‍ മാത്യു പരാതി നല്‍കിയത്. ജോസ് കെ.മാണിക്കെതിരായ പരാതി ഗൗരവതരമാണെന്ന് പറഞ്ഞ ജില്ലാ കളക്ടര്‍ അദ്ദേഹത്തോട് മാണിയാണ് ചെയര്‍മാന്‍ എന്നുള്ളതിനുള്ള രേകഖള്‍ നാളെ രാവിലെ 11 മണിയ്ക്കകം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു.

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി രജിസ്‌റ്റേര്‍ഡ് പാര്‍ട്ടിയാണോ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡപ്രകാരമാണോ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് എന്നീ കാര്യങ്ങളും വിശദീകരിക്കണം. ഇതു പരിഗണിച്ച ശേഷം ബുധനാഴ്ച 11 മണിക്ക് ജോസ് കെ.മാണിയുടെ പത്രിക സ്വീകരിക്കണോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.