Home » » വയനാട്ടിലെ കാട്ടുതീ: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ശുപാര്‍ശ.

വയനാട്ടിലെ കാട്ടുതീ: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ശുപാര്‍ശ.

Written By Unknown on Saturday, 19 April 2014 | 04:16

തിരുവനന്തപുരം: വയനാട്ടില്‍ കാടിന് തീയിട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് വനം വകുപ്പിന്റെ ശുപാര്‍ശ. കാട്ടു തീയെക്കുറിച്ച് അന്വേഷിച്ച് വനം വിജിലന്‍സാണ് വനം വകുപ്പ് അഡിഷണല്‍ സിസിഎഫ് സി.എസ് യാലാക്കിയുടേതാണ് ശുപാര്‍ശ. 417.83 ഹെക്ടര്‍ വനഭൂമി കത്തി നശിച്ചെന്നും വനം മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് പറയുന്നു.
ഇതേസമയം വയനാട്ടിലെ കാട്ടുതീയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വനംവകുപ്പില്‍ നിന്ന് ഇതുവരെ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ മാസം 15 മുതല്‍ 20 വരെയാണ് വയനാട്ടില്‍ വന ഭൂമി കത്തിനശിച്ചത്. കാട്ടുതീ മനുഷ്യര്‍ ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും കുറ്റക്കാരെ തെളിവുകള്‍ സഹിതം നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതില്‍ വനം വകുപ്പിന് പരിമിതികളുണ്ട്.
അതിനാല്‍ തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് ഏല്‍പ്പിക്കണമെന്ന് യാലാക്കിയുടെ റിപ്പോര്‍ട്ട് പറയുന്നു. വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു വനം വിജിലന്‍സിന്റെ അന്വേഷണം. ജി.പി.എസ് വഴിയും ഫീല്‍ഡ് സര്‍വേ പ്രകാരവും നടത്തിയ അന്വേഷണത്തില്‍ 417.83 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചതായാണ് കണ്ടെത്തല്‍. വയനാട് വന്യജീവി സങ്കേതത്തില്‍പ്പെടുന്ന തോല്‍പ്പെട്ടി റേഞ്ചിലെ കൊട്ടിയൂര്‍, തൊണ്ടകാപ്പ് ആദിവാസി സെറ്റില്‍മെന്റിന് സമീപത്ത് നിന്ന് ആരംഭിച്ച കാട്ടുതീ വയനാട് നോര്‍ത്ത് ഡിവിഷനിലെ ബേഗൂര്‍ റേഞ്ച് വരെ ആളിപ്പടര്‍ന്നു. കുറ്റിക്കാടുകളും പുല്‍പ്പരപ്പുകളും പൂര്‍ണ്ണമായി കത്തി നശിച്ചു.
സംഘടിത തീവ്രവാദി ഗ്രൂപ്പുകളാണ് കാടിന് തീയിട്ടതെന്ന വാദത്തിന് ഉപോല്ബലകമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മനപ്പൂര്‍വം കാടിന് തീയിട്ടതാണെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും അതിനു പിന്നിലെ വ്യക്തികളെ തിരിച്ചറിയാനായിട്ടില്ല. ആദിവാസികള്‍ക്കോ അവരുടെ സ്വത്തു വകകള്‍ക്കോ തീപിടിത്തത്തില്‍ നാശമുണ്ടായിട്ടില്ല. ഒരു മലയണ്ണാനൊഴികെ മറ്റു വന്യ ജീവികള്‍ക്കും ആപത്തുണ്ടായതായി തെളിവില്ല. എന്നാല്‍ 18 തരം വൃക്ഷങ്ങള്‍ തീപിടിത്തത്തില്‍ കത്തി നശിച്ചു. വന്മരങ്ങളായ മരുതി, റോസ് വുഡ്, പാതിരി, താന്നി, കണിക്കൊന്ന എന്നിവയെ കാര്യമായി കാട്ടു തീ ബാധിച്ചിട്ടില്ല. ഇവ പൂര്‍ണമായി നശിച്ചോ എന്നറിയണമെങ്കില്‍ വരുന്ന മഴക്കാലം കഴിയണം. അതിനാല്‍ വീണ്ടും ഇവിടം സന്ദര്‍ശിച്ച് തെളിവെടുക്കേണ്ടതുണ്ട്. എത്രമാത്രം മരനാശമുണ്ടായി എന്നും മണ്ണിന്റെ പോഷകഗുണം എത്ര പോയെന്നും പഠിക്കാന്‍ വനഗവേഷണ കേന്ദ്രത്തെ ചുമതലപ്പെടുത്തണം. കാട്ടു തീ തടയുന്നതിന് കൂടുതല്‍ ജീവനക്കാരെ വയനാട് റെയ്ഞ്ചില്‍ നിയമിക്കണമെന്നും ഫയര്‍ പ്രൊട്ടക്ഷന്‍ സ്‌ക്വാഡ് രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.