Home » » 2013ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

2013ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Written By Unknown on Friday, 18 April 2014 | 22:38

തിരുവനന്തപുരം; ഫഹദ്‌ ഫാസില്‍, ലാല്‍ എന്നിവര്‍ക്ക്‌ മികച്ച നടന്മാര്‍ക്കുള്ള സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം. ആര്‍ട്ടിസ്‌റ്റിലെയും നോര്‍ത്ത്‌ 24 കാതത്തിലെയും അഭിനയത്തിനാണ്‌ ഫഹദിന്‌ പുരസ്‌കാരം ലഭിച്ചത്‌. അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലെ അഭിനയം ലാലിനും മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തു. ആര്‍ട്ടിസ്‌റ്റിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള പുരസ്‌കാരം ആന്‍ അഗസ്‌റ്റിന്‍ കരസ്‌ഥമാക്കി. ക്രൈം നമ്പര്‍ 89 ആണ്‌ മികച്ച ചിത്രം. നോര്‍ത്ത്‌ 24 കാതം മികച്ച രണ്ടാമത്തെ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്‌ എന്നീ ചിത്രങ്ങളിലെ ആഭിനയത്തിന്‌ മികച്ച ഹാസ്യനടനായി സുരാജ്‌ വെഞ്ഞാറമ്മൂട്‌ തിരഞ്ഞെടുക്കപ്പെട്ടു.
ആകെയുള്ള 36 അവാര്‍ഡുകളില്‍ 25 അവാര്‍ഡുകള്‍ ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ക്കാണ്‌ നല്‍കുന്നതെന്ന്‌ സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനും ജൂറി ചെയര്‍മാന്‍ ഭാരതിരാജയും മറ്റു ജൂറി അംഗങ്ങളും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

ആര്‍ട്ടിസ്‌റ്റിന്റെ സംവിധാനം നിര്‍വഹിച്ച ശ്യമാപ്രസാദാണ്‌ മികച്ച സംവിധായകന്‍. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി ജീത്തു ജോസഫ്‌ സംവിധാനം ചെയ്‌ത ദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു. നവാഗത സംവിധായകന്‍: കെ.ആര്‍. മനോജ്‌ (കന്യക ടാക്കീസ്‌), ബാലനടന്‍: സനൂപ്‌ സന്തോഷ്‌(ഫിലിപ്പ്‌സ്‌ ആന്‍ഡ്‌ മങ്കിപ്പെന്‍), ബാലനടി: ബേബി അനിക (അഞ്ചു സുന്ദരികള്‍), മികച്ച കുട്ടികളുടെ ചിത്രമായി ഫിലിപ്പ്‌സ്‌ ആന്‍ഡ്‌ മങ്കിപ്പെന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ സംവിധായകരായ റോജിന്‍ തോമസിനും ഷാനില്‍ മുഹമ്മിദിനും പ്രത്യേക പുരസ്‌കാരമുണ്ട്‌.

സഹനടി: ലെന (ലെഫ്‌റ്റ്‌ റൈറ്റ്‌ ലെഫ്‌റ്റ്‌). സഹനടന്‍: അശേക്‌ കുമാര്‍ (ക്രൈം നമ്പര്‍ 89), പിന്നണി ഗായകന്‍: കാര്‍ത്തിക്‌ (ജന്മാന്തരങ്ങളില്‍... (ചിത്രം: ഒറീസ), ഗായിക: വൈക്കം വിജയലക്ഷ്‌മി (ഒറ്റയ്‌ക്കു പാടുന്ന പൂങ്കുയിലേ.. (ചിത്രം: നടന്‍), കഥാകൃത്ത്‌: അനീഷ്‌ അന്‍വര്‍ (സക്കറിയയുടെ ഗര്‍ഭിണികള്‍), തിരക്കഥാകൃത്ത്‌: ബോബി, സ്‌ഞ്‌ജയ്‌ (മുംബൈ പൊലീസ്‌), ഗാനരചയിതാവിനുള്ള പുരസ്‌കാരം രണ്ടുപേര്‍ പങ്കിട്ടു, പ്രഭാവര്‍മ, മധു വാസുദേവ്‌.

സംഗീതസംവിധായകന്‍: ഔസേപ്പച്ചന്‍ (ഒറ്റയ്‌ക്കു പാടുന്ന പൂങ്കുയിലേ.. (ചിത്രം: നടന്‍). പശ്‌ചാത്തല സംഗീതം: ബിജിപാല്‍, ഛായാഗ്രഹണം: സുദീപ്‌ വാസുദേവന്‍, ചിത്രസംയോജനം: കെ. രാജഗോപാല്‍ (ഒരു ഇന്ത്യന്‍ പ്രണയകഥ), കലാസംവിധാനം: എം. ബാവ (ആമേന്‍), കളറിസ്‌റ്റ്‌: രഘുരാമന്‍ (അയാള്‍), മേക്കപ്പ്‌മാന്‍: പട്ടണം റഷീദ്‌, വസ്‌ത്രാലങ്കാരം: സിജി തോമസ്‌, ഡബ്ബിംഗ്‌: പുരുഷവിഭാഗം- അമ്പൂട്ടി, വനിതവിഭാഗം - ശ്രീജ രവി, നൃത്തസംവിധാനം: കുമാര്‍ ശാന്തി, ശബ്‌ദലേഖനം: ഹരികുമാര്‍.

സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന്റെ സംവിധാനത്തിന്‌ അനീഷ്‌ അന്‍വറിന്‌ പ്രത്യേക ജൂറി പുരസ്‌കാരം. മറ്റു ജൂറി പരാമര്‍ശങ്ങള്‍: ആലാപനം: മൃദുല വാര്യര്‍ (കളിമണ്ണ്‌), സംവിധാനം: സുരഷ്‌ ഉണ്ണിത്താന്‍, അഭിനയം: സനൂഷ സന്തോഷ്‌ (സക്കറിയയുടെ ഗര്‍ഭിണികള്‍), സംഗീത സംവിധായകന്‍: അഫ്‌സല്‍ യൂസഫ്‌ (ചിത്രം: ഇമ്മാനുവേല്‍, ഗോഡ്‌ ഫോര്‍ സെയില്‍), അഭിനയം: കലാഭവന്‍ ഷാജോണ്‍ (ദൃശ്യം).
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.