Home » » സംസ്ഥാനത്തെ ജയിലുകളില്‍ ചപ്പാത്തി നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കുന്നു.

സംസ്ഥാനത്തെ ജയിലുകളില്‍ ചപ്പാത്തി നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കുന്നു.

Written By Unknown on Tuesday, 13 May 2014 | 01:38

കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ ചപ്പാത്തി നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കുന്നു. വിറ്റുവരവിലുണ്ടാകുന്ന വന്‍ ഇടിവും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ചപ്പാത്തി നിര്‍മാണം അവസാനിപ്പിക്കാന്‍ കാരണം. ഘട്ടം ഘട്ടമായാകും ചപ്പാത്തി നിര്‍മാണം അനസാനിപ്പിക്കുകയെന്ന് ജയില്‍വകുപ്പ് അധികൃതര്‍ അറിയിച്ചു.

കുറഞ്ഞ കാലയളവില്‍ പ്രശസ്തി നേടിയ ജയില്‍ ചപ്പാത്തിയുടെ നിര്‍മാണം നിര്‍ത്തുന്നതിനെതിരെ ജയിലിനകത്തും ജീവനക്കാര്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ചപ്പാത്തി നിര്‍മാണവും വില്‍പനയും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയാണെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. നിര്‍മാണം തുടങ്ങിയ ശേഷം ഇതുവരെ 18 കോടി വിറ്റുവരവ് നേടാനായെങ്കിലും കാര്യമായ ലാഭം ലഭിക്കുന്നില്ല.ഒന്നര വര്‍ഷത്തിനിടെ മൂന്നു കോടിയുടെ ലാഭം കിട്ടിയപ്പോള്‍ പല ജയിലുകളിലും ചപ്പാത്തി നിര്‍മ്മാണം ഭീമമായ നഷ്ടമാണ് വരുത്തി വച്ചത്.
ചപ്പാത്തി നിര്‍മ്മിക്കാനായി ജീവനക്കാരുടെയും തടവുകാരുടെയും സമയവും മറ്റും ചെലവഴിക്കാറുണ്ടെങ്കിലും ഇതിനനുസരിച്ചുള്ള ലാഭം ഇല്ല. പല ജയിലുകളിലും ചപ്പാത്തി നിര്‍മ്മാണ ചുമതലയുമായി ജീവനക്കാര്‍ പോകുമ്പോള്‍ സുരക്ഷയടക്കമുള്ള സംവിധാനങ്ങളില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഒരു മാസമായി ചപ്പാത്തി നിര്‍മാണം ഭാഗികമായാണ് നടക്കുന്നത്.വരവും ചെലവും പൊരുത്തപ്പെടാനാകാത്ത സാഹചര്യത്തില്‍ ചപ്പാത്തി നിര്‍മാണം ഘട്ടംഘട്ടമായി നിര്‍ത്തലാക്കുകയാണെന്ന് ജയില്‍ അധികൃതര്‍ സര്‍ക്കാറിനെയും അറിയിച്ചു കഴിഞ്ഞു.
പ്രധാന ജയിലുകള്‍ക്ക് പുറമെ പത്തനംതിട്ട ജയിലില്‍ പ്രത്യേക യൂനിറ്റ് സ്ഥാപിച്ചായിരുന്നു ചപ്പാത്തി നിര്‍മാണവും വില്‍പനയും. ചപ്പാത്തി യൂനിറ്റുകളെല്ലാം പല ജയിലുകളില്‍നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുമുണ്ട്. നികുതി ഇനത്തില്‍ വന്‍തുക നല്‍കേണ്ടി വരുന്നതും ഇതിനു കാരണമായി അധികൃതര്‍ പറയുന്നു. വില്‍പന നികുതിയിനത്തില്‍ ലക്ഷങ്ങള്‍ ജയിലില്‍നിന്ന് അടക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. ചപ്പാത്തി നിര്‍മാണവും വില്‍പനയുമായി ബന്ധപ്പെട്ട് കണക്കുകളില്‍ വ്യാപക വ്യത്യാസം കണ്ടത്തെിയതും ഇപ്പോള്‍ അന്വേഷണത്തിലാണ്. ഇതുവരെ ഇതിന് ഓഡിറ്റിങ് ഏര്‍പ്പെടുത്തിയിരുന്നില്ല. ഓഡിറ്റിങ്ങും മറ്റും പൂര്‍ത്തിയാക്കിയപ്പോഴാണ് നഷ്ടത്തിന്റെ കണക്ക് പുറത്തു വന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.